രാജ്യത്ത് ഇലക്ട്രിക് കാര്‍ വിപണി വന്‍കുതിപ്പില്‍. ഇന്ധനവില കുതിച്ചുയര്‍ന്നതും ഇ-20 പെട്രോളിനെപ്പറ്റിയുള്ള ആശങ്കകളും വില്പനയ്ക്ക് വേഗംകൂട്ടി. 2026 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ രാജ്യത്ത് 2,12,191 ഇലക്ട്രിക് കാറുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2025ലെ മുഴുവന്‍ വര്‍ഷത്തെ വില്‍പനയെ മറികടക്കുന്നതാണ് എട്ടു മാസത്തെ ഈ കണക്കെന്ന് വാഹന്‍ (Vahan) ഡാറ്റ വ്യക്തമാക്കുന്നു.
2025ല്‍ രാജ്യത്ത് ആകെ 1,95,802 ഇലക്ട്രിക് കാറുകളായിരുന്നു രജിസ്റ്റര്‍ ചെയ്തത്. ഇതിനെ അപേക്ഷിച്ച് 2026ലെ ആദ്യ എട്ടു മാസത്തിനുള്ളില്‍ തന്നെ രജിസ്ട്രേഷന്‍ 8.4 ശതമാനം വര്‍ധിച്ചു.
രാജ്യത്തെ മൊത്തം പാസഞ്ചര്‍ വാഹന വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ പങ്കും ഗണ്യമായി ഉയര്‍ന്നു. 2025ല്‍ 4.3 ശതമാനമായിരുന്ന ഇവി വിപണി വിഹിതം 2026 ജനുവരി-ഓഗസ്റ്റ് കാലയളവില്‍ 6.2 ശതമാനമായി. ഇക്കാലയളവില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത മൊത്തം പാസഞ്ചര്‍ വാഹനങ്ങളുടെ എണ്ണം ഏകദേശം 34.2 ലക്ഷമാണ്.
വിവിധ വിലനിലവാരങ്ങളില്‍ കൂടുതല്‍ മോഡലുകള്‍ വിപണിയിലെത്തിയതാണ് ഇലക്ട്രിക് കാറുകളുടെ സ്വീകാര്യത വര്‍ധിക്കാന്‍ പ്രധാന കാരണം. ടാറ്റ മോട്ടോഴ്സും മഹീന്ദ്രയും ഇവി മോഡല്‍ നിര വിപുലീകരിച്ചതും മാരുതി സുസുക്കി വിപണിയില്‍ പ്രവേശിച്ചതും വളര്‍ച്ചയ്ക്ക് കരുത്തായി. വിന്‍ഫാസ്റ്റ് പോലുള്ള വിദേശ കമ്പനികളുടെ വരവും മത്സരം ശക്തമാക്കി.
ഇവി കാര്‍ വിപണിയില്‍ ടാറ്റ തന്നൊണ് മുന്നില്‍. 83,254 രജിസ്ട്രേഷനുകളാണ് ഇക്കാലയളവില്‍ ടാറ്റയുടേതായുള്ളത്. കമ്പനിയുടെ വിപണി വിഹിതം 39.2 ശതമാനമാണ്. ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നുണ്ടെങ്കിലും പുതിയ മോഡലുകളുമായി എതിരാളികള്‍ കളംനിറയുന്നത് ടാറ്റയ്ക്ക് കടുത്ത മത്സരം സൃഷ്ടിക്കുന്നുണ്ട്.
48,771 വാഹനങ്ങളുമായി മഹീന്ദ്ര ഇലക്ട്രിക് രണ്ടാം സ്ഥാനത്താണ്. ഏകദേശം 23 ശതമാനമാണ് കമ്പനിയുടെ വിപണി വിഹിതം. 42,359 രജിസ്ട്രേഷനുകളും ഏകദേശം 20 ശതമാനം വിപണി വിഹിതവുമായി ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി.
മറ്റ് കമ്പനികളുടെ രജിസ്ട്രേഷന്‍ കണക്കുകള്‍
മാരുതി സുസുക്കി: 9,345
വിന്‍ഫാസ്റ്റ്: 9,329
ബിവൈഡി: 4,740
ഹ്യുണ്ടായ്: 4,028
കിയ: 3,863
പ്രീമിയം ഇലക്ട്രിക് കാര്‍ വിഭാഗത്തില്‍ 3,053 രജിസ്ട്രേഷനുകളുമായി ബിഎംഡബ്ല്യു മുന്നിലാണ്. മെഴ്‌സിഡസ് ബെന്‍സ് 1,156 വാഹനങ്ങളും ടെസ്ല 449 വാഹനങ്ങളും രജിസ്റ്റര്‍ ചെയ്തു.
Read DhanamOnline in English
Subscribe to Dhanam Magazine