Image : CM Pinarayi Vijayan /FB 
Auto

മുഖ്യമന്ത്രിയുടെ പുതിയ വണ്ടിയേത്? ₹1.1 കോടി അനുവദിച്ചതിന് പിന്നാലെ വമ്പന്‍ ചര്‍ച്ച, ട്രഷറി നിയന്ത്രണത്തിനിടെ ധൂര്‍ത്തെന്ന് ആരോപണം

സംസ്ഥാന പൊലീസ് നല്‍കിയ ശിപാര്‍ശ കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം

Dhanam News Desk

മുഖ്യമന്ത്രി പിണറായി വിജയന് പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ 1.1 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. രണ്ട് കാറുകള്‍ വാങ്ങാനാണ് അനുമതി. ഇസഡ് പ്ലസ് സുരക്ഷയുള്ളയാളാണ് മുഖ്യമന്ത്രി. സുരക്ഷാ മാനദണ്ഡം അനുസരിച്ച് ഇസഡ് പ്ലസ് കാറ്റഗറിയിലുള്ളവരുടെ കാറുകള്‍ മൂന്ന് വര്‍ഷം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. നിലവില്‍ ഉപയോഗിക്കുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ കാലാവധി ഈ വര്‍ഷം തീരും. ഇത് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് നല്‍കിയ ശിപാര്‍ശ കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം.

കാര്‍ണിവലും ക്രിസ്റ്റയും

നിലവില്‍ മുഖ്യമന്ത്രിയുടെ യാത്രക്കായി കറുത്ത നിറത്തിലുള്ള ടൊയോട്ട ഇന്നോവ ക്രിസ്റ്റയും കിയ കാര്‍ണിവല്‍ ലിമോസിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. വടക്കന്‍ കേരളത്തിലെ യാത്രകള്‍ക്കാണ് കാര്‍ണിവല്‍ മാറ്റിവെച്ചിരിക്കുന്നത്. 33.30 ലക്ഷം രൂപ ചെലവാക്കി 2022ലാണ് കിയ കാര്‍ണിവല്‍ വാങ്ങിയത്. തലസ്ഥാനത്തും ദീര്‍ഘദൂര യാത്രകള്‍ക്കും ക്രിസ്റ്റയും ഉപയോഗിക്കും.

മുഖ്യമന്ത്രിയുടേത് കൂടാതെ പൈലറ്റ്, എസ്‌കോര്‍ട്ട് ഡ്യൂട്ടിക്ക് വേണ്ടി കമാന്‍ഡോകളും കറുത്ത ക്രിസ്റ്റ ഉപയോഗിക്കുന്നുണ്ട്. ഇവ കൂടാതെ കേരള പൊലീസിന്റെ പ്രാദേശിക പട്രോളിംഗ് വാഹനമായ മഹീന്ദ്ര ബൊലേറോ, ടാറ്റ ഹാരിയര്‍, ഫോഴ്‌സ് ഗൂര്‍ഖ, ഫോഴ്‌സ് ട്രാവലര്‍ തുടങ്ങിയ വാഹനങ്ങളിലും ഉദ്യോഗസ്ഥര്‍ അകമ്പടി സേവിക്കാറുണ്ട്.

ട്രഷറി നിയന്ത്രണം തുടരുന്നു

അതേസമയം, സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്രഷറി നിയന്ത്രണം തുടരുന്നതിനിടെയാണ് ഇത്രയും തുക പ്രത്യേകമായി അനുവദിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 19 മുതല്‍ സംസ്ഥാനത്ത് ട്രഷറിയില്‍ നിന്ന് 10 ലക്ഷം രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ പാസാക്കാന്‍ ധനവകുപ്പിന്റെ അനുമതി വേണം. എന്നാല്‍ ഇതില്‍ ഇളവ് നല്‍കി മുഖ്യമന്ത്രിയുടെ ആവശ്യത്തിന് രണ്ട് വാഹനങ്ങള്‍ വാങ്ങാന്‍ 1.10 കോടി രൂപ അനുവദിക്കുന്നുവെന്നാണ് ഉത്തരവിലുള്ളത്. സംസ്ഥാന സര്‍ക്കാരിന് ആറുമാസങ്ങള്‍ മാത്രം ശേഷിക്കേ ഇത്രയും പണം ചെലവിട്ട് പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് ധൂര്‍ത്താണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT