Image : Hero Motocorp Website 
Auto

ഇന്ത്യയില്‍ നിര്‍മ്മിച്ച ഹാര്‍ലി-ഡേവിഡ്‌സണ്‍ ₹2.29 ലക്ഷത്തിന്; എന്‍ഫീല്‍ഡിന് വെല്ലുവിളി

ഹീറോ മോട്ടോകോര്‍പ്പുമായി ചേര്‍ന്ന് പുതിയ ഹാര്‍ലി എക്‌സ്440 പുറത്തിറക്കി

Dhanam News Desk

പ്രമുഖ അമേരിക്കന്‍ ആഡംബര മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഹാര്‍ലി-ഡേവിഡ്‌സണിന്റെ (Harley-Davidson) ഏറ്റവും കുറഞ്ഞ വിലയുള്ള ബൈക്ക് 'ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ്440' ഇന്ത്യന്‍ വിപണിയിലെത്തി. ഇന്ത്യയില്‍ നിന്ന് 2021ല്‍ നേരിട്ടുള്ള വില്‍പനയില്‍ നിന്ന് പിന്‍വാങ്ങിയ ഹാര്‍ലി, ഹീറോ മോട്ടോകോര്‍പ്പുമായി ചേര്‍ന്നാണ് എക്‌സ്440 വിപണിയിലെത്തിക്കുന്നത്.

 വില 2.29 ലക്ഷം മുതല്‍

ഹീറോയും ഹാര്‍ലിയും ചേര്‍ന്നാണ് എക്‌സ്440 വികസിപ്പിച്ചത്. ഹീറോ മോട്ടോകോര്‍പ്പായിരിക്കും ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ്440 ഇന്ത്യയില്‍ നിര്‍മ്മിക്കുക. എക്‌സ്440ന്റെ മസ്റ്റാര്‍ഡ് ഡെനിം എഡിഷന് 2.29 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. മെറ്റാലിക് ഡാര്‍ക്ക് സില്‍വറിന് 2.49 ലക്ഷം രൂപ, മെറ്റാലിക് തിക്ക് റെഡിന് 2.49 ലക്ഷം രൂപ, മെറ്റാലിക് മാറ്റ് ബ്ലാക്കിന് 2.69 ലക്ഷം രൂപ എന്നിങ്ങനെയുമാണ് വില. ബുക്കിംഗ് ആരംഭിച്ചു.

പഴമയും പുതുമയും

ഹാര്‍ലിയുടെ പഴയ തനിമയുള്ള രൂപകല്‍പന നിലനിറുത്തിത്തന്നെ, പുതിയകാല ചേരുവകളും ചേര്‍ത്താണ് എക്‌സ്440യുടെ നിര്‍മ്മാണം. 440 സി.സി ഓയില്‍-കൂള്‍ഡ് എന്‍ജിനാണുള്ളത്. ഹാര്‍ലി എക്‌സ്.ആര്‍ 1200ല്‍ നിന്ന് നിരവധി സ്റ്റൈലിംഗ് രീതികള്‍ എക്‌സ്440 കടംകൊണ്ടിട്ടുണ്ട്.

വൃത്താകൃതിയിലാണ് എല്‍.ഇ.ഡി ഹെഡ്‌ലാമ്പ്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും വൃത്താകൃതിയില്‍ ഒരുക്കിയിരിക്കുന്നു. ആകര്‍ഷകമായ ഫ്യുവല്‍ടാങ്ക്, സ്‌പോര്‍ട്ടീ ടെയ്ല്‍ഭാഗം, ഫ്‌ളാറ്റ് ഹാന്‍ഡില്‍ബാര്‍, വൃത്താകൃതിയിലെ എല്‍.ഇ.ഡി ഇന്‍ഡിക്കേറ്റര്‍, അലോയ് വീലുകള്‍ എന്നിവയും എക്‌സ്440ന്റെ രൂപകല്‍പനയെ ആകര്‍ഷകമാക്കുന്നുണ്ട്. 

എന്‍ഫീല്‍ഡിന് വെല്ലുവിളി

ഏകദേശം ഒന്നരലക്ഷം രൂപ വിലയുള്ള ക്ലാസിക് 350 മുതല്‍ 3.84 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) വിലയുള്ള മെറ്റീയര്‍ 650 വരെയുള്ള മോഡലുകളാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ശ്രേണിയിലുള്ളത്. 2.29 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില മുതല്‍ ഹാര്‍ലിയുടെ ബൈക്ക് ലഭ്യമാകുമെന്നത് വിപണിയില്‍ എന്‍ഫീല്‍ഡിന് വെല്ലുവിളിയായേക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT