canva
Auto

ദിവസവും 1.3 ലക്ഷം വണ്ടികള്‍! ഒക്ടോബര്‍ വില്‍പ്പന മാലപ്പടക്കം പോലെ; ജി.എസ്.ടി മാത്രമല്ല, വിപണി ഡിമാന്‍ഡില്‍ ട്രെന്‍ഡ് മാറ്റം

യാത്രാ വാഹനങ്ങളില്‍ മാരുതിയും ഇരുചക്ര വാഹനങ്ങളില്‍ ഹീറോയും ഒന്നാമത്

Dhanam News Desk

ഒക്ടോബറില്‍ ഇന്ത്യയില്‍ വില്‍പ്പന നടന്നത് 40.2 ലക്ഷം വാഹനങ്ങളെന്ന് കണക്ക്. അതായത് പ്രതിദിന ശരാശരി വില്‍പ്പന 1.3 ലക്ഷത്തോളം. മുന്‍ വര്‍ഷത്തേക്കാള്‍ 40.5 ശതമാനം വര്‍ധന. 2024 ഒക്ടോബറില്‍ നിരത്തിലെത്തിയത് 28.7 ലക്ഷം വാഹനങ്ങളായിരുന്നെന്നും വാഹന ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (ഫാഡ) കണക്ക്. അടുത്തിടെ നടപ്പിലാക്കിയ ജി.എസ്.ടി പരിഷ്‌ക്കാരവും 42 ദിവസം നീണ്ടുനിന്ന ഉത്സവസീസണും ഗ്രാമീണ മേഖലയില്‍ നിന്നുണ്ടായ ഉയര്‍ന്ന ഡിമാന്‍ഡുമാണ് മികച്ച വില്‍പ്പനയിലേക്ക് നയിച്ചതെന്നും ഫാഡ ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

യാത്രാവാഹനങ്ങളുടെ വില്‍പ്പന ഇതാദ്യമായി അഞ്ച് ലക്ഷം കടക്കുന്നതിനും ഒക്ടോബര്‍ സാക്ഷിയായി. 5.57 ലക്ഷം യൂണിറ്റുകളാണ് ഇക്കുറി വിറ്റത്. മുന്‍വര്‍ഷത്തേക്കാള്‍ 11 ശതമാനം വര്‍ധന. ഇരുചക്ര വാഹനങ്ങളുടെ കാര്യത്തിലും ചരിത്ര നേട്ടം സ്വന്തമാക്കാന്‍ ഒക്ടോബറില്‍ കഴിഞ്ഞു. മുന്‍ വര്‍ഷത്തേക്കാള്‍ 52 ശതമാനം വര്‍ധനയോടെ 31.5 ലക്ഷം യൂണിറ്റുകളാണ് നിരത്തിലെത്തിയത്. തൊട്ടുമുന്‍ വര്‍ഷം ഇത് 21 ലക്ഷം യൂണിറ്റുകളായിരുന്നു. ഈ രണ്ട് വിഭാഗങ്ങളിലെ മുന്നേറ്റമാണ് മൊത്ത വാഹന വില്‍പ്പന കണക്കുകളില്‍ പ്രതിഫലിച്ചതെന്നാണ് വിലയിരുത്തല്‍.

വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയും ഒക്ടോബറില്‍ ടോപ് ഗിയറിലായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 18 ശതമാനമാണ് വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന ഉയര്‍ന്നത്. അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപം, ചരക്കുനീക്കം എന്നിവ വര്‍ധിച്ചതാണ് കാരണം. മൂന്ന് ചക്ര വാഹനങ്ങളുടെ വില്‍പ്പന അഞ്ച് ശതമാനം വര്‍ധിച്ചു. ട്രാക്ടറുകളുടെ വില്‍പ്പനയില്‍ 14 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. അതേസമയം, കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റുകളുടെ വില്‍പ്പന മുന്‍വര്‍ഷത്തേക്കാള്‍ 30 ശതമാനം കുറഞ്ഞതായും കണക്കുകള്‍ പറയുന്നു. പല പ്രോജക്ടുകളും വൈകിയതും വായ്പാ ചട്ടങ്ങള്‍ കടുപ്പിച്ചതുമാണ് കാരണം.

ജി.എസ്.ടി മാത്രമല്ല

വാഹന മേഖലയിലെ ഡിമാന്‍ഡ് തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ നടപ്പിലാക്കിയ ജി.എസ്.ടി പരിഷ്‌ക്കാരം ഗുണം ചെയ്‌തെന്നാണ് ഫാഡ ഭാരവാഹികള്‍ പറയുന്നത്. ചെറിയ കാറുകളുടെ നികുതി കുറഞ്ഞതോടെ ആദ്യമായി കാര്‍ വാങ്ങുന്നവര്‍ക്ക് എളുപ്പമായി. ഇതിനൊപ്പം രാജ്യത്ത് ഉത്സവ സീസണും കൂടി എത്തിയതോടെ പല ഡീലര്‍മാര്‍ക്കും വില്‍പ്പനയില്ലാതെ കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ എണ്ണം കുറക്കാനും കഴിഞ്ഞു. ഇതിനൊപ്പം മികച്ച മണ്‍സൂണും വിളകള്‍ക്ക് മികച്ച വിലയും ലഭിച്ചതോടെ ഗ്രാമങ്ങളിലെ ഡിമാന്‍ഡും വര്‍ധിച്ചു. നഗരങ്ങളേക്കാള്‍ മൂന്ന് മടങ്ങ് വേഗത്തിലാണ് ഗ്രാമങ്ങളില്‍ യാത്രാ വാഹനങ്ങളുടെ വില്‍പ്പന നടന്നത്. ഇരുചക്ര വാഹനങ്ങളിലെ ഡിമാന്‍ഡും ഇരട്ടിയായി. ഇന്ത്യന്‍ വാഹന വിപണിയിലെ ഡിമാന്‍ഡ് മാറ്റത്തിന്റെ സൂചനയാണിതെന്ന് ഫാഡ പ്രസിഡന്റ് സി.എസ് വിഗ്നേശ്വര്‍ പറയുന്നു.

ഒരേയൊരു മാരുതി

ഒക്ടോബര്‍ മാസത്തിലും മാരുതി തന്നെയാണ് വിപണിയിലെ ഒന്നാമന്‍. 18 ശതമാനം വര്‍ധനയോടെ 2.39 ലക്ഷം യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. തൊട്ടുപിന്നിലുള്ള ടാറ്റ മോട്ടോര്‍സ് 75,352 യൂണിറ്റുകള്‍ മാത്രമാണ് വിറ്റതെന്ന് കൂടി ഓര്‍ക്കണം. 67,918 യൂണിറ്റുകള്‍ വിറ്റ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് മൂന്നാം സ്ഥാനത്ത്. എന്നാല്‍ ഒരു കാലത്ത് വിപണിയിലെ രണ്ടാമനായിരുന്ന ഹ്യൂണ്ടായ് മോട്ടോര്‍സിന്റെ വില്‍പ്പനയില്‍ ഏഴ് ശതമാനം കുറവുണ്ടായി. 65,442 യൂണിറ്റുകളാണ് കഴിഞ്ഞ മാസം കമ്പനി വിറ്റത്.

ഒന്നാമന്‍ ഹീറോ

ഇരുചക്ര വാഹന വിപണിയില്‍ ടോപ്പ് എത്തിയത് ഹീറോ മോട്ടോര്‍ കോര്‍പ്പാണ്. ഏതാണ്ട് പത്ത് ലക്ഷത്തോളം വാഹനങ്ങളാണ് ഹീറോ ഷോറൂമുകളില്‍ നിന്ന് പുറത്തിറങ്ങിയത്. കൃത്യമായി പറഞ്ഞാല്‍ 9,94,787 യൂണിറ്റുകള്‍. മുന്‍വര്‍ഷത്തേക്കാള്‍ 72 ശതമാനം വര്‍ധന. തൊട്ടുപിന്നില്‍ 8,21,976 യൂണിറ്റുകളുമായി ഹോണ്ടയുമുണ്ട്. 5,58,075 യൂണിറ്റുകള്‍ വിറ്റ ടി.വി.എസ് മോട്ടോറാണ് മൂന്നാം സ്ഥാനത്തെന്നും കണക്കുകള്‍ പറയുന്നു.

India’s auto industry races ahead — October sales hit a record high, powered by festive demand and the impact of GST reforms

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT