വളരെ ചുരുക്കം കാറുകള്‍ മാത്രമാണ് കോണ്‍സെപ്റ്റ് ആയി അവതരിച്ച് പ്രൊഡക്ഷന്‍ കാറായി മാറുന്നത്. മാസ് പ്രൊഡക്ഷനിലേക്ക് എത്തുമ്പോള്‍ ഇവ വളരെ വലിയ മാറ്റങ്ങള്‍ക്ക് വിധേയമാവുകയും ചെയ്യും. പ്രായോഗികതയാണ് ഈ മാറ്റങ്ങള്‍ക്ക് പ്രധാന കാരണം. അത് തന്നെയാണ് ഡിസൈനര്‍ നേരിടുന്ന വെല്ലുവിളിയും. സ്‌പോര്‍ട്‌സ് സ്റ്റൈലിംഗില്‍ സ്ഥായിയായുള്ള ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കിയാല്‍ യുവജനങ്ങള്‍ക്കിടയില്‍ ഹരമാകാന്‍ വേണ്ട എല്ലാ ഘടകങ്ങളും മഹീന്ദ്ര BE 6ല്‍ ഒരുക്കിയിട്ടുണ്ട്.
ഹെഡ്‌ലൈറ്റ് ലെവലില്‍ നേര്‍ക്കുനേര്‍ നോക്കുമ്പോള്‍ അഗ്രസീവ് സ്റ്റൈലിംഗില്‍ ദീര്‍ഘചതുരാകൃതിയിലാണ് BE 6ന്റെ മുന്‍വശം കാണുക. ഇംഗ്ലീഷ് അക്ഷരം സി ആകൃതിയില്‍ നേരിയ ഡിആര്‍എല്‍ പിയാനോ ബ്ലാക്ക് ബോര്‍ഡറില്‍ കൊടുത്തിരിക്കുന്നത് അഗ്രസീവ് ലുക്കിന് ആക്കം കൂട്ടുന്നു. മുന്നില്‍ മാത്രമല്ല, വീല്‍ ആര്‍ച്ചിലും ഡോറുകള്‍ക്ക് താഴെ റണ്ണിംഗ് ബോര്‍ഡിലും പിന്നിലും സ്‌കേര്‍ട്ട് എന്നപോലെ ധാരാളം ഷൈനിംഗ് പിയാനോ ബ്ലാക്ക്
എലമെന്റുകള്‍ കാണാം. വിന്‍ഡോ ഗ്ലാസുകള്‍ പിന്നിലേക്ക് വരുമ്പോള്‍ വീതി കുറഞ്ഞ് ഒരു പോയ്ന്റില്‍ എത്തുന്നത് ആകര്‍ഷകമാണെങ്കിലും അകത്തുനിന്നുള്ള കാഴ്ചയെ ബാധിക്കുന്നു.
പിന്നില്‍ സി ആകൃതിയില്‍ ടെയില്‍ ലാമ്പ്, ലിപ് സ്‌പോയിലര്‍, സ്പ്ലിറ്റ് സ്‌കിഡ് പ്ലേറ്റ് എന്നിവ ചേര്‍ന്ന് മുന്‍വശത്തെ പോലെ പിന്‍ ഭാഗത്തെയും അഗ്രസീവ് ആകുന്നു. പരമ്പരാഗതമായ ശൈലിയില്‍ നിന്നകന്ന് കോണുകളും മുഴകളും സ്റ്റൈലിന്റെ ഭാഗമായിരിക്കുന്നു. മിശ്ര നിരീക്ഷണങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും ഒരുകാര്യം വ്യക്തമാണ്, ഇങ്ങനെ അതിരുകവിഞ്ഞ സ്റ്റൈലില്‍ ഒരു വാഹനം ഇന്ത്യന്‍ റോഡില്‍ ആദ്യമാണ്.
ഒരു കോണ്‍സെപ്റ്റ് കാറിനകത്തിരിക്കുന്ന അനുഭവം തരുന്ന ആദ്യത്തെ ഇന്ത്യന്‍ വാഹനമാണ് BE 6. എയര്‍ക്രാഫ്റ്റ് കോക്പിറ്റില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ക്യാബിന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡ്രൈവര്‍ സീറ്റിനെ പാസഞ്ചറില്‍ നിന്നും വേര്‍തിരിച്ചിരിക്കുന്നു. ഡ്രൈവ് സെലക്റ്റര്‍ ലാന്‍ഡിംഗ് ഗിയര്‍ ലിവറിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. 12.3 ഇഞ്ച് ഇന്‍ഫോട്ടെയ്ന്‍മെന്റ് സിസ്റ്റം 16 സ്പീക്കര്‍ ഡോള്‍ബി അറ്റ്‌മോസ് ഉള്ള ഹര്‍മന്‍ കര്‍ഡന്‍ സൗണ്ട്സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്നു. സ്‌പോര്‍ട്ടി ഫീല്‍ തരുന്ന രണ്ട് സ്‌പോക് സ്റ്റിയറിംഗ് വീലിന്റെ മുകളിലും താഴെയും ഫ്‌ളാറ്റ് ഫാഷനിലാണ്. ഇത് ഹൈ എന്‍ഡ് സ്‌പോര്‍ട്ട് കാറുകളിലാണ് സാധാരണയായി കണ്ടുവരുന്നത്. നോര്‍മല്‍ സ്റ്റിയറിംഗില്‍ നിന്നും അല്‍പ്പം ഹാര്‍ഡ് ആണ് എന്നത് സ്‌പോര്‍ട്ട് കാറുകളുടെ പ്രത്യേകതയാണ്. മറ്റ് കണ്ട്രോളുകള്‍ കൂടാതെ സ്റ്റിയറിംഗില്‍ എഡിഎഎസ് കണ്ട്രോള്‍, പാഡില്‍ ഡ്രൈവ് കണ്ട്രോള്‍, ബൂസ്റ്റ് ബട്ടണ്‍ എന്നിവ കൊടുത്തിട്ടുണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ മറ്റ് ഇന്‍ഫര്‍മേഷന്‍ കൂടാതെ എഡിഎഎസ് ഡിസ്‌പ്ലേ കൂടി ചെയ്യുന്നു.
ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേയില്‍ ബ്ലൈന്‍ഡ് സ്‌പോട്ട് ഇന്‍ഫര്‍മേഷന്‍ കൂടാതെ ഓഗ്മെന്റഡ് റിയാലിറ്റി നാവിഗേഷനും ഉണ്ട്. സൈഡ് സപ്പോര്‍ട്ടും അണ്ടര്‍ തൈ സപ്പോര്‍ട്ടും ലംബാര്‍ സപ്പോര്‍ട്ടും ഉള്ള സീറ്റില്‍ ഇരിക്കാന്‍ സുഖമാണ്. ഡ്രൈവര്‍ സീറ്റിന് മെമ്മറി ഫംഗ്ഷന്‍ ഉണ്ട്. ഫ്യൂച്ചറിസ്റ്റിക് ഡിസൈനില്‍ ഹെഡ് റെസ്റ്റുകള്‍ വേറിട്ട് നില്‍ക്കുന്നു. സെന്റര്‍ കണ്‍സോളില്‍ കപ്പ് ഹോള്‍ഡര്‍, രണ്ട് വയര്‍ലസ് ചാര്‍ജര്‍, മാഗ്‌നറ്റ് ഉള്ള കീ ഹോള്‍ഡര്‍, ആംറെസ്റ്റിന് അടിയില്‍ ആഴമുള്ള സ്റ്റോറേജ്, ഡോറില്‍ ബോട്ടില്‍ ഹോള്‍ഡര്‍ എന്നിങ്ങനെ സൗകര്യങ്ങള്‍ ഏറെയാണ്. ഇന്ററാക്റ്റീവ് പാറ്റേണ്‍ ഉള്ള സണ്‍റൂഫ് പുതുമയാണ്. കൂടാതെ റൂഫ് കണ്‍സോള്‍ കോക്പിറ്റ് സ്‌റ്റൈലില്‍ ആണ് കണ്ട്രോള്‍ ബട്ടണുകള്‍ വിന്യസിപ്പിച്ചിരിക്കുന്നത്. ബില്‍റ്റ് ഇന്‍ ഡാഷ് കാം മറ്റ് ക്യാമറകളില്‍ നിന്നുള്ള ഫുട്ടേജുകള്‍ റെക്കോര്‍ഡ് ചെയ്യുന്നു. കൂടാതെക്യാബിന് അകത്തും ക്യാമറ ഉണ്ട്. പിന്‍ സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് കൈകാര്യം ചെയ്യാവുന്ന എസി വെന്റിലേറ്റര്‍, ചാര്‍ജിംഗ് പോയിന്റ്്സ്, ഫോണ്‍ ഹോള്‍ഡര്‍ മുതലായവയും ഉണ്ട്. കൂപേ ഡിസൈന്‍ കാരണം പിന്‍ സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് ഹെഡ് റൂം കുറവാണ്. അകത്ത് കയറുന്നതും ഇറങ്ങുന്നതും അത്ര എളുപ്പമല്ല. പിന്‍ സീറ്റ് മടക്കിയാല്‍ 455 ലിറ്റര്‍ ബൂട്ട് സ്ഥലം കൂട്ടാന്‍ സാധിക്കും.
59 കിലോവാട്ട് അവര്‍, 79 കിലോവാട്ട് അവര്‍ എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളില്‍ ആഋ 6 ലഭ്യമാണ്. 79 കിലോവാട്ട് അവര്‍ ബാറ്ററി ഉല്‍പ്പാദിപ്പിക്കുന്നത് 282 ബിഎച്ച്പിയും 380 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ആണ്. പിന്നിലെ ആക്‌സിലില്‍ ഘടിപ്പിച്ചിരിക്കുന്ന മോട്ടോറിന് BE 6നെ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ സ്പീഡില്‍ എത്തിക്കാന്‍ വെറും 6.7 സെക്കന്‍ഡ് മതിയാകും. റേഞ്ച്, എവരിഡേ, റേസ് എന്നീ മൂന്ന് ഡ്രൈവ് മോഡുകള്‍ ആണ് കാറിനുള്ളത്. സുഖകരമായ ഡ്രൈവിന് റേഞ്ച് മോഡ് ഉപയോഗിക്കാം. റേസ് മോഡിലേക്ക് പോകാതെ തന്നെ സിറ്റിയിലും ഹൈവേയിലും ഓടിക്കാനും ഓവര്‍ട്ടേക് ചെയ്യാനും ആവശ്യമുള്ള പവര്‍ എവരിഡേ മോഡില്‍ ഉണ്ട്. കൂടാതെ സ്റ്റിയറിംഗ് വീലില്‍ കൊടുത്തിരിക്കുന്ന ബൂസ്റ്റ് ബട്ടന്‍ ഉപയോഗിച്ച് പത്ത് സെക്കന്‍ഡ് വരെ പവര്‍ കൂട്ടാനും സാധിക്കും. ശരിയായ ലേന്‍ മാര്‍ക്കിംഗ് ഉള്ള റോഡുകളില്‍ എഡിഎഎസ് കാറിനെ ലേനില്‍ തന്നെ കണ്ട്രോള്‍ ചെയ്തു
കൊണ്ടുപോകുന്നത് അനുഭവപ്പെടും. സസ്‌പെന്‍ഷന്‍ അല്‍പ്പം സ്റ്റിഫ്ഫ് സൈഡില്‍ ആണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. സ്‌പോര്‍ട്ട് കാറുകളുടെ സ്റ്റബിലിറ്റിക്ക് ഇത് ആവശ്യമാണ്. 79 കിലോവാട്ട് അവര്‍ ബാറ്ററിയുടെ എആര്‍എഐ സാക്ഷ്യപ്പെടുത്തിയ റേഞ്ച് 682 കിലോമീറ്റര്‍ ആണ്. എന്നാല്‍ മഹീന്ദ്രയുടെ ഇന്‍ഹൗസ് പരിശോധനയില്‍ കിട്ടിയത് 550 കിലോമീറ്റര്‍ ആണെന്ന് അവകാശപ്പെടുന്നു.
പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ചെയ്യുന്ന ഉടമസ്ഥര്‍ക്ക് ലൈഫ് ടൈം വാറണ്ടി ഉണ്ടായിരിക്കും. വാഹനം കൈമാറ്റം ചെയ്താല്‍ വാറണ്ടി 10 വര്‍ഷത്തേക്കോ അല്ലെങ്കില്‍ രണ്ട് ലക്ഷം കിലോമീറ്റര്‍ വരെയോ ആയി പരിമിതപ്പെടും.ആദ്യം വാങ്ങിക്കുന്നവര്‍ക്ക് 18.9 ലക്ഷം രൂപയാണ് BE 6ന്റെ എക്‌സ് ഷോറൂം വില.
* ഫ്യൂച്ചറിസ്റ്റിക് ഡിസൈനും പവര്‍ഫുള്‍ 282 ബിഎച്ച്പി മോട്ടോറും.
* ഓഗ്മെന്റഡ് റിയാലിറ്റി ചേര്‍ത്തുള്ള ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ.
* കണക്റ്റഡ് സ്റ്റിയറിംഗ് വീലും സ്റ്റിഫ്ഫ് സസ്‌പെന്‍ഷനും.
* 455 ലിറ്റര്‍ ബൂട്ടും 45 ലിറ്റര്‍ ഫ്രങ്കും (ബോണറ്റിന് അടിയില്‍ ഉള്ള സ്ഥലം).
* 682 കിലോമീറ്റര്‍ ബാറ്ററി റേഞ്ച് (550 റിയല്‍ വേള്‍ഡ്
റേഞ്ച്). ലൈഫ് ടൈം ബാറ്ററി വാറണ്ടി.
* 16 സ്പീക്കര്‍ ഡോള്‍ബി അറ്റ്‌മോസ് ഉള്ള ഹര്‍മന്‍ കര്‍ഡന്‍ സൗണ്ട് സിസ്റ്റം പോലെയുള്ള ഒട്ടനേകം ഫീച്ചറുകള്‍.
* പിന്‍ സീറ്റിലെ സ്ഥലക്കുറവ്, അകത്തുനിന്നുള്ള കാഴ്ച പരിമിതം.
* ഫുള്‍ സൈസ് സ്‌പെയര്‍ വീലിന് പകരം സ്‌പേസ് സേവര്‍ വീല്‍.
* അകത്ത് കയറുന്നതിനും ഇറങ്ങുന്നതിനും ഉള്ള അസൗകര്യം.
Read DhanamOnline in English
Subscribe to Dhanam Magazine