Honda Kinetic (taken from https://gomechanic.in/)
Auto

ചേതക്ക് മാതൃകയില്‍ കൈനറ്റിക്കിനും പുതുജീവന്‍! ഇന്ത്യക്കാരുടെ നൊസ്റ്റാള്‍ജിയ മോഡലിന് ഇലക്ട്രിക് പതിപ്പെത്തും

പെര്‍ഫോമന്‍സിനേക്കാള്‍ പ്രായോഗികതക്ക് മുന്‍തൂക്കം നല്‍കുന്ന ഫാമിലി സ്‌കൂട്ടറായിരിക്കും കൈനറ്റിക്കിന്റെ ഫാക്ടറിയില്‍ നിന്നെത്തുന്നത്

Dhanam News Desk

ഒരുകാലത്ത് ഇന്ത്യയിലെ പുതുതലമുറയുടെ ഹരമായിരുന്നു കൈനറ്റിക്-ഹോണ്ട കൂട്ടുകെട്ടില്‍ ഇറങ്ങിയ ഡി.എസ് ടൂ സ്‌ട്രോക്ക് സ്‌കൂട്ടറുകള്‍. 1984ല്‍ പുറത്തിറങ്ങിയ 98 സി.സി സ്‌കൂട്ടറിന്റെ ഇലക്ട്രിക് പതിപ്പ് വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കൈനറ്റിക് ഗ്രീന്‍ (Kinetic Green). ഡി.എസ് സ്‌കൂട്ടറിന്റെ യഥാര്‍ത്ഥ ഡിസൈന്‍ നിലനിറുത്തി പുതുതലമുറ ഫീച്ചറുകളും ചേര്‍ത്ത വാഹനം ഇന്ത്യയിലെ റോഡുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വാഹനം ഉടന്‍ വിപണിയിലെത്തുമെന്നാണ് വാഹന ലോകം പ്രതീക്ഷിക്കുന്നത്.

നൊസ്റ്റു ഡിസൈന്‍

യഥാര്‍ത്ഥ ഡി.എക്‌സ് സ്‌കൂട്ടറിനെ അനുസ്മരിപ്പിക്കുന്ന ഡിസൈനാണ് ഇലക്ട്രിക് പതിപ്പിനും നല്‍കിയിട്ടുള്ളതെന്നാണ് പുറത്തുവന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. ബോക്‌സി ഹെഡ്‌ലൈറ്റും ബോഡി പാനലുകളും അതേപോലെ നിലനിറുത്തിയിട്ടുണ്ട്. ഇപ്പോള്‍ വിപണിയിലുള്ള ബജാജ് ചേതക്, ടി.വി.എസ് ഐക്യൂബ് പോലുള്ള മോഡലുകളിലേത് പോലെ ഹബ്ബ് മൗണ്ടഡ് മോട്ടോറാണ് ഇതിലുമുള്ളത്. പെര്‍ഫോമന്‍സിനേക്കാള്‍ പ്രായോഗികതക്ക് മുന്‍തൂക്കം നല്‍കുന്ന ഡിസൈനാണിത്. വാഹനത്തിന്റെ ബാറ്ററി ശേഷി, റേഞ്ച്, മോട്ടോര്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. മുന്നിലും പിന്നിലും 12 ഇഞ്ച് ടയര്‍ നല്‍കിയിട്ടുണ്ട്. മറ്റ് വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

വിലയെങ്ങനെ

പുതിയ സാമ്പത്തിക വര്‍ഷത്തിലും ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ പതിഞ്ഞ താളത്തിലാണ് കച്ചവടം നടക്കുന്നത്. അടുത്തുതന്നെ പല പ്രമുഖ ബ്രാന്‍ഡുകളും പുതിയ മോഡലുകള്‍ പുറത്തിറക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഫാമിലി സ്‌കൂട്ടറെന്ന നിലയില്‍ വിപണിയിലെത്തിക്കുന്ന മോഡല്‍ ഒരു ലക്ഷം രൂപയില്‍ താഴെ വിലയില്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്. ഉടന്‍ ആരംഭിക്കാനിരിക്കുന്ന ഉത്സവ സീസണിന് മുന്നോടിയായി വാഹനം വിപണിയിലെത്തുമെന്നും കരുതുന്നു. ചേതക്കിനും ഐക്യൂബിനും പുറമെ ഒല സ്‌കൂട്ടറുകളും ഹോണ്ട ആക്ടിവ ഇ മോഡലും ഏതര്‍ റിസ്തയും ചേരുമ്പോള്‍ വിപണിയില്‍ മത്സരം കടുക്കുമെന്ന് ഉറപ്പാണ്.

The iconic Kinetic DX is back as an EV: prototype spotted during road tests, hints at modern design, upgraded battery, and competitive range before launch.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT