ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ ഏറ്റവും പുതിയ ഇലക്ട്രിക് എസ്.യു.വിയുടെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ച് ഹോണ്ട മോട്ടോര്‍ കമ്പനി. ഹോണ്ട സീറോ ആല്‍ഫ (Honda 0 Alpha) എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ ഹോണ്ടയുടെ സീറോ സീരീസ് ഇ.വികളിലെ ആദ്യ വാഹനമാണ്. സീറോ ആല്‍ഫ ഇന്ത്യന്‍, ജാപ്പനീസ് വിപണികളില്‍ 2027ല്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി പറയുന്നത്. ഇറക്കുമതി ചെയ്യുന്നതിന് പകരം ഇന്ത്യയിലാകും മോഡലിന്റെ ഉത്പാദനം നടക്കുന്നത്.
ഇക്കൊല്ലം നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ അവതരിപ്പിച്ച സീറോ എസ്.യു.വിയുടെ ഡിസൈന്‍ എലമെന്റുകളാണ് പുതിയ വാഹനത്തിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എന്നാല്‍ വലിപ്പം കുറഞ്ഞിട്ടുണ്ട്. വാഹനത്തിന്റെ ഉയരത്തില്‍ കാര്യമായ മാറ്റം വരുത്തിയെങ്കിലും ഗ്രൗണ്ട് ക്ലിയറന്‍സില്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറായിട്ടില്ലെന്നും കമ്പനി പറയുന്നു. ക്യാബിന്റെ കനം കുറച്ചെങ്കിലും യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങളെല്ലാം ആല്‍ഫ എസ്.യു.വില്‍ ഉണ്ടെന്നും ഹോണ്ട പറയുന്നു.
ഹോണ്ടയുടെ മറ്റേതോ മോഡലിനെ അനുസ്മരിപ്പിക്കുന്ന ബോണറ്റില്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ മനോഹരമായി ക്രമീകരിച്ചിട്ടുണ്ട്. ബോണറ്റിന് മുകളിലുള്ള എല്‍.ഇ.ഡി സ്ട്രിപ്പുകള്‍ വാഹനത്തിന് ആധുനിക ലുക്ക് നല്‍കുന്നുണ്ട്. മുന്നിലെ ഗ്രില്ലിലാണ് ഇല്യൂമിനേറ്റഡ് ഹോണ്ട ലോഗോയും ചാര്‍ജിംഗ് പോര്‍ട്ടും നല്‍കിയിരിക്കുന്നത്. കനം കൂടിയ ബോഡി ക്ലാഡിംഗും പുറത്തേക്ക് തള്ളിനില്‍ക്കുന്ന വീല്‍ ആര്‍ച്ചുകളും 19 ഇഞ്ച് 5 സ്‌പോക്ക് അലോയ് വീലുകളും കിടിലന്‍ എസ്.യു.വി ലുക്ക് നല്‍കുന്നവയാണ്. പിന്‍വശത്തെ ഡിസൈന്‍ എലമെന്റുകള്‍ വാഹനത്തിന്റെ എസ്.യു.വി ലുക്ക് പോകാതെ തന്നെ നല്‍കാനും ഹോണ്ട ശ്രദ്ധിച്ചിട്ടുണ്ട്. ഇംഗ്ലീഷ് അക്ഷരമാലയിലെ യു ആകൃതിയിലാണ് എല്‍.ഇ.ഡി ടെയില്‍ ലൈറ്റുകള്‍ നല്‍കിയിരിക്കുന്നത്.
ഇന്റീരിയര്‍ ഡിസൈനില്‍ അതിവിശാലമായതും സാങ്കേതിക വിദ്യയില്‍ അധിഷ്ട്ഠിതവുമായ പല സര്‍പ്രൈസുകളുമുണ്ടെന്നും ഹോണ്ട പറയുന്നു. ഹോണ്ടയുടെ മിനിമലിസ്റ്റിക് തിന്‍ പാക്കേജിംഗ് ഫിലോസഫിയിലാണ് ഡിസൈന്‍. എന്നാല്‍ ഇന്റീരിയറിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കമ്പനി തയ്യാറായിട്ടില്ല. വിപണിയിലെത്തുമ്പോള്‍ ആധുനിക കണക്ടിവിറ്റി ഓപ്ഷനുകളും നിരവധി സുരക്ഷാ ഫീച്ചറുകളും ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്.
വിപണിയിലെത്തിയാല്‍ മാരുതി സുസുക്കിയുടെ ഇ-വിറ്റാരക്ക് കനത്ത മത്സരമൊരുക്കാന്‍ സീറോ ആല്‍ഫക്കാകും. കൂടാതെ മഹീന്ദ്ര ബി.ഇ, എം.ജി ഇസഡ്.എസ് ഇ.വി, ഹ്യൂണ്ടായ് ക്രെറ്റ ഇലക്ട്രിക്ക്, ടാറ്റ കര്‍വ് ഇ.വി എന്നിവക്കും കനത്ത ഭീഷണിയാകുമെന്നാണ് കരുതുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine