ജനസംഖ്യയില്‍ 13ാം സ്ഥാനത്താണെങ്കിലും രാജ്യത്തെ വാഹന വില്‍പ്പനയില്‍ അഞ്ചാം സ്ഥാനം നിലനിറുത്തി കേരളം. കൊവിഡ് കാലത്ത് വളര്‍ച്ച കുറഞ്ഞെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ കേരളം നേട്ടം നിലനിറുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ (2025-26) ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള (രണ്ടാം പാദം) വില്‍പ്പന കണക്കുകള്‍ കഴിഞ്ഞ ദിവസം വാഹന കമ്പനികളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) പുറത്തുവിട്ടിരുന്നു. ഇതില്‍ ആകെ വില്‍പ്പനയുടെ 6.7 ശതമാനം വിഹിതവുമായി കേരളം അഞ്ചാം സ്ഥാനം നിലനിറുത്തി. ജി.എസ്.ടി ഇളവുകള്‍ നടപ്പിലാക്കുന്നതിന് മുമ്പുള്ള കണക്കുകളാണിത്.
ആകെ 10.39 ലക്ഷം കാറുകളും 55.62 ഇരുചക്ര വാഹനങ്ങളുമാണ് ഈ കാലയളവില്‍ രാജ്യത്ത് വിറ്റത്. ഇതില്‍ 30 ശതമാനത്തോളം വില്‍പ്പനയും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. പതിവ് പോലെ 1.32 ലക്ഷം കാറുകള്‍ വിറ്റ മഹാരാഷ്ട്രയാണ് മുന്നില്‍. ആകെ വില്‍പ്പനയുടെ 12.7 ശതമാനം. 6.93 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് ഉത്തര്‍പ്രദേശില്‍ വിറ്റത്. ആകെ വില്‍പ്പനയുടെ 12.5 ശതമാനം. ആകെ കാറുകളുടെ 8.5 ശതമാനവും ഇരുചക്ര വാഹനങ്ങളുടെ 8.0 ശതമാനവും മുച്ചക്ര വാഹനങ്ങളുടെ 9.8 ശതമാനവും വാണിജ്യ വാഹനങ്ങളുടെ 9.4 ശതമാനവും വില്‍പ്പന നടന്ന ഗുജറാത്താണ് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണി. കര്‍ണാടകയാണ് നാലാം സ്ഥാനത്ത്.
ജനസംഖ്യയില്‍ വളരെ പിന്നിലാണെങ്കിലും രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ വാഹന വിപണിയാണ് കേരളം. ആകെ കാര്‍ വില്‍പ്പനയുടെ 6.7 ശതമാനവും ഇരുചക്ര വാഹനങ്ങളുടെ 2.9 ശതമാനവും കേരളത്തിലാണെന്ന് കണക്കുകള്‍ പറയുന്നു. ഇ.വി വില്‍പ്പനയിലാകട്ടെ മൂന്നാം സ്ഥാനമാണ് കേരളത്തിനുള്ളത്. ഇ.വി വ്യാപനത്തിലും മുന്നില്‍ കേരളമുണ്ട്. ജനസംഖ്യയില്‍ പിന്നിലായിട്ടും എന്തുകൊണ്ടാണ് കേരളത്തില്‍ വാഹനങ്ങള്‍ക്ക് ഇത്രയും ഡിമാന്‍ഡ്. പരിശോധിക്കാം...
പ്രതിശീര്‍ഷ വരുമാനത്തില്‍ ദേശീയ ശരാശരിയേക്കാള്‍ ഏറെ മുന്നിലുള്ള സംസ്ഥാനമാണ് കേരളം. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 12ാം സ്ഥാനത്തായിരുന്ന കേരളം 2024-25ല്‍ ഏഴാം സ്ഥാനത്തേക്ക് കുതിച്ചു. രാജ്യത്തിന്റെ പ്രതിശീര്‍ഷ വരുമാനം 2,05,324 രൂപയാണെങ്കില്‍ കേരളത്തിന്റേത് 3,08,338 രൂപയാണെന്ന് കണക്കുകള്‍ പറയുന്നു. വാഹനങ്ങള്‍ പോലെ ഉയര്‍ന്ന വിലയുള്ള ഉത്പന്നങ്ങള്‍ വാങ്ങാന്‍ മലയാളിയെ പ്രാപ്തമാക്കുന്നതിന് പിന്നിലെ പ്രധാന ഘടകം ഇതാണെന്ന് വിദഗ്ധര്‍ പറയുന്നു. കൂടാതെ പ്രതിമാസ ആളോഹരി ഉപഭോഗ ചെലവിലും (Monthly Per capita consumption expenditure -MPCE) കേരളം മുന്നിലാണെന്ന് കണക്കുകള്‍ പറയുന്നു. സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി ഒരാള്‍ പ്രതിമാസം ശരാശരി ചെലവിട്ട തുകയാണ് എം.പി.സി.ഇ എന്ന് വിളിക്കുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തിലെ കണക്കുപ്രകാരം ഇന്ത്യയില്‍ ഗ്രാമപ്രദേശങ്ങളില്‍ 4,122 രൂപയും നഗരങ്ങളില്‍ 6,996 രൂപയുമാണ് പ്രതിമാസം ശരാശരി ചെലവിടുന്നത്. കേരളത്തിലിത് യഥാക്രമം 6,611 രൂപയും 7,783 രൂപയുമാണ്.
കേരളത്തിലെ വാഹന മേഖലയുടെ വളര്‍ച്ചക്ക് മറ്റൊരു കാരണം ഗള്‍ഫ് മലയാളികളുടെ സംഭാവനയാണെന്നും വിദഗ്ധര്‍ പറയുന്നു. 2023ലെ കേരള മൈഗ്രേഷന്‍ സര്‍വേ പ്രകാരം അക്കൊല്ലം വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഒഴുകിയത് 2,16,893 കോടി രൂപയാണ്. 2018ലെ കണക്കുകളേക്കാള്‍ 154% വര്‍ധന. ഏകദേശം 24 ലക്ഷം മലയാളികള്‍ വിദേശരാജ്യങ്ങളില്‍ പണിയെടുക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 80 ശതമാനവും ഗള്‍ഫ് രാജ്യങ്ങളിലാണ്. നാട്ടില്‍ നിന്നും വിമാനം കയറുന്ന ഓരോ മലയാളികളുടെയും സ്വപ്‌നങ്ങളിലൊന്നാണ് സ്വന്തമായി ഒരു വാഹനം വാങ്ങണമെന്ന്. സമ്പത്തിന്റെയും വിജയത്തിന്റെയും പ്രതീകമായി വാഹനങ്ങളെ കണക്കാക്കുന്ന മലയാളി കാര്‍ വാങ്ങാന്‍ മത്സരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഗള്‍ഫ് പണം വാഹന വിപണിയെ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന് മലപ്പുറം, കോഴിക്കോട് പോലുള്ള ജില്ലകളില്‍ പ്രകടമായി മനസിലാകും. 25 ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള 200 യൂണിറ്റുകളെങ്കിലും പ്രതിമാസം കേരളത്തില്‍ വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. അതായത് ഒരു മാസം ശരാശരി കേരളത്തില്‍ വില്‍ക്കുന്ന ആഡംബര കാറുകളുടെ മൂല്യം 100 കോടി രൂപയിലേറെ വരും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആഡംബര കാറുകള്‍ വില്‍ക്കുന്ന ജില്ലകളിലൊന്ന് കോഴിക്കോടാണെന്നും കണക്കുകള്‍ പറയുന്നു.
സ്വന്തമായി വാഹനമുള്ളവരുടെ നിരക്കിലും കേരളം ബഹുദൂരം മുന്നിലാണ്. 2022ല്‍ പുറത്തിറങ്ങിയ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ പ്രകാരം കേരളത്തിലെ നാലിലൊരു കുടുംബത്തിന് (24.2 ശതമാനം) സ്വന്തമായി വാഹനമുണ്ട്. ദേശീയ ശരാശരി 7.5 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ 1.82 കോടി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും വാഹന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് 1,000 പേരില്‍ 425 പേര്‍ക്ക് സ്വന്തമായി വാഹനങ്ങളുണ്ട്. ദേശീയ ശരാശരി ആയിരത്തില്‍ 18 ആണെന്ന് ഓര്‍ക്കണം. ആദ്യമായി വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പുറമെ നിലവിലെ വാഹനങ്ങള്‍ മാറ്റി പുതിയതിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്ന ട്രെന്‍ഡും കേരളത്തില്‍ വ്യാപകമാണ്.
രാജ്യത്ത് ബാങ്കിംഗ് സേവനങ്ങള്‍ ഏറ്റവും കൂടുതല്‍ ലഭ്യമാകുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സ്വകാര്യ-പൊതുമേഖലയില്‍ ഏതാണ്ട് 22,943 സാമ്പത്തിക സേവന കേന്ദ്രങ്ങള്‍ കേരളത്തിലുണ്ടെന്നാണ് കണക്ക്. വാഹന വായ്പ എളുപ്പത്തില്‍ ലഭിക്കാന്‍ ഇത് വഴിവെച്ചെന്നാണ് വിദഗ്ധര്‍ പറയുന്നത്. സംസ്ഥാനത്ത് കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന 71 ശതമാനം പേരും വായ്പയെടുത്ത് വാങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് കാര്‍സ്24ന്റെ കണക്കുകള്‍ പറയുന്നു. സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്നതും കാര്‍ വിപണിയിലെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നുവെന്നാണ് വിലയിരുത്തല്‍.
ഒരു കാലത്ത് പൊതുഗതാഗതത്തെ ആശ്രയിച്ചിരുന്ന മലയാളി പതിയെ സ്വന്തം വാഹനത്തിലേക്ക് ചുവടുമാറിയെന്നാണ് വിദഗ്ധര്‍ പറയുന്നത്. പൊതുഗതാഗത സംവിധാനങ്ങളെ മാത്രം ആശ്രയിച്ച് ജോലിക്കെത്തുന്ന എത്ര പേര്‍ നിങ്ങളുടെ ഓഫീസിലുണ്ടെന്ന് ഒന്ന് ചിന്തിച്ച് നോക്കൂ. കൊവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ സ്വന്തമായി വാഹനം വാങ്ങണമെന്ന ട്രെന്‍ഡ് വര്‍ധിപ്പിക്കുകയും ചെയ്തു.
ഇന്ത്യയിലെ ഏറ്റവും മികച്ച റോഡ് ശൃംഖലയുള്ള സംസ്ഥാനമാണ് കേരളം. ഇവിടങ്ങളിലേക്കെല്ലാം പൊതുഗതാഗത സംവിധാനങ്ങള്‍ ദീര്‍ഘിപ്പിക്കുന്നതും വെല്ലുവിളിയാണ്. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ ജീവിക്കുന്നവരും സ്വന്തം വാഹനത്തിലേക്ക് തിരിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടാതെ വാഹനങ്ങളെ സ്റ്റാറ്റസ് സിംബലായി കരുതുന്നതും വാഹന കമ്പനികള്‍ക്ക് മികച്ച ഡീലര്‍ഷിപ്പ് ശൃംഖലയുള്ളതും വില്‍പ്പന കൂടാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine