canva
Auto

സൈബര്‍ ആക്രമണം, ടാറ്റ കമ്പനിയില്‍ പണിമുടങ്ങി! ബ്രിട്ടീഷുകാര്‍ക്ക് 22,000 കോടിയുടെ നഷ്ടം, ബാധിച്ചത് 5,000ത്തോളം കമ്പനികളെ

ആറ് ആഴ്ചയോളം അടച്ചിട്ട ശേഷം അടുത്തിടെയാണ് പ്രതിദിനം 1,000 വാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള യു.കെയിലെ പ്ലാന്റുകള്‍ ജെ.എല്‍.ആര്‍ വീണ്ടും തുറന്നത്‌

Dhanam News Desk

ഒരു ടാറ്റ കമ്പനി ആറാഴ്ച്ച പണിമുടക്കിയപ്പോള്‍ ബ്രിട്ടീഷുകാര്‍ക്ക് 22,000 കോടി രൂപയുടെ നഷ്ടമെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റിലുണ്ടായ സൈബര്‍ ആക്രമണം ടാറ്റ മോട്ടോഴ്‌സിന് കീഴിലുള്ള ജാഗ്വാര്‍ ലാന്‍ഡ്‌റോവറിന്റെ യു.കെയിലെ പ്ലാന്റില്‍ ആഴ്ചകളോളം നിര്‍മാണം മുടക്കിയിരുന്നു.ഇതോടെ യു.കെയിലെ സമ്പദ് വ്യവസ്ഥയില്‍ 1.9 ബില്യന്‍ പൗണ്ടിന്റെ (ഏകദേശം 22,000 കോടി രൂപ) നഷ്ടമുണ്ടായെന്ന് ഒരു സ്വതന്ത്ര സൈബര്‍ സുരക്ഷാ കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പണിമുടക്ക് രാജ്യത്തെ 5,000ത്തോളം കമ്പനികളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചെന്നും റിപ്പോര്‍ട്ട് തുടരുന്നു.

ആക്രമണത്തിന് ശേഷം നിര്‍മാണം പുനസ്ഥാപിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലായിരുന്നെങ്കില്‍ നഷ്ടം ഇനിയും വര്‍ധിക്കുമായിരുന്നു. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ ബാധിച്ച ഏറ്റവും മോശം സൈബര്‍ ആക്രമണമാണ് നടന്നത്. നിര്‍മാണം നിലച്ചത് മൂലം ജെ.എല്‍.ആറിനും അവരുടെ വിതരണക്കാര്‍ക്കുമുണ്ടായ സാമ്പത്തിക നഷ്ടമാണ് സ്ഥിതി വഷളാക്കിയതെന്നും റിപ്പോര്‍ട്ട് തുടരുന്നു. ആറ് ആഴ്ചയോളം അടച്ചിട്ട ശേഷം അടുത്തിടെയാണ് ജെ.എല്‍.ആര്‍ യു.കെയിലെ പ്ലാന്റുകള്‍ വീണ്ടും തുറന്നത്. പ്രതിദിനം 1,000 വാഹനങ്ങളെങ്കിലും നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റുകളായിരുന്നു ഇത്.

കനത്ത നഷ്ടം

പ്ലാന്റുകള്‍ അടച്ചിട്ടതോടെ ആഴ്ചയില്‍ 50 മില്യന്‍ പൗണ്ടിന്റെ നഷ്ടമാണ് ജെ.എല്‍.ആര്‍ ടാറ്റക്ക് ഉണ്ടായതെന്നാണ് വിലയിരുത്തല്‍. യു.കെയില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധിയായും സംഭവം വളര്‍ന്നിരുന്നു. തുടര്‍ന്ന് കമ്പനിയെയും വിതരണക്കാരെയും സഹായിക്കാനായി 1.5 ബില്യന്‍ പൗണ്ടിന്റെ വായ്പാ ഗാരന്റി യു.കെ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. അതേസമയം, ജെ.എല്‍.ആര്‍ പ്ലാന്റിലുണ്ടായത് ഗുരുതരമായ സൈബര്‍ ആക്രമണമെന്നാണ് സി.എം.സി എന്ന ഏജന്‍സിയുടെ വിലയിരുത്തല്‍. സംഭവം ജെ.എല്‍.ആറിന് പുറമെ വിതരണക്കാരെയും ഡീലര്‍ഷിപ്പുകളെയും വരെ സാരമായി ബാധിച്ചതായും ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒറ്റപ്പെട്ടതല്ല

സൈബര്‍ ആക്രമണത്തെ യു.കെയിലെ നിരവധി കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും റിപ്പോര്‍ട്ട് തുടരുന്നു. ഇന്ത്യയിലടക്കം സാന്നിധ്യമുള്ള സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സറിന് അടുത്തിടെ 300 മില്യന്‍ പൗണ്ടിന്റെ (ഏകദേശം 3,500 കോടി രൂപ) നഷ്ടമുണ്ടായി. ഏപ്രിലില്‍ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ രണ്ട് മാസത്തോളം ഓണ്‍ലൈന്‍ ഷോപ്പിംഗ് സേവനങ്ങള്‍ നിറുത്തിവെച്ചതാണ് തിരിച്ചടിയായത്.

Jaguar Land Rover’s August cyberattack hits hard — a $2.5 billion blow to the UK economy, exposing the auto sector’s digital vulnerability.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT