കേന്ദ്രസര്‍ക്കാരിന്റെ മലിനീകരണ നിയന്ത്രണ ചട്ടമായ കോര്‍പറേറ്റ് ആവറേജ് ഫ്യുവല്‍ എഫിഷ്യന്‍സി 3 (കഫേ3)യെക്കുറിച്ചുള്ള ആശങ്കകളാണ് ഇപ്പോള്‍ വാഹന ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. വാഹനങ്ങള്‍ പുറംതള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ (Co2) അളവ് കുറക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ചട്ടങ്ങള്‍. എന്നാല്‍ തീരുമാനം ചെറുകാറുകളുടെ സുരക്ഷയെ സാരമായി ബാധിക്കുമെന്നാണ് വാഹന നിര്‍മാതാക്കളുടെ വാദം. ഇക്കാര്യത്തില്‍ അറിയേണ്ടതെല്ലാം...
വാഹനങ്ങളുടെ ഇന്ധനക്ഷമത വര്‍ധിപ്പിച്ച് അതുവഴി കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാന്‍ ലക്ഷ്യമിട്ട് ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി (BEE)യാണ് കഫേ ചട്ടങ്ങള്‍ നടപ്പിലാക്കുന്നത്. ഇതിന്റെ മൂന്നാം ഘട്ടം 2027 മുതല്‍ 2032 വരെയുള്ള വര്‍ഷങ്ങളില്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കാനാണ് ധാരണ. വാഹനങ്ങളുടെ ഇന്ധനക്ഷമ കൂട്ടുമ്പോള്‍ കാര്‍ബണ്‍ ബഹിര്‍ഗമനവും ക്രൂഡ് ഓയില്‍ ഇറക്കുമതിയും കുറക്കാമെന്നാണ് സര്‍ക്കാര്‍ ധാരണ. ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി തയ്യാറാക്കിയ ചട്ടങ്ങള്‍ ഊര്‍ജ്ജ മന്ത്രാലയമാണ് പുറത്തിറക്കിയത്. കേന്ദ്രറോഡ് ഗതാഗത മന്ത്രാലയമാണ് ചട്ടങ്ങളുടെ പരിശോധന നടത്തുന്നത്.
2001ലെ ഉര്‍ജ്ജ സംരക്ഷണ നിയമം അനുസരിച്ച് 2017 മുതലാണ് കഫേ ചട്ടങ്ങള്‍ ഇന്ത്യയില്‍ നടപ്പിലാക്കിയത്. ഇതനുസരിച്ച് ഫ്‌ളീറ്റ് ആവറേജ് ഫ്യൂവല്‍ എഫിഷ്യന്‍സി 100 കിലോമീറ്ററിന് 5.5 ലിറ്ററായി നിശ്ചയിച്ചിരുന്നു. കാര്‍ബണ്‍ ബഹിര്‍ഗമന തോത് കിലോമീറ്ററിന് 130 കിലോഗ്രാം ആയിരുന്നു. 2022ല്‍ ഈ ചട്ടങ്ങള്‍ വീണ്ടും പരിഷ്‌ക്കരിച്ച് കഫേ 2 നടപ്പിലാക്കി. ഇതനുസരിച്ച് ഫ്‌ളീറ്റ് ആവറേജ് ഫ്യൂവല്‍ എഫിഷ്യന്‍സി ഓരോ 100 കിലോമീറ്ററിനും 4.7 ലിറ്ററും കാര്‍ബണ്‍ ബഹിര്‍ഗമന തോത് കിലോമീറ്ററിന് 113 കിലോമീറ്ററുമായിരുന്നു. കഫേ 3 അനുസരിച്ചുള്ള ഫ്‌ളീറ്റ് ആവറേജ് ഫ്യൂവല്‍ എഫിഷ്യന്‍സി 100 കിലോമീറ്ററിന് 3.73 ലിറ്ററാണ്. അല്ലെങ്കില്‍ വാഹനം 100 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശരാശരി 3.73 ലിറ്റര്‍ ഇന്ധനമേ ഉപയോഗിക്കാവൂ. ലിറ്ററിന് ശരാശരി 26.8 കിലോമീറ്ററോളം ഇന്ധനക്ഷമത ലഭിക്കണമെന്ന് സാരം.
ഓരോ കിലോമീറ്റര്‍ സഞ്ചരിക്കുമ്പോഴും വാഹനം പുറത്തുവിടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ ഗ്രാമിലുള്ള അളവാണ് എമിഷന്‍ കണ്ടെത്താന്‍ ഉപയോഗിക്കുന്നത്. ഓരോ കാറിലും പ്രത്യേകമായി ഇത് പരിശോധിക്കുന്നതിന് പകരം കമ്പനി ഒരു വര്‍ഷത്തില്‍ വിറ്റ കാറുകളുടെ ശരാശരിയാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. ഓരോ മോഡലുകളുടെയും പ്രതിവര്‍ഷ വില്‍പ്പന അനുസരിച്ച് കമ്പനിയുടെ ശരാശരി കാര്‍ ഭാരം (Average car weight) കണക്കാക്കുകയാണ് ആദ്യഘട്ടം. ഈ ഭാരത്തിന് അനുസരിച്ചാണ് കാര്‍ബണ്‍ ബഹിര്‍ഗമന തോത് നിശ്ചയിക്കുന്നത്. കമ്പനിയുടെ ശരാശരി കാര്‍ബണ്‍ ബഹിര്‍ഗമന തോത് സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ കുറഞ്ഞു നിന്നാല്‍ മാത്രമേ ഈ ടെസ്റ്റ് വിജയിക്കൂ. ഇ.വി, ഹൈബ്രിഡ് മോഡലുകള്‍ വില്‍ക്കുന്നതിലൂടെ അധിക പോയിന്റുകള്‍ ലഭിക്കുകയും ചെയ്യും.
തങ്ങളുടെ മോഡലുകള്‍ പുറത്തുവിടുന്ന ശരാശരി കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് പുതിയ ചട്ടമനുസരിച്ച് ഓരോ വാഹന നിര്‍മാതാവിനും നിശ്ചയിക്കും. ഇത് കമ്പനികള്‍ നിര്‍മിക്കുന്ന മോഡലുകളെയും ബാധിക്കുമെന്നാണ് കരുതുന്നത്. ഉദാഹരണത്തിന് ഏതെങ്കിലും ഒരു മോഡല്‍ കമ്പനിയുടെ ആകെ കാര്‍ബണ്‍ ബഹിര്‍മന അളവ് വര്‍ധിപ്പിക്കുന്നുവെന്ന് കരുതുക. കമ്പനിക്ക് ആ മോഡലിനെ പിന്‍വലിക്കുകയോ റീഡിസൈന്‍ ചെയ്യുകയേ വഴിയുള്ളൂ. ഇത് കമ്പനികളുടെ പ്രവര്‍ത്തന ചെലവ് വര്‍ധിപ്പിക്കുമെന്നാണ് ആശങ്ക. സ്വാഭാവികമായും ഈ ചെലവ് ഉപയോക്താവിലേക്ക് എത്തുന്നതോടെ വാഹനങ്ങളുടെ വില വര്‍ധിക്കാനും ഇടയുണ്ട്.
താരതമ്യേന കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനം നടത്തുന്ന ചെറുകാറുകള്‍ക്കും കഫേ3 ചട്ടങ്ങള്‍ ബാധകമാക്കുന്നതില്‍ കമ്പനികള്‍ കടുത്ത എതിര്‍പ്പിലാണ്. ചെറുകാറുകള്‍ക്കും ഈ ചട്ടം നടപ്പിലാക്കിയാല്‍ ഇവയുടെ വില വര്‍ധിക്കുമെന്നും വില്‍പ്പന കുറയുമെന്നുമാണ് കമ്പനികള്‍ പറയുന്നത്. പതിയെ ചെറുകാറുകളുടെ വില്‍പ്പന നിറുത്തി പൂര്‍ണമായും വലിയ വാഹനങ്ങളിലേക്ക് കമ്പനികള്‍ ശ്രദ്ധിക്കാനും ഇതുവഴി കാരണമാകുമെന്നാണ് ആശങ്ക.
909 കിലോ ഭാരമുള്ള, 1,200 സിസി എഞ്ചിന്‍ ശേഷിയുള്ള 4 മീറ്ററില്‍ താഴെ നീളമുള്ള പെട്രോള്‍ കാറുകളുടെ മലിനീകരണ നിലവാ രത്തില്‍ കിലോമീറ്ററിന് 3 ഗ്രാമിന്റെ അധിക ഇളവ് നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നവംബര്‍ 7ന് നടന്ന സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സിന്റെ(സിയാം) സിഇഒ കൗണ്‍സില്‍ യോഗത്തിലും ഇത് തര്‍ക്കത്തിന് കാരണമായി. യോഗത്തില്‍ പങ്കെടുത്ത 19 വാഹന നിര്‍മ്മാതാക്കളില്‍ 15 പേരും ചെറിയ കാറുകള്‍ക്ക് ഭാരം അടിസ്ഥാനമാക്കി നല്‍കുന്ന ഇളവിനെതിരെ വോട്ട് ചെയ്തു. മാരുതി സുസുക്കിയും റെനോയും അനുകൂലമായി വോട്ട് ചെയ്തപ്പോള്‍, ബി.എം.ഡബ്ല്യു, ഹോണ്ട, ഹ്യുണ്ടായ്, ഇസുസു, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഉള്‍പ്പെടെയുള്ള മറ്റ് 15 കമ്പനികള്‍ എതിര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine