Auto

ഒറ്റചാര്‍ജില്‍ 100 കിലോമീറ്റര്‍, ഇന്ത്യന്‍ നിരത്തിനായി ഹീറോ വിദയുടെ പുതിയ ഇവൂട്ടര്‍ എത്തി

ഇവൂട്ടര്‍ വിഎക്‌സ്2 ഗോ 3.4 കിലോവാട്ടിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില 1.02 ലക്ഷം രൂപയാണ്

Dhanam News Desk

ഇലക്ട്രിക് വാഹനവിപണിയില്‍ പുതിയൊരു ചുവടുവയ്പുമായി ഹീറോ മോട്ടോകോര്‍പ്. ഇലക്ട്രിക് വാഹന വിഭാഗമായ വിദയില്‍ നിന്നുള്ള പുതിയ വാഹനമായ ഇവൂട്ടര്‍ വിഎക്‌സ്2 ഗോ 3.4 കിലോവാട്ട് വേരിയന്റ് വിപണിയില്‍ എത്തി. വിദയ്ക്ക് കീഴിലെ ഇലക്ട്രിക് വാഹന പോര്‍ട്ട്‌ഫോളിയോ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മോഡല്‍ അവതരിപ്പിച്ചത്. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് വാഹനം പുറത്തിറക്കിയത്.

കാര്യക്ഷമതയ്ക്കും ഉപയോഗിക്കാനുള്ള എളുപ്പത്തിനും പ്രാധാന്യം നല്‍കുന്ന ഇന്ത്യന്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് വിഡ ഇവൂട്ടര്‍ വിഎക്‌സ്2 ഡോ 3.4 കിലോവാട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒറ്റചാര്‍ജില്‍ 100 കിലോമീറ്റര്‍ ഓടാന്‍ വാഹനത്തിന് സാധിക്കും. 26 എന്‍എം ടോര്‍ക്ക് പ്രദാനം ചെയ്യുന്ന 6 കിലോവാട്ട് മോട്ടറാണ് സ്‌കൂട്ടറിന്റെ കരുത്ത്. ഇത് മികച്ച ആക്‌സലറേഷനും പെട്ടെന്നുള്ള മൂവ്‌മെന്റും സാധ്യമാക്കുന്നു. ഇക്കോ, റൈഡ് മോഡലുകളിലേക്ക് അനായാസം മാറാനും ഇത് വഴി സാധിക്കും. മണിക്കൂറില്‍ 70 കിലോമീറ്റര്‍ ആണ് വേഗം.

ഫ്‌ളാറ്റായ ഫ്‌ളോര്‍ബോര്‍ഡ്, 27.2 ലിറ്റര്‍ വരുന്ന അണ്ടര്‍ സീറ്റ് സ്‌റ്റോറേജ്, വലിപ്പമേറിയ സീറ്റുകള്‍ എന്നിവയാണ് ഇതിന്റെ സവിശേഷത. ഒറ്റയ്ക്കുള്ള യാത്രകള്‍ക്കും കുടുംബയാത്രകള്‍ക്കും ഇണങ്ങും ഇത്. ഇവി ഓണര്‍ഷിപ്പ് എളുപ്പത്തിലാക്കാനായി ബാറ്ററി ആസ് എ സര്‍വീസ് (BasS) മോഡലാണ് വിദ ഇതിലും തുടരുന്നത്, അതായത് ബാറ്ററി വാങ്ങാതെ തന്നെ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ സാധിക്കും. ഭാവിയിലെ ചെലവുകള്‍ കുറയ്ക്കാനും ഇതു വഴി സാധിക്കും.

ഇവൂട്ടര്‍ വിഎക്‌സ്2 ഗോ 3.4 കിലോവാട്ടിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില 1.02 ലക്ഷം രൂപയാണ്. BasS പ്ലാന്‍ നിരക്ക് 60,000 രൂപ മുതല്‍ തുടങ്ങുന്നു. കിലോമീറ്ററിന് 0.90 രൂപ എന്ന രീതിയിലാണ് നിരക്ക്. കമ്പനിക്ക് 4,600 ചാര്‍ജിംഗ് പോയിന്റുകളും 700ലധികം സര്‍വീസ് ടച്ച് പോയിന്റുകളുമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT