മുംബൈ ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിയായ ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് സ്വന്തം ഇ.വി ബ്രാൻഡ് അവതരിപ്പിക്കാനുളള തയാറെടുപ്പുകളില്‍. ഷാങ്ഹായ് ആസ്ഥാനമായ ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ഓട്ടോമൊബൈൽ നിർമ്മാതാക്കളായ എസ്.എ.ഐ.സി മോട്ടോഴ്സുമായി മോറിസ് ഗാരേജ് ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിനും വിൽക്കുന്നതിനുമായി 12,710 കോടി രൂപയുടെ കരാറില്‍ ജെ.എസ്.ഡബ്ല്യു ഏര്‍പ്പെട്ടത് മാസങ്ങള്‍ക്ക് മുമ്പാണ്.
ഒരു ചൈനീസ് കമ്പനിയുടെ കാവല്‍പുര ആയി പ്രവർത്തിക്കാൻ കമ്പനി ആഗ്രഹിക്കുന്നില്ലെന്ന് ജെ.എസ്.ഡബ്ല്യു ചെയർപേഴ്സൺ സജ്ജൻ ജിൻഡാൽ പറഞ്ഞു. ഇന്ത്യയിൽ തന്നെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിൽക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നതെന്നും സജ്ജൻ ജിൻഡാൽ ദി ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു.
ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് എസ്.എ.ഐ.സി മോട്ടോറില്‍ നിന്ന് എം.ജി മോട്ടോര്‍ ഇന്ത്യയുടെ 35 ശതമാനം ഓഹരികൾ ഈ വർഷമാദ്യം സ്വന്തമാക്കിയിരുന്നു. മഹാരാഷ്ട്രയിലെ ഔറംഗബാദിൽ കമ്പനി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന പ്ലാൻ്റ് പുതിയ ഇ.വി സംരംഭത്തിനായി മാറ്റിവെക്കും.
വാണിജ്യ വാഹനങ്ങള്‍ നിര്‍മ്മിക്കാനായുളള ജെ.എസ്.ഡബ്ല്യു വിൻ്റെ 27,200 കോടി രൂപയുടെ സംരംഭത്തെ ഔറംഗബാദ് ഇൻഡസ്ട്രിയൽ സിറ്റി സ്വാഗതം ചെയ്തിരുന്നു. പ്ലാന്റ് 5,200 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നവംബറിൽ ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർ ഇന്ത്യ 6,019 യൂണിറ്റുകളാണ് വിറ്റഴിച്ചത്. വിൻഡ്‌സര്‍ ഇലക്ട്രിക് ക്രോസ്ഓവറിന്റെ 3,144 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, ഹ്യുണ്ടായ് തുടങ്ങിയവയാണ് ഇ.വി വിപണിയിൽ ജെ.എസ്.ഡബ്ല്യു വിന്റെ മുഖ്യ എതിരാളികള്‍.
Read DhanamOnline in English
Subscribe to Dhanam Magazine