ഇന്ത്യൻ കോംപാക്റ്റ് എസ്യുവി വിപണിയിലെ ടാറ്റ നെക്സോണിന്റെ ആധിപത്യത്തിന് കടിഞ്ഞാണിടാൻ ഒരുങ്ങി ദക്ഷിണ കൊറിയൻ വാഹന ഭീമന്മാരായ ഹ്യൂണ്ടായി. നെക്സോണിന്റെ എതിരാളിയായി ഏറെ നാളുകളായി വിപണി ഉറ്റുനോക്കുന്ന പുതിയ കോംപാക്റ്റ് ഇലക്ട്രിക് എസ്യുവിയുടെ ലോഞ്ച് തീയതി സംബന്ധിച്ച ഔദ്യോഗിക സൂചനകൾ പുറത്തുവന്നു. അടുത്ത വർഷം ആദ്യ പാദത്തിൽ തന്നെ വാഹനം വിപണിയിലെത്തുമെന്നാണ് ഓട്ടോ കാര് ഇന്ത്യ റിപ്പോര്ട്ട് ചെയ്യുന്നത്. 2030-ഓടെ രാജ്യത്ത് 26 പുതിയ മോഡലുകൾ അവതരിപ്പിക്കാനുള്ള ഹ്യൂണ്ടായിയുടെ വൻകിട പദ്ധതിയുടെ ഭാഗമായാണ് ഈ ഇവി എത്തുന്നത്.
വില മത്സരക്ഷമത ഉറപ്പാക്കുന്നതിനായി ഈ എസ്യുവി പൂർണ്ണമായും ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്ന രീതിയിലാണ് (Heavy Localisation) ഹ്യൂണ്ടായി പ്ലാൻ ചെയ്തിരിക്കുന്നത്. പെട്രോൾ, ഡീസൽ കാറുകളുടെ ഇലക്ട്രിക് രൂപമാറ്റത്തിന് പകരം ഗ്രൗണ്ട്-അപ്പ് ഇവി (Ground-up EV) പ്ലാറ്റ്ഫോമിലാണ് വാഹനം ഒരുങ്ങുന്നത്. ഇത് കാറിനുള്ളിൽ കൂടുതൽ വിശാലമായ ക്യാബിൻ ഇടം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണ ഓട്ടത്തിനിടയിൽ കണ്ടെത്തിയ ടെസ്റ്റ് മ്യൂവുകളിൽ എഡിഎസ് (ADAS) ഫീച്ചറും പുതിയ 'പ്ലിയോസ് കണക്ട്' (Pleos Connect) ഇൻഫോടെയ്ൻമെന്റ് സ്ക്രീനും സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ പ്രീമിയം ഫീച്ചറുകളും വാഹനത്തിലുണ്ടാകും.
വാഹനത്തിന്റെ പവർട്രെയിൻ വിവരങ്ങൾ കമ്പനി പൂർണ്ണമായി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, കിയ സിറോസ് ഇവിയുടെ (Kia Syros EV) സാങ്കേതികവിദ്യയായിരിക്കും ഇതിലും ഉപയോഗിക്കുകയെന്നാണ് സൂചന. 42 kWh, 51 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പക്ക് ഓപ്ഷനുകൾ ഇതിൽ പ്രതീക്ഷിക്കാം. ബാറ്ററി പാക്കിന് ലൈഫ് ടൈം വാറന്റി നൽകാനും ഹ്യൂണ്ടായി പദ്ധതിയിടുന്നുണ്ട്. അതിവേഗ ചാർജിംഗിനെ പിന്തുണയ്ക്കുന്ന വാഹനത്തിന് 60 kW-ൽ അധികം ഡിസി ഫാസ്റ്റ് ചാർജിംഗ് ശേഷിയുണ്ടായേക്കാം. അടുത്തിടെ 120 kW ഡിസി ഫാസ്റ്റ് ചാർജറിന് സമീപം ഈ ടെസ്റ്റ് കാർ പ്രത്യക്ഷപ്പെട്ടിരുന്നു.
12 ലക്ഷം രൂപ മുതൽ 17.5 ലക്ഷം രൂപ വരെയായിരിക്കും (എൻ-റോഡ്, മുംബൈ) ഈ കോംപാക്റ്റ് ഇവിയുടെ പ്രതീക്ഷിക്കുന്ന വില. വിലയും ആധുനിക ഫീച്ചറുകളും ഒത്തുചേരുമ്പോൾ ടാറ്റ നെക്സോൺ ഇവിക്ക് വിപണിയിൽ കടുത്ത മത്സരമായിരിക്കും ഹ്യൂണ്ടായിയുടെ ഈ പുതിയ വാഹനം സമ്മാനിക്കുക.
Hyundai is gearing up to launch its dedicated compact electric SUV in India in the first quarter of next year to challenge the dominance of the Tata Nexon EV.
Read DhanamOnline in English
Subscribe to Dhanam Magazine