canva
Auto

50 വര്‍ഷം പഴക്കമുള്ള വിന്റേജ് കാറുകളും ഇനി ഇറക്കുമതി ചെയ്യാം! നിയമം മാറ്റി കേന്ദ്രം, എത്ര നികുതി കൊടുക്കണം?

തീരുമാനം വാഹന ലോകത്ത് പുതിയ അവസരങ്ങള്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ട്

Dhanam News Desk

വിന്റേജ്, ക്ലാസിക് വാഹന പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. വിദേശ നിര്‍മിത ക്ലാസിക് വാഹനങ്ങള്‍ ഇന്ത്യയിലെത്തിക്കാനുള്ള ഇറക്കുമതി നയത്തില്‍ മാറ്റം. നേരത്തെ 1950ന് മുമ്പ് നിര്‍മിച്ച വാഹനങ്ങളേ ഈ ഗണത്തില്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ 50 വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള വാഹനങ്ങളും ഇന്ത്യയിലെത്തിക്കാം. അതായത് 1975ന് മുമ്പ് വരെ നിര്‍മിച്ച വാഹനങ്ങള്‍ 2025ല്‍ ഇന്ത്യയിലെത്തിക്കാം. വാഹനം ആദ്യമായി രജിസ്‌ട്രേഷന്‍ ചെയ്തത് മുതലുള്ള കാലയളവാണ് പരിഗണിക്കുക. ഇതിലൂടെ മെഴ്‌സിഡസ് ബെന്‍സ്, ജാഗ്വാര്‍, പോര്‍ഷെ തുടങ്ങിയ കമ്പനികളുടെ കിടിലന്‍ മോഡലുകള്‍ മുതല്‍ അമേരിക്കന്‍ മസില്‍ കാറുകള്‍ വരെ കൂടുതലായി ഇന്ത്യയിലെത്തുമെന്നാണ് വാഹന ലോകം പ്രതീക്ഷിക്കുന്നത്.

എത്ര കൊടുക്കണം

ഇംപോര്‍ട്ട് ലൈസന്‍സില്ലാതെ ഇത്തരം ക്ലാസിക്ക് കാറുകള്‍ ഇറക്കുമതി ചെയ്യാമെന്നതാണ് പ്രത്യേകത. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ഡ്യൂട്ടികളും ഫീസുകളും ഈ വാഹനങ്ങള്‍ക്കും ബാധകമാണ്. ഇന്‍വോയിസിലുള്ള വിലയുടെ 250 ശതമാനം വരെയാണ് കസ്റ്റംസ് ഡ്യൂട്ടി, ജി.എസ്.ടി, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവക്ക് വേണ്ടി അടക്കേണ്ടി വരുന്നത്. ഇത്തരത്തില്‍ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ മറ്റൊരാള്‍ക്ക് വില്‍ക്കാനോ കൈമാറാനോ പാടില്ല. സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി വ്യക്തികള്‍ക്ക് മാത്രമാണ് ഈ സേവനം ഉപയോഗിക്കാന്‍ കഴിയുകയെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വ്യക്തമാക്കുന്നു. പൊതുനിരത്തില്‍ ഇറക്കുന്ന വാഹനങ്ങള്‍ 1988ലെ മോട്ടോര്‍ വാഹന നിയമവും 1989ലെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളും പാലിച്ചിരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

വാഹനലോകത്തിന് പുതിയ അവസരം

ക്ലാസിക്ക്, വിന്റേജ് കാറുകള്‍ വാങ്ങി സൂക്ഷിക്കുന്നത് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഹോബികളിലൊന്നാണ്. എന്നാല്‍ കര്‍ശനമായ ഇറക്കുമതി നിയമം മൂലം ഇന്ത്യന്‍ വിപണിയില്‍ ആവശ്യമായ ക്ലാസിക് കാറുകള്‍ കിട്ടാനില്ലെന്നാണ് വാഹന പ്രേമികള്‍ പറയുന്നത്. പുതിയ നിയമം പ്രാവര്‍ത്തികമാകുന്നതോടെ കൂടുതല്‍ വിദേശ നിര്‍മിത വാഹനങ്ങള്‍ ഇന്ത്യയിലെത്തും. ഇത് വാഹന ലോകത്ത് പുതിയ അവസരങ്ങള്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാജ്യത്തെ ആഫ്ടര്‍ മാര്‍ക്കറ്റ്, കാര്‍ റിസ്റ്റോറേഷന്‍ വിപണിയില്‍ നിരവധി തൊഴിലവസരങ്ങളും സംരംഭ സാധ്യതയും ഉണ്ടാകും. എഞ്ചിന്‍ അഴിച്ചുപണി, അപ്‌ഹോള്‍സറി റിസ്‌റ്റോറേഷന്‍, ക്ലാസിക് കാര്‍ ഡിറ്റെയിലിംഗ് തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ വര്‍ക്ക്‌ഷോപ്പുകള്‍ രാജ്യത്ത് തുറന്നേക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

15 വര്‍ഷം പഴക്കമുള്ള യാത്രാ വാഹനങ്ങള്‍ പൊളിക്കണമെന്നാണ് നിലവിലെ ഇന്ത്യയിലെ നിയമം പറയുന്നത്. 50 വര്‍ഷത്തിലധികം പഴക്കമുള്ള വിദേശ വാഹനങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT