Image courtesy: Canva
Auto

ഇവി വാങ്ങാൻ ഇതിലും നല്ലൊരു സമയമില്ല! റോഡ് നികുതിയിൽ 60,000 രൂപ വരെ കുറവ്; തീരുമാനത്തെ സ്വാഗതം ചെയ്ത് വിപണി

10-15 ലക്ഷം രൂപയ്ക്കും 20-40 ലക്ഷം രൂപയ്ക്കും ഇടയിലുള്ള വാഹനങ്ങളുടെ നികുതിയിൽ നിലവിൽ മാറ്റം വരുത്തിയിട്ടില്ല

Sutheesh Hariharan

കേരളത്തെ പരിസ്ഥിതി സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള സുപ്രധാന പദ്ധതികൾ ഉൾപ്പെടുത്തുന്നതാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച 2026-27 വർഷത്തെ പുതുക്കിയ ബജറ്റ്. 'പുതുയുഗ കേരളം' എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഇലക്ട്രിക് വാഹനങ്ങളെ (EV) പ്രോത്സാഹിപ്പിക്കുക എന്നത് സർക്കാരിന്റെ പ്രധാന നയമായി മാറിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി ഘടനയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നത്. 2050-ഓടെ കേരളത്തെ കാർബൺ ന്യൂട്രൽ ആക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പായാണ് ഈ നികുതി കുറവിനെ കാണുന്നത്.

വിപണിയിൽ വില കുറയുന്നത് എപ്പോഴും മികച്ച ഡിമാൻഡ് സൃഷ്ടിക്കാൻ സഹായിക്കുമെന്നും ആളുകൾക്ക് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ ഇത് കൂടുതൽ പ്രചോദനമാകുമെന്നുമാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. റോഡ് നികുതി കുറയുന്നത് ഉപഭോക്താക്കൾക്കും വിപണിക്കും ഒരുപോലെ ഗുണകരമാകുമെന്ന് ഫോർച്യൂൺ എംജി -കേരള ജനറൽ മാനേജർ സെയിൽസ് റിയാസ് മുഹമ്മദ് പറഞ്ഞു.

നികുതിയിളവ് ഇങ്ങനെ

സാധാരണക്കാർക്കും മധ്യവർഗത്തിനും ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ പ്രാപ്യമാക്കുന്നതിനായി, 10 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങളുടെ റോഡ് നികുതി 5 ശതമാനത്തിൽ നിന്ന് 3 ശതമാനമായി കുറച്ചു. സാധാരണക്കാർ കൂടുതലായി ആശ്രയിക്കുന്ന ഈ വിഭാഗത്തിൽ വലിയ സാമ്പത്തിക ആശ്വാസമാണ് ഇത് നൽകുന്നത്. ഈ വിഭാഗത്തിൽ പെടുന്ന എം.ജി കോമറ്റ് (MG Comet), ടാറ്റ ടിയാഗോ പോലുള്ള വാഹനങ്ങൾക്ക് ഇത് വലിയ ഗുണകരമാകും. ഏകദേശം 8 ലക്ഷം രൂപ വിലയുള്ള ഒരു വാഹനത്തിന് 16,000 രൂപയുടെ വരെ ലാഭം ഇതിലൂടെ ലഭിക്കും. ഈ സെഗ്മെന്റിൽ മൊത്തത്തിൽ 15,000 രൂപ മുതൽ 20,000 രൂപ വരെ നികുതിയിനത്തിൽ കുറവുണ്ടാകാൻ സാധ്യതയുണ്ട്.

അതുപോലെ, 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങളുടെ നികുതി 8 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു. ഈ വിഭാഗങ്ങളിൽ ഏകദേശം 2 മുതൽ 3 ശതമാനം വരെ നികുതി ലാഭിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും. ഇതുവഴി 15 ലക്ഷം രൂപയുടെ വണ്ടിക്ക് 45,000 രൂപയും, 20 ലക്ഷം രൂപയുടെ വണ്ടിക്ക് 60,000 രൂപ വരെയും നികുതി ലാഭിക്കാൻ സാധിക്കും.

അതേസമയം, ഉയർന്ന വിലയുള്ള ആഡംബര ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർദ്ധിപ്പിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. 40 ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുള്ള വാഹനങ്ങളുടെ റോഡ് നികുതി 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തി. എന്നാൽ 10-15 ലക്ഷം രൂപയ്ക്കും 20-40 ലക്ഷം രൂപയ്ക്കും ഇടയിലുള്ള വാഹനങ്ങളുടെ നികുതിയിൽ നിലവിൽ മാറ്റം വരുത്തിയിട്ടില്ല.

പാരിസ്ഥിതിക സംരക്ഷണം

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്ന ബജറ്റിൽ ഭിന്നശേഷിക്കാർക്കുള്ള വാഹന നികുതി ഇളവ് പരിധിയും വർദ്ധിപ്പിച്ചു. നിലവിൽ 7 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങൾക്കായിരുന്നു ഇളവ് ലഭിച്ചിരുന്നതെങ്കിൽ, പുതിയ നിർദ്ദേശപ്രകാരം ഇത് 15 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.

ഗതാഗത മേഖലയെ ആധുനികവൽക്കരിക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനുമുള്ള ഈ നടപടികൾ വരും വർഷങ്ങളിൽ കേരളത്തിലെ റോഡുകളിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കും. വിഭവ സമാഹരണത്തോടൊപ്പം സാമൂഹ്യനീതിയും പാരിസ്ഥിതിക സംരക്ഷണവും ഉറപ്പാക്കുന്ന ഒരു വികസന മാതൃകയാണ് ഇതിലൂടെ സർക്കാർ വിഭാവനം ചെയ്യുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT