Facebook/Mahindra Electric SUVs
Auto

₹19.95 ലക്ഷത്തിന് ഇലക്ട്രിക് സെവന്‍ സീറ്റര്‍ എസ്.യു.വി! എക്‌സ്.ഇ.വി 9എസ് നിരത്തില്‍, മറ്റ് മോഡലുകള്‍ക്ക് വില കൂട്ടില്ലെന്നും മഹീന്ദ്ര

കഴിഞ്ഞ ദിവസം ബി.ഇ 6ന്റെ ഫോര്‍മുല ഇ എഡിഷനും കമ്പനി നിരത്തിലെത്തിച്ചിരുന്നു

Dhanam News Desk

19.95 ലക്ഷം രൂപ മുതല്‍ വില വരുന്ന ഇലക്ട്രിക് 7 സീറ്റര്‍ എസ്.യു.വി, എക്‌സ്.ഇ.വി 9എസ്, പുറത്തിറക്കി മഹീന്ദ്ര. ജനുവരി 14 മുതല്‍ ബുക്കിംഗ് ആരംഭിക്കുന്ന വാഹനത്തിന്റെ ഡെലിവറി ജനുവരി 23ല്‍ തുടങ്ങും. കമ്പനിയുടെ പുതിയ ഇംഗ്ലോ (INGLO) പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ആദ്യ ഇലക്ട്രിക് സെവന്‍ സീറ്റര്‍ എസ്.യു.വിയാണിത്. മഹീന്ദ്രയുടെ എക്‌സ്.യു.വി 700ന്റെ ഇലക്ട്രിക് പതിപ്പാണിത്. എന്നാല്‍ കെട്ടിലും മട്ടിലും പല മാറ്റങ്ങളും വരുത്താന്‍ മഹീന്ദ്ര ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബി.ഇ 6ന്റെ ഫോര്‍മുല ഇ എഡിഷനും കമ്പനി നിരത്തിലെത്തിച്ചിരുന്നു.

കഴിഞ്ഞ ദിവസം മഹീന്ദ്ര അവതരിപ്പിച്ച ബി.ഇ 6 ഫോര്‍മുല ഇ എഡിഷന്‍

മൂന്ന് ബാറ്ററി പാക്കുകളിലാണ് വാഹനം ലഭ്യമാകുക.

  • 228 ബി.എച്ച്.പി കരുത്തും 380 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 59 കിലോവാട്ട് അവര്‍ (kWh) ബാറ്ററി

  • 241 ബി.എച്ച്.പി കരുത്തും 380 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന പുതിയ 70 കിലോവാട്ട് അവറിന്റെ ബാറ്ററി

  • 282 ബി.എച്ച്.പി കരുത്തും 380 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 79 കിലോവാട്ട് അവര്‍ ബാറ്ററി

മൂന്ന് ബാറ്ററി ഓപ്ഷനുകളിലും പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഏഴ് സെക്കന്‍ഡ് മതിയെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. പ്രീമിയം ഇലക്ട്രിക് എസ്.യു.വികള്‍ക്ക് മാത്രം കഴിയുന്നതാണിതെന്നും കമ്പനി പറയുന്നു. ഉയര്‍ന്ന മോഡലിന് 29.95 ലക്ഷം രൂപയാണ് ഓണ്‍റോഡ് വിലയാകുന്നത്. മണിക്കൂറില്‍ 202 കിലോമീറ്റര്‍ വരെയാണ് ഉയര്‍ന്ന വേഗത. 80 ലക്ഷം രൂപ വില വരുന്ന ലക്ഷ്വറി ഇ.വികളിലുള്ള ഫീച്ചറുകള്‍ ഈ വാഹനത്തിലുണ്ടാകുമെന്നും കമ്പനി പറയുന്നു.

ഡിസൈന്‍

2022ല്‍ പ്രദര്‍ശിപ്പിച്ച എക്‌സ്.ഇ.വി 9ഇ, എക്‌സ്.യു.വി ഇ8 എന്നീ മോഡലുകളുമായി സാമ്യത തോന്നുന്ന ഡിസൈനിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ പുതിയ ഡിസൈന്‍ ഭാഷക്ക് അനുസൃതമായി മുന്നില്‍ അടച്ചുമൂടിയ ഗ്രില്ലും ഇംഗ്ലീഷ് അക്ഷരമാലയിലെ എല്‍ ആകൃതിയിലുള്ള എല്‍.ഇ.ഡി ഡി.ആര്‍.എല്ലുകളും ലംബമായി ക്രമീകരിച്ചിരിക്കുന്ന പ്രൊജക്ടഡ് ഹെഡ് ലാംപുകളും നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ മിക്ക വാഹനങ്ങളിലും കാണുന്നത് പോലെ ഫ്‌ളഷ് ഫിറ്റഡ് ഡോര്‍ ഹാന്‍ഡിലുകളാണ് എക്‌സ്.ഇ.വി 9ഇക്കുമുള്ളത്. ശരിക്കും ഒരു എസ്.യു.വിക്ക് വേണ്ട ഗ്രൗണ്ട് ക്ലിയറന്‍സും ഡിസൈന്‍ എലമെന്റുകളും നല്‍കാനും മഹീന്ദ്രക്ക് കഴിഞ്ഞിട്ടുണ്ട്.

ഇന്റീരിയറിലേക്ക് വന്നാല്‍ ട്രിപ്പിള്‍ സ്‌ക്രീന്‍ ലേഔട്ടിലുള്ള ഡിസ്‌പ്ലേയാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. കൂടാതെ രണ്ടാം നിര യാത്രക്കാര്‍ക്ക് വേണ്ടിയും സ്‌ക്രീനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പനോരമിക് സണ്‍റൂഫ്, ഹര്‍മന്‍ കാര്‍ഡന്‍ സൗണ്ട് സിസ്റ്റം, പവേര്‍ഡ് ടെയില്‍ഗേറ്റ്, ആംബിയന്റ് ലൈറ്റിംഗ്, പിന്നിലേക്ക് ചരിക്കാവുന്ന രണ്ടാം നിര സീറ്റുകള്‍ എന്നിവയും മികച്ച രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

സേഫ്റ്റി മുഖ്യം

സുരക്ഷയുടെ കാര്യത്തിലും മഹീന്ദ്ര വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ല. ഏഴ് എയര്‍ബാഗുകള്‍, ലെവല്‍ 2+ അഡാസ് സുരക്ഷ, ബ്രേക്ക് ബൈ വയര്‍, ബ്ലൈന്‍ഡ് വ്യൂ മോണിറ്ററിംഗ്, ഇന്റലിജന്റ് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നീ ഫീച്ചറുകളാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. കൂടാതെ ഉയര്‍ന്ന മോഡലുകള്‍ക്ക് ആപ്പ് വഴി വാഹനത്തെ നിരീക്ഷിക്കാന്‍ കഴിയുന്ന മഹീന്ദ്രയുടെ സെക്യൂര്‍ 360 പ്രോ സേവനവും ലഭിക്കും.

മറ്റ് മോഡലുകളുടെ വില കൂട്ടില്ല

അതേസമയം, ജനുവരിയില്‍ കമ്പനിയുടെ മറ്റ് മോഡലുകള്‍ക്ക് വില കൂട്ടില്ലെന്നും മഹീന്ദ്ര വ്യക്തമാക്കി. എല്ലാ വര്‍ഷവും വാഹന കമ്പനികള്‍ മോഡലുകള്‍ക്ക് വില കൂട്ടുന്ന പതിവുണ്ട്. ഇക്കുറിയും മിക്ക വാഹന നിര്‍മാതാക്കളും ഈ പതിവ് പിന്തുടരാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിര്‍മാണ വസ്തുക്കള്‍ക്ക് കാര്യമായ വില വര്‍ധനയുണ്ടായില്ലെങ്കില്‍ അടുത്ത ജനുവരിയില്‍ വാഹന വില കൂട്ടില്ലെന്നാണ് മഹീന്ദ്രയുടെ നിലപാട്. ജി.എസ്.ടി നിരക്ക് കുറച്ചതോടെ വാഹന മേഖലയില്‍ ഗുണപരമായ മാറ്റങ്ങളുമുണ്ടായിട്ടുണ്ട്. ഇതിന്റെ വില കുറച്ചുകാണാന്‍ മഹീന്ദ്ര ഒരുക്കമല്ലെന്നും മഹീന്ദ്ര എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ രാജേഷ് ജെജുരിക്കാര്‍ പറഞ്ഞു. ഇതോടെ മറ്റ് കമ്പനികളും വില വര്‍ധന നടപ്പിലാക്കരുതെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Mahindra has launched the XEV 9S, a new electric 7-seater SUV in India starting at ₹19.95 lakh

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT