ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ അതിവേഗം മുന്നേറുകയാണ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍. പെട്രോള്‍ വില കുത്തനെ ഉയര്‍ന്നതോടെ പുതുതായി ഇരുചക്ര വാഹനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നരും ആദ്യം നോക്കുന്നത് ഇലക്ട്രിക് വാഹനങ്ങളുടെ സവിശേഷതകളാണ്, അവ വാഗ്ദാനം ചെയ്യുന്ന ദൂരപരിധിയും. ഉപഭോക്താക്കള്‍ക്ക് ചെലവ് താരതമ്യേന കുറവായ, മികച്ച ദൂരപരിധി അവകാശപ്പെടുന്ന ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
കോമാകി റേഞ്ചര്‍
ഒരു ക്രൂയിസറിന്റെ ഫോര്‍മാറ്റില്‍ നിര്‍മിച്ച ഒരു ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് കൊമാകി റേഞ്ചര്‍. 1,74,500 രൂപയാണ് ഈ ഇലക്ട്രിക് ഇരുചക്ര വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 3.6 kWh ബാറ്ററിയാണ് ഇതിന് ലഭിക്കുന്നത്. പൂര്‍ണ ചാര്‍ജില്‍ 200 കിലോമീറ്റര്‍ ദൂരപരിധിയാണ് ഈ മോഡലിന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കോമാകി റേഞ്ചറിന് കഴിയും.
ഒല എസ് 1 പ്രൊ
അടുത്തിടെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഇലക്ട്രിക് ഇരുചക്ര വാഹനമാണ് ഒല എസ് 1 പ്രൊ. 3.97kWh ബാറ്ററിയുമായി എത്തുന്ന ഈ മോഡല്‍ പൂര്‍ണ ചാര്‍ജില്‍ 181 കിലോമീറ്റര്‍ ദൂരപരിധിയാണ് അവകാശപ്പെടുന്നത്. 1,10,149 രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ് ഷോറൂം വില.
ഒഡീസ് ഹോക്ക് പ്ലസ്
2.88kwh പോര്‍ട്ടബിള്‍ ലിഥിയം-അയണ്‍ ബാറ്ററിയുമായാണ് ഒഡീസ് ഹോക്ക് പ്ലസ് ഒരുക്കിയിരിക്കുന്നത്. ഇത് ഒറ്റ ചാര്‍ജില്‍ 170 കിലോമീറ്റര്‍ ഓടാന്‍ പര്യാപ്തമാണെന്ന് അവകാശപ്പെടുന്നു. 1,14,500 രൂപയാണ് ഈ മോഡലിന്റെ എക്‌സ് ഷോറൂം വില. കറുപ്പ്, വെള്ള, നീല, ചുവപ്പ്, വെള്ളി എന്നിങ്ങനെ അഞ്ച് നിറങ്ങളില്‍ ഈ വാഹനം ലഭ്യമാണ്.
ഹീറോ ഇലക്ട്രിക് NYX HX (ഡ്യുവല്‍ ബാറ്ററി)
ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്ത് മുന്നേറുന്ന ഹീറോ ഇലക്ട്രിക്കിന്റെ NYX HX (ഡ്യുവല്‍ ബാറ്ററി) മോഡലിന് 165 കിലോമീറ്റര്‍ ദൂരപരിധിയാണ് കമ്പനി അവകാശപ്പെടുന്നത്. 1.54 kWh ഡ്യുവല്‍ ബാറ്ററി സെറ്റപ്പാണ് ഈ മോഡലിലുള്ളത്. 67,540 രൂപയാണ് ഈ മോഡലിന്റെ എക്‌സ് ഷോറൂം വില.
റിവോള്‍ട്ട് RV 400
150 കിലോമീറ്റര്‍ ദൂരപരിധിയാണ് റിവോള്‍ട്ട് RV 400ന് അവകാശപ്പെടുന്നത്. 1,24,999 രൂപ എക്‌സ് ഷോറൂം വില വരുന്ന ഈ മോഡലില്‍ 3.24kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് 3kW മോട്ടോര്‍ മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗതയിലേക്ക് നയിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine