മിഡ് സൈസ് എസ്‌യുവി വിപണിയില്‍ മല്‍സരം കടുപ്പിക്കാന്‍ ഹ്യൂണ്ടായ് ബയോണ്‍ (Hyundai Bayon) ഇന്ത്യയില്‍ അവതരിപ്പിച്ചു. 10 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ചെന്നൈ പ്ലാന്റിലാണ് ഈ മോഡല്‍ നിര്‍മിച്ചിരിക്കുന്നത്.
കയറ്റുമതി കൂടി ലക്ഷ്യമിട്ട് ഇടത്-വലത് ഡ്രൈവ് മോഡലുകളിലാണ് നിര്‍മിച്ചിരിക്കുന്നത്. 50ലേറെ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് ഈ മോഡല്‍ കയറ്റുമതി ചെയ്യും.
കിയ സെല്‍റ്റോസ്, ടാറ്റ സിയറ, മാരുതി സുസുക്കി വിക്ടോറിസ് തുടങ്ങിയ മോഡലുകളുമായി മത്സരിക്കുന്ന ബയോണിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
സാങ്കേതികവിദ്യയ്ക്ക് പ്രാധാന്യം നല്‍കിയാണ് ബയോണിന്റെ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. 12.3 ഇഞ്ച് വലുപ്പമുള്ള രണ്ട് ഡിസ്പ്ലേകളാണ് ഡാഷ്ബോര്‍ഡിലെ പ്രധാന ആകര്‍ഷണം. ഒന്ന് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററായും മറ്റൊന്ന് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീനായും പ്രവര്‍ത്തിക്കും.
ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അധിഷ്ഠിത വോയ്സ് അസിസ്റ്റന്റും വാഹനത്തിലുണ്ട്. യാത്രയ്ക്കിടെ സാധാരണ സംഭാഷണത്തിലൂടെ തന്നെ വിവരങ്ങള്‍ അറിയാനും വിവിധ സേവനങ്ങള്‍ ഉപയോഗിക്കാനും ഇതിലൂടെ സാധിക്കും.
വെന്റിലേറ്റഡ് മുന്‍സീറ്റുകള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ബോസ് സൗണ്ട് സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സണ്‍റൂഫ്, പിന്നിലെ യാത്രക്കാര്‍ക്ക് പ്രത്യേക എസി വെന്റുകള്‍ എന്നിവയും പ്രധാന സൗകര്യങ്ങളാണ്.
ഓട്ടോമാറ്റിക് പതിപ്പിന് ലിറ്ററിന് 18.6 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. ഓവര്‍ടേക്കിംഗ് സമയത്ത് കൂടുതല്‍ വേഗത്തില്‍ പ്രതികരിക്കാന്‍ സഹായിക്കുന്ന ഡാഷ് ബൂസ്റ്റ് മോഡും ഐവിടി പതിപ്പിലുണ്ട്.
2027 ജനുവരിയില്‍ ബയോണിന്റെ സിഎന്‍ജി പതിപ്പും വിപണിയിലെത്തിക്കാനാണ് ഹ്യുണ്ടായിയുടെ പദ്ധതി. ഇതോടെ ഇന്ത്യയില്‍ ഹ്യുണ്ടായിയുടെ ആദ്യ സിഎന്‍ജി മിഡ്സൈസ് എസ്‌യുവിയായി ബയോണ്‍ മാറും.
Read DhanamOnline in English
Subscribe to Dhanam Magazine