നവംബറിലെ വാഹന വില്‍പ്പന വര്‍ധിച്ചതായി കണക്കുകള്‍. പ്രമുഖ കമ്പനികള്‍ക്കെല്ലാം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നവംബറില്‍ വില്‍പ്പന കൂടിയിട്ടുണ്ട്. വാഹനങ്ങളുടെ ജി.എസ്.ടി കുറച്ചതും ഡിമാന്‍ഡ് വര്‍ധിച്ചതുമാണ് കാരണമെന്നാണ് വിലയിരുത്തല്‍. സെപ്റ്റംബര്‍ 22ന് നടപ്പിലാക്കിയ ജി.എസ്.ടി ഇളവിന് പിന്നാലെ ഒക്‌ടോബറിലും വാഹന കമ്പനികള്‍ മികച്ച വില്‍പ്പന രേഖപ്പെടുത്തിയിരുന്നു.
2024നേക്കാള്‍ 26 ശതമാനം വര്‍ധിച്ച് 2.29 ലക്ഷം യൂണിറ്റ് കാറുകളാണ് മാരുതി സുസുക്കി ഷോറൂമുകളില്‍ നിന്ന് നിരത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം 1.82 യൂണിറ്റുകളാണ് കമ്പനിക്ക് നവംബറില്‍ വില്‍ക്കാന്‍ സാധിച്ചത്. ഇതില്‍ 1.53 ലക്ഷം യൂണിറ്റുകളാണ് പ്രാദേശിക വിപണിയില്‍ വിറ്റത്. ബാക്കി കയറ്റുമതിയാണ്. ഈ രണ്ട് ഇനത്തിലും മാരുതിക്ക് പ്രകടനം മെച്ചപ്പെടുത്താന്‍ കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബറിലെ ചില്ലറ വില്‍പ്പന 31 ശതമാനവും ബുക്കിംഗ് 21 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. ഇത് വിപണിയില്‍ ഡിമാന്‍ഡ് നിലനില്‍ക്കുന്നതിന്റെ സൂചനയാണെന്ന് മാരുതി വിശദീകരിക്കുന്നു.
ഓള്‍ട്ടോ, എസ് പ്രെസോ തുടങ്ങിയ എന്‍ട്രി ലെവല്‍ കാറുകളുടെ വില്‍പ്പന 27 ശതമാനം വര്‍ധിച്ചതാണ് ഇക്കൂട്ടത്തിലെ ശ്രദ്ധേയമായ കണക്ക്. ഏറെക്കാലമായി ഡിമാന്‍ഡ് ഇല്ലാതിരുന്ന എന്‍ട്രി ലെവല്‍ കാറുകള്‍ക്ക് ജി.എസ്.ടി ഇളവോടെ പുതു ജീവന്‍ ലഭിച്ചുവെന്ന് വേണം കരുതാന്‍. എന്നുവെച്ചാല്‍ രാജ്യത്ത് ആദ്യമായി കാറ് വാങ്ങുന്നവരുടെയും ഇരുചക്ര വാഹനത്തില്‍ നിന്ന് കാറിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നവരുടെയും എണ്ണം വര്‍ധിച്ചിട്ടുണ്ടാകുമെന്നും വിദഗ്ധര്‍ പറയുന്നു.
നവംബറില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 19 ശതമാനം വര്‍ധനയോടെ 92,670 യൂണിറ്റുകള്‍ വിറ്റെന്നാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ റിപ്പോര്‍ട്ട്. യാത്രാവാഹനങ്ങളുടെ വിഭാഗത്തില്‍ 56,336 യൂണിറ്റുകളാണ് മഹീന്ദ്ര പ്രാദേശിക വിപണിയില്‍ വിറ്റത്. 24,843 യൂണിറ്റ് വാണിജ്യ വാഹനങ്ങള്‍ ഈ കാലയളവില്‍ വിറ്റതായും കണക്കുകള്‍ പറയുന്നു. കമ്പനിയുടെ കാര്‍ഷിക ഉപകരണങ്ങള്‍ വില്‍ക്കുന്ന വിഭാഗം 42,273 ട്രാക്ടറുകളാണ് നിരത്തിലെത്തിച്ചത്. മുന്‍വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 33 ശതമാനം വര്‍ധനയാണിത്.
നവംബറില്‍ 59,199 യൂണിറ്റുകള്‍ വിറ്റതായാണ് ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സിന്റെ കണക്ക്. തൊട്ടുമുന്‍വര്‍ഷത്തെ നവംബറിലെ 47,117 യൂണിറ്റുകളേക്കാള്‍ 25.66 ശതമാനം വര്‍ധനയുണ്ട്. രാജ്യത്തെ വില്‍പ്പനയും കയറ്റുമതിയും ചേര്‍ത്തുള്ള കണക്കാണിത്. ഇ.വികള്‍ ഉള്‍പ്പെടെ 57,436 യൂണിറ്റുകളാണ് ടാറ്റ രാജ്യത്ത് വിറ്റത്. കൊറിയന്‍ വാഹന നിര്‍മാതാവായ ഹ്യൂണ്ടായ് മോട്ടോര്‍സും മികച്ച വില്‍പ്പനയാണ് നവംബറില്‍ നടത്തിയത്. 9 ശതമാനം വര്‍ധനയോടെ 66,840 യൂണിറ്റുകള്‍ കമ്പനി നിരത്തിലെത്തിച്ചു. ഇതില്‍ 16,500 യൂണിറ്റുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതാണെന്നും ഹ്യൂണ്ടായ് മോട്ടോര്‍സ് അറിയിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine