image credit : canva 
Auto

വാഹനവിപണിക്ക് കഷ്ടകാലം! നിരാശപ്പെടുത്തി ചേട്ടന്മാരുടെ വില്പന, പിടിച്ചു നിര്‍ത്തിയത് രണ്ട് അനിയന്മാര്‍

ഒരുകാലത്ത് ഇന്ത്യക്കാരുടെ ഹരമായിരുന്ന എന്‍ട്രി ലെവല്‍ കാറുകളുടെ പ്രസക്തി നഷ്ടപ്പെടാന്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണിയും കാരണമായി

Dhanam News Desk

നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യപകുതിയിലെ യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഇന്ത്യന്‍ വാഹന വിപണിക്ക് നിരാശ. അടുത്ത പകുതിയില്‍ ഉത്സവ സീസണിന്റെ ബലത്തില്‍ വിപണി കരകയറുമെന്ന് പ്രതീക്ഷിക്കുന്നതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് ശതമാനത്തില്‍ താഴെ വളര്‍ച്ച നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ 5-8 ശതമാനം വരെ വളര്‍ച്ച നേടുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ മേയ്, ജൂണ്‍ മാസങ്ങളിലെ വില്‍പ്പന വിപണിയെ താഴോട്ടടിച്ചെന്നും അദ്ദേഹം പറഞ്ഞു. ടാറ്റ മോട്ടോഴ്‌സിന്റെ പി.വി ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ വിഭാഗത്തിന്റെ എം.ഡി കൂടിയാണ് ശൈലേഷ്.

ആദ്യപകുതിയില്‍ ഫാക്ടറികളില്‍ നിന്നും ഷോറൂമുകളിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണത്തിലും വര്‍ധനയുണ്ടായെന്നും ശൈലേഷ് പറയുന്നു. വില്‍പ്പന കുറയാനുള്ള കാരണങ്ങളിലൊന്ന് ഇതാണ്. കഴിഞ്ഞ വര്‍ഷം നല്ല ഡിമാന്‍ഡ് ഉണ്ടായിരുന്നതിനാല്‍ 4.2 കോടി യൂണിറ്റുകള്‍ വില്‍ക്കാന്‍ കഴിഞ്ഞു. ഇത്തവണ ജി.ഡി.പി വളര്‍ച്ചാ നിരക്കിന് തുല്യമായ സംയോജിത വളര്‍ച്ചാ നിരക്ക് (സി.എ.ജി.ആര്‍) നേടാനാകുമെന്നാണ് കരുതിയത്. എന്നാല്‍ അതുണ്ടായില്ല. ഒക്ടോബറിലെ ആദ്യ ദിവസങ്ങളില്‍ ഷോറൂമുകളിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നുണ്ടെന്നും സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പകുതിയില്‍ മികച്ച വില്‍പ്പന നേടാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വിപണിയെ രക്ഷിച്ചത് ടൂ, ത്രീ വീലര്‍ വാഹനങ്ങള്‍

അതേസമയം, യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ തിരിച്ചടിയുണ്ടായെങ്കിലും വിപണിയെ പിടിച്ചു നിര്‍ത്തിയത് ടൂ, ത്രീ വീലര്‍ വാഹനങ്ങളാണ്. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന 4.7 ശതമാനം കൂടി. ഗ്രാമീണ മേഖലയില്‍ ഡിമാന്‍ഡ് വര്‍ധിച്ചതിനെ തുടര്‍ന്ന് മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പനയും 4.9 ശതമാനം കൂടി. എന്നാല്‍ പാസഞ്ചര്‍ വാഹനങ്ങളുടെ (പി.വി) വില്‍പ്പന 5.1 ശതമാനവും വാണിജ്യ വാഹനങ്ങളുടേത് 3.8 ശതമാനവും കുറഞ്ഞു. വില്‍ക്കാനാകാതെ ഷോറൂമുകളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ എണ്ണം കൂടിയതും ഉപയോക്താക്കളുടെ താത്പര്യങ്ങളില്‍ വന്ന മാറ്റവുമാണ് വില്‍പ്പന കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഉത്തരേന്ത്യയിലെ പിതൃപക്ഷ ആചരണം, പൊതുതിരഞ്ഞെടുപ്പ്, പ്രതികൂല കാലാവസ്ഥ തുടങ്ങിയ ഘടകങ്ങളും തിരിച്ചടിയായി.

ഒരുകാലത്ത് ഇന്ത്യക്കാരുടെ ഹരമായിരുന്ന എന്‍ട്രി ലെവല്‍ കാറുകളുടെ പ്രസക്തി നഷ്ടപ്പെടാന്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണിയും കാരണമായെന്ന വിലയിരുത്തലിലാണ് സിയാം. ഒരു കാലത്ത് ഇന്ത്യന്‍ വാഹന വിപണിയെ വളര്‍ച്ചയിലേക്ക് നയിച്ച ചെറു കാറുകളുടെ ശ്രേണി കോവിഡ് മഹാമാരിക്ക് ശേഷം മുരടിച്ചു. എന്നാല്‍ ഇതേകാലയളവില്‍ യൂസ്ഡ് കാര്‍ വിപണി കാര്യമായി വളര്‍ന്നു. കഴിഞ്ഞ വര്‍ഷം 50 ലക്ഷത്തോളം വാഹനങ്ങള്‍ യൂസ്ഡ് കാര്‍ വിപണിയില്‍ കൈമാറ്റം ചെയ്യപ്പെട്ടെന്നാണ് ഏകദേശ കണക്ക്. പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി, മഹീന്ദ്ര, ഫോക്‌സ് വാഗണ്‍ എന്നിവരും പ്രാദേശിക കമ്പനികളും യൂസ്ഡ് കാര്‍ വിപണിയില്‍ ശ്രദ്ധയൂന്നിയതും മികച്ച വായ്പാ സൗകര്യമൊരുക്കിയതും ഈ മേഖലയ്ക്ക് നേട്ടമായി. 4.5-5 ലക്ഷം രൂപയ്ക്ക് മികച്ച സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ കമ്പനി സര്‍വീസോടെ ലഭിക്കാന്‍ തുടങ്ങിയതോടെ അതേ വിലയ്ക്ക് ലഭ്യമായിരുന്ന എന്‍ട്രി ലെവല്‍ വാഹനങ്ങളുടെ വിപണിയെ കാര്യമായി ബാധിച്ചു. ഈ മാന്ദ്യം ഇന്ത്യന്‍ വാഹന വിപണിയെ മൊത്തത്തില്‍ സ്വാധീനിക്കാന്‍ കഴിഞ്ഞെന്നും സിയാം വിലയിരുത്തുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT