image credit : Hyudai , Maruti Suzuki , Mahindra 
Auto

കൊറിയന്‍ കമ്പനികള്‍ക്ക് ആഭ്യന്തര കാര്‍ വിപണിയില്‍ അടിപതറുന്നു, ആധിപത്യവുമായി ഇന്ത്യന്‍ കമ്പനികള്‍

ഹ്യുണ്ടായിയും കിയയും പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കേണ്ടിവരും

Dhanam News Desk

ഇന്ത്യന്‍ വിപണിയില്‍ കൊറിയൻ ബ്രാൻഡുകളുടെ വിഹിതത്തിൽ ഗണ്യമായ ഇടിവ്. ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതേസമയം കൊറിയൻ ബ്രാൻഡുകളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, കിയ ഇന്ത്യ തുടങ്ങിയവയ്ക്ക് വില്‍പ്പനയില്‍ ഇടിവ് നേരിട്ടു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ സ്ഥിതി നേരെ വിപരീതമായിരുന്നു. 2022 സാമ്പത്തിക വർഷത്തിൽ കൊറിയൻ കമ്പനികളുടെ വിഹിതം 21.77 ശതമാനം (6,68,287 യൂണിറ്റുകൾ) ആയിരുന്നെങ്കില്‍ ഇന്ത്യൻ വിഹിതം 19.51 ശതമാനം (5,99,033 യൂണിറ്റുകൾ) ആയിരുന്നു.

2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ടാറ്റയും മഹീന്ദ്രയും ചേർന്ന് 2,81,436 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് കാര്‍ വിപണിയുടെ 27.81 ശതമാനം വിഹിതം കൈവരിച്ചു. ഹ്യുണ്ടായിയും കിയയും സംയുക്തമായി ഈ പാദത്തിൽ 1,98,822 യൂണിറ്റുകളാണ് വിറ്റഴിച്ചത്, വിപണി വിഹിതത്തില്‍‌ 19.65 ശതമാനമാണ് ഇവരുടെ സംഭാവന.

ശക്തമായ എസ്‌.യു.വി പോർട്ട്‌ഫോളിയോ, ഇന്റേണൽ കംബസ്റ്റൻ എഞ്ചിൻ (ഐസി എഞ്ചിനുകള്‍), ഇലക്ട്രിക് വെഹിക്കിൾ (EV) വിഭാഗങ്ങളിലെ പുതിയ ഉൽപ്പന്ന ലോഞ്ചുകൾ, തന്ത്രപരമായ വിലനിർണയ തീരുമാനങ്ങൾ എന്നിവയാണ് ഇന്ത്യൻ കാർ നിർമ്മാതാക്കൾ ശക്തമായ നേട്ടങ്ങൾ കൈവരിക്കുന്നതിനുളള കാരണങ്ങള്‍.

വെല്ലുവിളികൾക്കിടയില്‍ മത്സരം നിലനിർത്താൻ ഹ്യുണ്ടായിയും കിയയും പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കേണ്ടിവരുമെന്ന അഭിപ്രായമാണ് വിദഗ്ധർ പങ്കുവെക്കുന്നത്. എക്‌സ്റ്റർ, വെന്യു, ക്രെറ്റ, അൽകാസർ, ട്യൂസൺ, ക്രെറ്റ ഇലക്ട്രിക്, അയോണിക് 5 എന്നിവയാണ് ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്ന എസ്‌യുവി കള്‍. സോനെറ്റ്, സിറോസ്, സെൽറ്റോസ്, ഇവി6, ഇവി9 എന്നിവയാണ് കിയയുടെ എസ്‌യുവി കള്‍. പുതുതലമുറ വെന്യു ആണ് ഹ്യുണ്ടായിയുടെ വരാനിരിക്കുന്ന പ്രധാന ലോഞ്ച്.

കിയയ്ക്ക് സിറോസ് ഇവി യെ ഇന്ത്യന്‍ വിപണിയില്‍ കൊണ്ടുവരാനാണ് പദ്ധതികളുളളത്. ഇ.വി കളുടെയും എസ്‌യുവി കളുടെയും വിഭാഗങ്ങളിൽ പ്രസക്തി നിലനിർത്താൻ പുതിയ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കേണ്ട നിര്‍ണായക ഘട്ടത്തിലാണ് കൊറിയൻ കമ്പനികള്‍.

Indian automakers like Tata and Mahindra gain dominance in car sales while Korean brands Hyundai and Kia see a market share dip.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT