Auto

ജെഎസ്ഡബ്ല്യുവിന്റെ 'ഡിഫെന്‍ഡര്‍' വരുന്നു! ചെറിയുമായി കൈകോര്‍ത്ത് ജെറ്റൂര്‍ ടി2 ഇന്ത്യയിലേക്ക്

ഈ വര്‍ഷം പകുതിയോടെ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

Dhanam News Desk

ഇന്ത്യന്‍ വാഹന വിപണിയില്‍ വന്‍ വിപ്ലവത്തിനൊരുങ്ങി സജ്ജന്‍ ജിന്‍ഡാലിന്റെ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് (JSW Group). ചൈനീസ് വാഹന ഭീമന്മാരായ ചെറിയുമായി (Chery) സഹകരിച്ച് ജെറ്റൂര്‍ ടി2 (Jetour T2) എന്ന കരുത്തന്‍ എസ്‌യുവി ഉടന്‍ ഇന്ത്യയിലെത്തിക്കും.

എംജി മോട്ടോറുമായുള്ള പങ്കാളിത്തത്തിലൂടെ പുതിയ ബ്രാന്‍ഡ് അവതരിപ്പിക്കുന്നതിനു പുറമെ 'ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ്' എന്ന ബ്രാന്‍ഡിലൂടെയായിരിക്കും ജെറ്റൂര്‍ ടി2 വിപണിയിലെത്തുക. ജെറ്റൂര്‍ എന്ന പേരിന് പകരം ജെഎസ്ഡബ്ല്യുവിന്റെ ബാഡ്ജിംഗും പുതിയ പേരും വാഹനത്തിനുണ്ടാകുമെന്നാണ് ഓട്ടോകാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള പ്ലാന്റിലാകും ഇതിന്റെ അസംബ്ലിംഗ് നടക്കുക.

സഫാരിയേക്കാള്‍ വലിപ്പം

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിനെ (Land Rover Defender) അനുസ്മരിപ്പിക്കുന്ന കരുത്തുറ്റ ബോക്‌സി ഡിസൈന്‍ ആണ് വാഹനത്തിന്റേത്. ഓഫ് റോഡിംഗിന് അനുയോജ്യമായ രീതിയിലുള്ള വലിയ വീല്‍ ആര്‍ച്ചുകളും മസ്‌കുലര്‍ ലുക്കുമാണ് ഇതിന്റെ പ്രധാന ആകര്‍ഷണം.

ടി2-വിന് 4.7 മീറ്റര്‍ നീളവും 2 മീറ്റര്‍ വീതിയുമുണ്ട്. ടാറ്റ സഫാരിയേക്കാള്‍ (Tata Safari) വലിപ്പമുള്ള രൂപമാണെങ്കിലും ഇതൊരു 5 സീറ്റര്‍ വാഹനമാണ്; ഇതിന്റെ 7 സീറ്റര്‍ പതിപ്പിന് ഇതിലും കൂടുതല്‍ നീളമുണ്ട്.

ഇന്ത്യയില്‍ ഇത് ഒരു പ്ലഗ്-ഇന്‍ ഹൈബ്രിഡ് (Plug-in Hybrid - PHEV) പതിപ്പായിട്ടായിരിക്കും എത്തുക. 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനൊപ്പം ഇലക്ട്രിക് മോട്ടോറും ചേരുന്ന കരുത്തന്‍ പെര്‍ഫോമന്‍സ് ഇതിനുണ്ടാകും.

ഇതിന്റെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡല്‍ ഓള്‍-വീല്‍ ഡ്രൈവ് (AWD), ഫ്രണ്ട്-വീല്‍ ഡ്രൈവ് (FWD) പതിപ്പുകളില്‍ ലഭ്യമാണ്. എന്നാല്‍ ഇതില്‍ ഏത് പതിപ്പാണ് ഇന്ത്യയില്‍ പുറത്തിറക്കുക എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ഡിഫന്‍ഡറിനെപ്പോലെ തന്നെ ഇതിലും ലാഡര്‍-ഫ്രെയിമിന് പകരം മോണോകോക്ക് (monocoque) നിര്‍മ്മാണരീതിയാണ് ഉപയോഗിച്ചിരിക്കുന്നത്.

15.6 ഇഞ്ച് വലിപ്പമുള്ള കൂറ്റന്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പ്രീമിയം സൗണ്ട് സിസ്റ്റം, അത്യാധുനിക ഡ്രൈവര്‍ അസിസ്റ്റ് ഫീച്ചറുകള്‍ (ADAS) എന്നിവ വാഹനത്തിലുണ്ടാകും.

വിലയും ലോഞ്ചും

ഈ വര്‍ഷം പകുതിയോടെ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 35 ലക്ഷം മുതല്‍ 45 ലക്ഷം രൂപ വരെയായിരിക്കും ഇതിന്റെ എക്‌സ്-ഷോറൂം വിലയെന്നാണ് സൂചനകള്‍. ടൊയോട്ട ഫോര്‍ച്യൂണര്‍, എംജി ഗ്ലോസ്റ്റര്‍ തുടങ്ങിയ വമ്പന്മാരോടായിരിക്കും ജെഎസ്ഡബ്ല്യുവിന്റെ ഈ പുതിയ 'ഡിഫെന്‍ഡര്‍' മാറ്റുരയ്ക്കുക.

നിലവില്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ വലിയ തരംഗമുണ്ടാക്കിയ മോഡലാണ് ജെറ്റൂര്‍ ടി2. സമാനമായ വിജയം ഇന്ത്യന്‍ വിപണിയിലും ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ലക്ഷ്യമിടുന്നു.

ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യയിലെയും ലാറ്റിന്‍ അമേരിക്കയിലെയും ചില രാജ്യങ്ങള്‍ എന്നിവിടങ്ങളിലും ഈ മോഡല്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT