വാഹന ബിസിനസിനെ പല കമ്പനികളാക്കി വിഭജിക്കാനൊരുങ്ങി മഹീന്ദ്ര ഗ്രൂപ്പ്. ട്രാക്ടറുകള്‍, ഇ.വി ഉള്‍പ്പെടെയുള്ള യാത്രാ വാഹനങ്ങള്‍, ട്രക്കുകള്‍ എന്നിവയെ വെവ്വേറെ കമ്പനികളാക്കാനാണ് ആലോചിക്കുന്നത്. മഹീന്ദ്ര ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന പുനസംഘടനക്കാണ് കമ്പനി ഒരുങ്ങുന്നതെന്നും ദി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെ ടാറ്റ മോട്ടോര്‍സും ഇത്തരത്തില്‍ വിഭജനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
വിഭജനവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് നിലവില്‍ മഹീന്ദ്ര ഗ്രൂപ്പില്‍ നടക്കുന്നത്. കമ്പനികള്‍ വിഭജിച്ചാല്‍ ഉണ്ടാകുന്ന മാറ്റങ്ങളും മഹീന്ദ്ര വിലയിരുത്തുന്നുണ്ട്. നിലവില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്ന ഒറ്റക്കമ്പനിക്ക് കീഴിലാണ് ബിസിനസ് നടക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വാഹന നിര്‍മാണ മേഖലയിലും കാര്‍ഷികോപകരണങ്ങള്‍ നിര്‍മിക്കുന്ന മേഖലയിലും മികച്ച പ്രകടനമാണ് മഹീന്ദ്ര നടത്തുന്നത്. എസ്.യു.വി, ട്രാക്ടര്‍ വിപണിയില്‍ എതിരാളികളെ പിന്തള്ളാനും മഹീന്ദ്രക്ക് സാധിക്കുന്നുണ്ട്.
എന്നാല്‍ ഇവയെല്ലാം ഒരുമിച്ച് ഒരു കമ്പനിക്ക് കീഴില്‍ കൊണ്ടുപോകുന്നത് ബുദ്ധിയല്ലെന്നാണ് മഹീന്ദ്ര കരുതുന്നത്. പ്രത്യേക കമ്പനികളായി വിഭജിച്ചാല്‍ ഓരോന്നിലും പ്രത്യേക ശ്രദ്ധ കൊടുക്കാനും അവക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ വിപണിയിലെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്താനും സാധിക്കും.
മഹീന്ദ്രയുടെ വിവിധ ഡിവിഷനുകളുടെ പ്രകടനത്തിലെ വ്യത്യാസവും വിഭജനത്തിന് പിന്നിലുണ്ടെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഓഹരി വിലയുടെ മൂന്നിലൊന്നും തീരുമാനിക്കുന്നത് വാഹന നിര്‍മാണ മേഖലയുടെ പ്രകടനമാണ്. ഇവയെ വ്യത്യസ്ത കമ്പനികളാക്കിയാല്‍ ഓഹരി വിപണിയിലെ പ്രകടനവും വര്‍ധിപ്പിക്കാന്‍ കഴിയും. കൂടുതല്‍ മൂലധനമെത്തിക്കാനും നൂതനമായ പല മാറ്റങ്ങള്‍ നടപ്പിലാക്കാനും ഇതിലൂടെ കഴിയും.
പഞ്ചാബ് ട്രാക്ടര്‍ എന്ന കമ്പനിയെ 2007ല്‍ ഏറ്റെടുത്തത് മുതല്‍ ട്രാക്ടര്‍ വിപണിയിലെ അതികായരാണ് മഹീന്ദ്ര. 2021 സാമ്പത്തിക വര്‍ഷത്തില്‍ 38.2 ശതമാനമുണ്ടായിരുന്ന വിപണി വിഹിതം കഴിഞ്ഞ വര്‍ഷം 43.3 ശതമാനത്തിലെത്തി. പ്രത്യേക കമ്പനിയാക്കി മാറ്റിയാല്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഥാര്‍, സ്‌കോര്‍പ്പിയോ, ബൊലേറോ, എക്‌സ്.യു.വി തുടങ്ങിയ മോഡലുകളുമായി യാത്രാ വാഹനങ്ങളുടെ വിപണിയിലും മഹീന്ദ്ര ആദ്യ മൂന്നിലുണ്ട്. ബി.ഇ6ഇ, എക്‌സ്.ഇ.വി 9ഇ തുടങ്ങിയ മോഡലുകളുമായി ഇ.വി വിപണിയിലും മഹീന്ദ്ര മികച്ച പ്രകടനമാണ് നടത്തുന്നത്. വാണിജ്യ വാഹനങ്ങള്‍ക്ക് വേണ്ടി മാത്രമായി മറ്റൊരു കമ്പനിയും രൂപീകരിക്കും. അടുത്തിടെ എസ്.എം.എല്‍ ഇസുസുവിനെയും മഹീന്ദ്ര ഏറ്റെടുത്തിരുന്നു.
അതേസമയം, കമ്പനികളെ വിഭജിക്കാനുള്ള പദ്ധതി ആലോചിച്ചിട്ടില്ലെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പ്രതികരിച്ചു. നിലവിലുള്ള ബിസിനസുകളെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രക്ക് കീഴില്‍ തന്നെ നിലനിറുത്തുമെന്നും ഓഹരി വിപണിക്ക് നല്‍കിയ ഫയലിംഗില്‍ കമ്പനി പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine