ഹോണ്ട ഇന്ത്യയുടെ പുതിയ വിപുലീകരണ പദ്ധതിയിലൂടെ നിലവിലെ 60 ലക്ഷം യൂണിറ്റ് വാർഷിക ഉത്പാദന ശേഷി 80 ലക്ഷമായി ഉയരും. താപുകര പ്ലാന്റിലെ മൂന്നാം യൂണിറ്റ് 2028ൽ പ്രവർത്തനസജ്ജമാകുമ്പോൾ പ്ലാന്റിന്റെ ശേഷി 20.1 ലക്ഷം യൂണിറ്റാകും. ജപ്പാൻ, യൂറോപ്പ് ഉൾപ്പെടെ 65 രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 3.6 ലക്ഷത്തിൽ നിന്ന് 6.2 ലക്ഷമായി ഉയർന്ന സാഹചര്യത്തിൽ കൂടുതൽ വാഹനങ്ങൾ ഇന്ത്യയിൽ നിന്ന് ആഗോള വിപണിയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
ആഗോള വാഹന നിര്‍മാണരംഗത്ത് ഇന്ത്യയിലെ സാധ്യതകള്‍ മുതലെടുക്കാന്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. 2028ഓടെ രാജ്യത്തെ വാര്‍ഷിക ഉത്പാദന ശേഷി 80 ലക്ഷം യൂണിറ്റായി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ വിപുലീകരണത്തിലൂടെ ഇന്ത്യയില്‍ 3,800-ലധികം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് ഹോണ്ട ഇന്ത്യ പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒട്ടാനി വ്യക്തമാക്കി.
ഹോണ്ടയുടെ ആഗോള നിര്‍മാണ-കയറ്റുമതി തന്ത്രങ്ങളില്‍ ഇന്ത്യയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. ആഭ്യന്തര വിപണിയിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം രാജ്യാന്തര വിപണികളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കാനും പുതിയ ഉത്പാദന ശേഷി സഹായിക്കുമെന്ന് ഒട്ടാനി പറഞ്ഞു. താരതമ്യേന കുറഞ്ഞ ഉത്പാദന ചെലവുള്ള ഇന്ത്യയില്‍ നിന്ന് ആഗോള വിപണിയിലേക്ക് കൂടുതല്‍ വാഹനങ്ങള്‍ എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
ഇന്ത്യയില്‍ നിന്നുള്ള വാഹന കയറ്റുമതിയില്‍ ഓരോ വര്‍ഷം ചെല്ലുന്തോറും വലിയ വളര്‍ച്ചയാണ് ഹോണ്ട നേടുന്നത്. 2024 സാമ്പത്തികവര്‍ഷം കയറ്റുമതി 3.6 ലക്ഷമായിരുന്നത് 2026 സാമ്പത്തികവര്‍ഷം എത്തിയപ്പോള്‍ 6.2 ലക്ഷമായി ഉയര്‍ന്നു. 2025ല്‍ ഇത് 5.1 ലക്ഷം യൂണിറ്റുകളായിരുന്നു.
നിലവില്‍ ജപ്പാന്‍, യൂറോപ്പ് ഉള്‍പ്പെടെ 65 രാജ്യങ്ങളിലേക്ക് ഹോണ്ട ഇന്ത്യയില്‍ നിന്ന് വാഹനങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി കയറ്റുമതിയില്‍ മികച്ച വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തുന്നത്. കൂടുതല്‍ വാഹനങ്ങള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുകയാണ് കമ്പനിയുടെ ലക്ഷ്യം.
നിലവില്‍ ഹരിയാന (മനേസര്‍), രാജസ്ഥാന്‍ (താപുകര), കര്‍ണാടക (നരസാപുര), ഗുജറാത്ത് (വിത്തലാപൂര്‍) എന്നീ നാല് പ്ലാന്റുകളിലായി ഹോണ്ടയ്ക്ക് 60 ലക്ഷത്തിലധികം യൂണിറ്റുകളുടെ വാര്‍ഷിക ഉത്പാദന ശേഷിയുണ്ട്.
രാജസ്ഥാന്‍ താപുകരയില്‍ ഏകദേശം 1,500 കോടി രൂപയുടെ നിക്ഷേപത്തോടെ മൂന്നാമത് ഉത്പാദന യൂണിറ്റ് ഇവിടെ സ്ഥാപിക്കും. 2028ല്‍ ഇത് പ്രവര്‍ത്തനസജ്ജമാകുന്നതോടെ പ്ലാന്റിന്റെ വാര്‍ഷിക ശേഷി 20.1 ലക്ഷം യൂണിറ്റായി ഉയരും.
ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ ഹീറോ മോട്ടോകോര്‍പ്പിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ് ഹോണ്ട. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് വില്പനയാണ് കമ്പനി ഇന്ത്യയില്‍ നടത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. മൊത്തം വാര്‍ഷിക വില്പന 63.69 ലക്ഷം യൂണിറ്റുകളായിരുന്നു. ആഭ്യന്തര വിപണിയില്‍ 57,49,275 യൂണിറ്റുകളും വിദേശകയറ്റുമതി 6,20,229 യൂണിറ്റുകളുമായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine