സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതില്‍ കേരളം മുന്നിലെന്ന് ഇന്ത്യ ഇലക്ട്രിക് മൊബിലിറ്റി ഇന്‍ഡക്സ് (IEMI) 2025 റിപ്പോര്‍ട്ട്. നിതി ആയോഗുമായി സഹകരിച്ച് വേള്‍ഡ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ട് (WRI) ഇന്ത്യ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് സംസ്ഥാനത്തിന്റെ ഇ-മൊബിലിറ്റി മേഖലയിലെ നേട്ടങ്ങളും പോരായ്മകളും ചൂണ്ടിക്കാട്ടുന്നത്.
വാഹന്‍ പോര്‍ട്ടലിലെ രജിസ്ട്രേഷന്‍ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് വില്‍പനയിലെ ഇവി വിഹിതം കണക്കാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടിലെ സംസ്ഥാനതല സൂചികപ്പട്ടികയില്‍ കേരളത്തിന്റെ സ്വകാര്യ ഇവി രജിസ്ട്രേഷന്‍ വിഹിതം 12 ശതമാനവും വാണിജ്യ ഇവികളുടെ വിഹിതം ഒമ്പത് ശതമാനവുമാണ്.
36 സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തിയ ഇന്ത്യ ഇലക്ട്രിക് മൊബിലിറ്റി ഇന്‍ഡക്സില്‍ കേരളം 40 പോയിന്റോടെ 18ാം സ്ഥാനത്താണ്. മുന്‍വര്‍ഷത്തേക്കാള്‍ ഒരു സ്ഥാനം മെച്ചപ്പെട്ടു. 2024ലെ 36 പോയിന്റില്‍നിന്ന് സംസ്ഥാനത്തിന്റെ സ്‌കോര്‍ നാലു പോയിന്റ് ഉയര്‍ന്നു.
കേരളത്തിന്റെ സ്‌കോര്‍ ദേശീയ ശരാശരിയായ 42ന് താഴെയാണ്. 17 വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ കേരളത്തിന് 13ാം സ്ഥാനമാണ്. 84 പോയിന്റുള്ള ഡല്‍ഹിയാണ് ദേശീയതലത്തില്‍ ഒന്നാമത്. മഹാരാഷ്ട്ര, കര്‍ണാടക, ചണ്ഡീഗഢ്, ഗോവ എന്നിവയാണ് തൊട്ടുപിന്നില്‍.
ഗതാഗത വൈദ്യുതീകരണം, ചാര്‍ജിങ് അടിസ്ഥാനസൗകര്യ സജ്ജീകരണം, ഇവി ഗവേഷണ-നവീകരണ ശേഷി എന്നീ മൂന്ന് മേഖലകളാണ് സൂചികയില്‍ വിലയിരുത്തിയത്.
2025ല്‍ കേരളത്തിലെ സ്വകാര്യ ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും വില്‍പനയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 12.3 ശതമാനമായിരുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സ്വകാര്യ ഇവി വാങ്ങല്‍ നിരക്കാണിത്. അതായത്, സംസ്ഥാനത്ത് പുതുതായി വാങ്ങുന്ന എട്ട് സ്വകാര്യ വാഹനങ്ങളില്‍ ഏതാണ്ട് ഒന്ന് ഇലക്ട്രിക്കാണ്.
സ്വകാര്യ ഉപയോക്താക്കള്‍ അതിവേഗം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമ്പോഴും വാണിജ്യ വാഹന മേഖലയില്‍ ഇത് കാര്യമായി മുന്നേറുന്നില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വാണിജ്യ വാഹനശ്രേണികള്‍ക്കായുള്ള പ്രത്യേക ആനുകൂല്യങ്ങളുടെ അഭാവമാണ് പ്രധാന തടസം. ഇലക്ട്രിക് വാണിജ്യ വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് ഇളവുകള്‍, പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള സബ്സിഡി തുടങ്ങിയ നയപരമായ പ്രോത്സാഹനങ്ങളില്‍ സംസ്ഥാനം പിന്നിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ടാക്സികള്‍, ചരക്കുവാഹനങ്ങള്‍, ബസുകള്‍ തുടങ്ങിയവ ഇലക്ട്രിക്കിലേക്ക് മാറുന്നത് വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ട നയങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും ആവശ്യമാണ്. സ്വകാര്യ വാഹന വില്‍പനയിലെ മുന്നേറ്റത്തിലൂടെ മാത്രം സംസ്ഥാനത്തിന്റെ സമഗ്ര ഇ-മൊബിലിറ്റി ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.
ചാര്‍ജിംഗ് അടിസ്ഥാനസൗകര്യ സജ്ജീകരണത്തിലാണ് കേരളം ഏറ്റവും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചത്. ഈ വിഭാഗത്തിലെ സ്‌കോര്‍ 2024നെ അപേക്ഷിച്ച് 21 പോയിന്റ് വര്‍ധിച്ച് 55ലെത്തി. വലിയ സംസ്ഥാനങ്ങളില്‍ 'ഫ്രണ്ട് റണ്ണര്‍' വിഭാഗത്തിലാണ് കേരളം.
ഒരു ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 17.3 പൊതു ചാര്‍ജറുകളാണ് സംസ്ഥാനത്തുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ചാര്‍ജര്‍-വാഹന അനുപാതത്തില്‍ കേരളത്തിന് 100ല്‍ 81 പോയിന്റും വൈദ്യുതി ലഭ്യതയില്‍ 100 പോയിന്റും ലഭിച്ചു.
ഇലക്ട്രിക് വാഹന വില്‍പ്പനയിലെ മുന്നേറ്റം നിലനിര്‍ത്താന്‍ കേരളം സമഗ്ര ഇവി നയം രൂപീകരിച്ച് വിജ്ഞാപനം ചെയ്യണമെന്ന് നീതി ആയോഗ് ശുപാര്‍ശ ചെയ്തു. വാഹനങ്ങള്‍ക്കുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍, ചാര്‍ജിംഗ് അടിസ്ഥാനസൗകര്യ വികസനം, ഗവേഷണം, സ്റ്റാര്‍ട്ടപ്പ് പ്രോത്സാഹനം എന്നിവ ഉള്‍പ്പെടുന്ന ഏകോപിത സമീപനം വേണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. സ്വകാര്യ ഇവി ഉപയോക്താക്കള്‍ വിപണിയെ മുന്നോട്ടുനയിക്കുമ്പോഴും നയപരവും വ്യവസായപരവുമായ പിന്തുണ ശക്തമാക്കിയില്ലെങ്കില്‍ കേരളത്തിന് ദേശീയതലത്തിലെ മൊത്തം റാങ്കിംഗില്‍ മുന്നേറുക വെല്ലുവിളിയാകും.
Read DhanamOnline in English
Subscribe to Dhanam Magazine