ബൈക്ക് പ്രേമികളുടെ ഹരമായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ നിന്നും പടിയിറങ്ങുന്നു എന്ന വാര്‍ത്തയായിരുന്നു ഇതുവരെ പുറത്തുവന്നിരുന്നത്. എന്നാല്‍ ഇന്ത്യന്‍ വിപണിയിലെ ശക്തമായ സാന്നിധ്യമായി ഹാര്‍ലി ഇവിടെ തന്നെ കാണുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിനായി ഹാര്‍ലി ഡേവിഡ്സണ്‍ ഹീറോ മോട്ടോകോര്‍പ്പുമായി ഇന്ത്യന്‍ വിപണിയിലെ വിതരണ കരാര്‍ ഒപ്പു വച്ചിരിക്കുകയാണ്. ഹീറോ മോട്ടോകോര്‍പ്പ് തന്നെയാണ് ഇക്കാര്യം ചൊവ്വാഴ്ച അറിയിച്ചത്. രാജ്യത്ത് ഹാര്‍ലി മോട്ടോര്‍സൈക്കിളുകള്‍ വില്‍പ്പനയും സര്‍വ്വീസും ഇനി ഹീറോ മോട്ടോകോര്‍പ്പാകും നടത്തുക എന്ന് കരാറില്‍ പറയുന്നു. കൂടാതെ ബൈക്കിന്റെ സ്‌പെയര്‍ പാര്‍ട്‌സ്, അനുബന്ധ ഉപകരണങ്ങള്‍, മെര്‍ക്കന്‍ഡൈസ്ഡ് റൈഡിംഗ് ഗിയറുകള്‍, വസ്ത്രങ്ങള്‍, ബ്രാന്‍ഡ് എക്‌സ്‌ക്ലൂസീവ് ഹാര്‍ലി-ഡേവിഡ്‌സണ്‍ ഡീലേഴ്‌സ് വഴിയും ഹീറോയുടെ നിലവിലുള്ള ഡീലര്‍ഷിപ്പ് ശൃംഖലയിലൂടെയും വില്‍പ്പന നടത്തും.
ഇന്ത്യയിലെ ബിസിനസ് മോഡല്‍ മാറ്റുന്നതിനായി സെപ്റ്റംബറില്‍ 'ദി റിവയര്‍' പദ്ധതി പ്രകാരം ഹാര്‍ലി പുതിയ ബിസിനസ് നടപടികള്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ വിതരണ കരാര്‍. ഹാര്‍ലി-ഡേവിഡ്‌സണ്‍ ബ്രാന്‍ഡിനെ ശക്തമായ വിതരണ ശൃംഖലയും ഹീറോ മോട്ടോകോര്‍പ്പിന്റെ ഉപഭോക്തൃ സേവനവും ഒരുമിച്ച് കൊണ്ടുവരുന്നതാകും പുതിയ കരാര്‍.
ഈ വര്‍ഷം ആദ്യം, ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാന്‍ പവന്‍ മുഞ്ജല്‍, ഹാര്‍ലി ഡേവിഡ്സണുമായി ഇന്ത്യയില്‍ പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനുമായി ഒരു കരാറിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഹാര്‍ലി-ഡേവിഡ്‌സണ്‍ ബ്രാന്‍ഡ് നാമത്തില്‍ ഹീറോ മോട്ടോകോര്‍പ്പ് നിരവധി പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കുമെന്നാണ് പുതിയ കരാര്‍ വഴി അറിയിക്കുന്നത്.
ഹീറോയുടെ എതിരാളികളായ ബാജാജിന് ട്രയംഫ് ബൈക്‌സുമായി സഹകരണമുണ്ട്. ഹോണ്ടയ്ക്ക് 300 സിസി മിഡില്‍ വെയ്റ്റ് മോട്ടോര്‍ സൈക്കിള്‍ സെഗ്മെന്റില്‍ കടക്കാന്‍ പദ്ധതിയുമുണ്ട്. ഹാര്‍ലിയുമായി ചേര്‍ന്ന് ശക്തമായ മത്സരത്തിന് തയ്യാറെടുക്കുക കൂടിയാണ് ഹീറോ.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine
Read DhanamOnline in English
Subscribe to Dhanam Magazine