ഹൈഡ്രജന്‍ ബസുകള്‍ കേരളത്തില്‍ ഓടുക രണ്ട് റൂട്ടുകളില്‍. സംസ്ഥാനത്ത് തിരുവനന്തപുരം-കൊച്ചി, കൊച്ചി-എടപ്പാള്‍ റൂട്ടുകളിലാണ് ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾ സർവീസ് നടത്തുക. ദേശീയ ഹരിത ഹൈഡ്രജൻ മിഷന്റെ ഭാഗമായി ബസുകളിലും ട്രക്കുകളിലും ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്നതിനുളള അഞ്ച് പൈലറ്റ് പദ്ധതികള്‍ക്കാണ് കേന്ദ്ര പുനരുപയോഗ ഊര്‍ജ മന്ത്രാലയം അംഗീകാരം നല്‍കിയിരിക്കുന്നത്.
അടുത്ത ഒന്നര, രണ്ട് വര്‍ഷത്തിനുള്ളിൽ ഈ പൈലറ്റ് പദ്ധതികൾ കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ ഈ സാങ്കേതികവിദ്യകളുടെ വ്യാപനത്തിന് ഇത് വഴിയൊരുക്കുമെന്നാണ് വിലയിരുത്തുന്നത്.
ഗ്രേറ്റർ നോയിഡ - ഡൽഹി - ആഗ്ര, ഭുവനേശ്വർ - കൊണാർക്ക് - പുരി, അഹമ്മദാബാദ് - വഡോദര - സൂററ്റ്, സാഹിബാബാദ് - ഫരീദാബാദ് - ഡൽഹി, പൂനെ - മുംബൈ, ജംഷഡ്പൂർ - കലിംഗ നഗർ, തിരുവനന്തപുരം - കൊച്ചി, കൊച്ചി - എടപ്പാള്‍, ജാംനഗർ - അഹമ്മദാബാദ്, എൻഎച്ച് -16 വിശാഖപട്ടണം - ബയ്യാവാരം എന്നിങ്ങനെ ഇന്ത്യയിലെ 10 റൂട്ടുകളിലാണ് ഈ വാഹനങ്ങൾ ഓടുക.
ടാറ്റ മോട്ടോഴ്‌സ്, റിലയൻസ് ഇൻഡസ്ട്രീസ്, എൻടിപിസി, അനർട്ട്, അശോക് ലെയ്‌ലാൻഡ്, എച്ച്‌പിസിഎൽ, ബിപിസിഎൽ, ഐഒസിഎൽ തുടങ്ങിയ കമ്പനികളാണ് ഈ പൈലറ്റ് പദ്ധതികള്‍ നടപ്പാക്കുക. 208 കോടി രൂപ സാമ്പത്തിക സഹായമാണ് കേന്ദ്രം ഈ പദ്ധതികള്‍ക്ക് നല്‍കുന്നത്.
സൗരോർജം, കാറ്റാടി ഊർജം പോലുള്ള പുനരുപയോഗ ഊർജ സ്രോതസുകൾ ഉപയോഗിച്ച് വെള്ളം വിഭജിച്ച് നിർമ്മിക്കുന്ന ഇന്ധനത്തെയാണ് ഗ്രീൻ ഹൈഡ്രജൻ എന്നു പറയുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം തീരെ ഇല്ലാത്ത ഇന്ധനമാണ് ഇത്. ഏറ്റവും പരിസ്ഥിതി സൗഹാര്‍ദമായ ഈ ഇന്ധനം വ്യാപകമാക്കുന്നതിലൂടെ അന്തരീക്ഷ മലനീകരണം ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് വലിയ തോതില്‍ കുറയ്ക്കാനും ഈ നടപടി സഹായിക്കും.
നാഷണല്‍ ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ഘട്ടം ഘട്ടമായി വാഹനങ്ങളില്‍ ഇന്ധനമായി ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കുന്നതിനെ പിന്തുണയ്ക്കുക എന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine