ഇന്ത്യന് വാഹന വിപണിയില് ഇലക്ട്രിക് കാറുകളുടെ കുതിപ്പ് തുടരുന്നു. 2026-27 സാമ്പത്തിക വര്ഷത്തിന്റെ ആദ്യ ആറുമാസത്തില് ഇലക്ട്രിക് പാസഞ്ചര് വാഹനങ്ങളുടെ റീട്ടെയില് വില്പനയില് 89 ശതമാനത്തിന്റെ വന് വര്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവില് 1,92,012 ഇവി കാറുകളാണ് നിരത്തിലിറങ്ങിയത്. മുന് വര്ഷം സമാന കാലയളവിലെ 1,01,398 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള് 89 ശതമാനമാണ് വര്ധന.
ഇലക്ട്രിക് കാറുകള്, എസ്യുവികള്, എംപിവികള് എന്നിവയാണ് ഈ കണക്കില് ഉള്പ്പെടുന്നത്. സെപ്റ്റംബറില് മാത്രം 36,904 വാഹനങ്ങള് വിറ്റഴിച്ചതോടെ പ്രതിമാസ വില്പന പുതിയ ഉയരത്തിലെത്തി. ജൂലൈ-സെപ്റ്റംബര് പാദത്തില് 1,04,009 യൂണിറ്റായിരുന്നു വില്പന. മുന് വര്ഷത്തെ രണ്ടാം പാദത്തേക്കാള് 84 ശതമാനം കൂടുതലാണിത്.
ഇലക്ട്രിക് പാസഞ്ചര് വാഹന വിപണിയില് ടാറ്റ മോട്ടോഴ്സ് ഒന്നാം സ്ഥാനം നിലനിര്ത്തി. ആദ്യ ആറുമാസത്തില് കമ്പനി 76,745 ഇലക്ട്രിക് കാറുകളും എസ്യുവികളും വിറ്റു. മുന് വര്ഷത്തെ അപേക്ഷിച്ച് 103 ശതമാനം വളര്ച്ചയാണ് രേഖപ്പെടുത്തിയത്. ടാറ്റയുടെ വിപണി വിഹിതം 37 ശതമാനത്തില് നിന്ന് 40 ശതമാനമായി ഉയര്ന്നു. വ്യത്യസ്തമാര്ന്ന നിരവധി മോഡലുകള് നിരത്തിലിറക്കാന് സാധിച്ചതാണ് ടാറ്റയ്ക്ക് ഗുണംചെയ്യുന്നത്.
മഹീന്ദ്ര 44,051 ഇലക്ട്രിക് എസ്യുവികള് നിരത്തിലിറക്കി രണ്ടാം സ്ഥാനത്തെത്തി. വാര്ഷികാടിസ്ഥാനത്തില് 103 ശതമാനം വളര്ച്ച രേഖപ്പെടുത്തി. വിപണി വിഹിതം 21 ശതമാനത്തില് നിന്ന് 23 ശതമാനമായി ഉയര്ന്നു. ടാറ്റ മോട്ടോഴ്സും മഹീന്ദ്രയും ചേര്ന്ന് ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചര് വാഹന വിപണിയുടെ 63 ശതമാനമാണ് കൈവശം വയ്ക്കുന്നത്.
ജെഎസ് ഡബ്ല്യു എംജി മോട്ടോര് ഇന്ത്യ 33,456 യൂണിറ്റുകളുമായി വില്പനയില് മൂന്നാം സ്ഥാനത്താണ്. വില്പന 12 ശതമാനം വര്ധിച്ചെങ്കിലും കമ്പനിയുടെ വിപണി വിഹിതം മുന് വര്ഷത്തെ 29 ശതമാനത്തില് നിന്ന് 17 ശതമാനമായി കുറഞ്ഞു.
ഇന്ത്യയിലെ ആഡംബര ഇലക്ട്രിക് കാര്, എസ്യുവി വിപണിയിലും വില്പന ഉയരുകയാണ്. ഒമ്പത് നിര്മാതാക്കള് ചേര്ന്ന് ആദ്യ ആറുമാസത്തില് 4,423 ആഡംബര ഇവി കാറുകള് വിറ്റു. മുന് വര്ഷത്തേക്കാള് 63 ശതമാനം കൂടുതലാണിത്. 2,452 യൂണിറ്റുകളുമായി ബിഎംഡബ്ല്യു ആണ് ഈ വിഭാഗത്തില് മുന്നില്. മേഴ്സിഡസ് ബെന്സ് 1,019 യൂണിറ്റുകളുമായി രണ്ടാം സ്ഥാനത്താണ്.
നിലവിലെ മുന്നേറ്റം തുടരാനായാല് 2026-27 സാമ്പത്തിക വര്ഷത്തില് ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചര് വാഹന വില്പന ആദ്യമായി നാല് ലക്ഷം യൂണിറ്റ് കടക്കാന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്.
Read DhanamOnline in English
Subscribe to Dhanam Magazine