AI Generated Image Using Perplexity Perplexity
Auto

ഇന്ത്യന്‍ നിരത്തുകളില്‍ പുതുകാറുകളുടെ ഒഴുക്ക്; മാര്‍ച്ചില്‍ വിറ്റത് 4.5 ലക്ഷം യൂണിറ്റുകള്‍; മുന്നില്‍ മാരുതി തന്നെ

മാരുതിക്ക് ഗള്‍ഫ് മേഖലയിലേക്ക് വലിയ കയറ്റുമതിയില്ല. അതുകൊണ്ട് തന്നെ വലിയ പ്രതിസന്ധി നേരിടേണ്ടി വന്നതുമില്ല

Dhanam News Desk

പശ്ചിമേഷ്യന്‍ സംഘര്‍ഷം നിറഞ്ഞുനിന്ന മാസമാണെങ്കിലും ഇന്ത്യന്‍ കാര്‍ വിപണിക്ക് കരുത്തായ മാസമായി മാര്‍ച്ച് മാറി. സാമ്പത്തികവര്‍ഷത്തിലെ അവസാന മാസത്തില്‍ പാസഞ്ചര്‍ വാഹന വില്പന മുന്‍ വര്‍ഷം സമാനമാസത്തേക്കാള്‍ 16.3 ശതമാനം നേട്ടം കൊയ്തു. 4.5 ലക്ഷം വാഹനങ്ങളാണ് ഈ വിഭാഗത്തില്‍ കഴിഞ്ഞ മാസം നിരത്തിലിറങ്ങിയത്.

ജിഎസ്ടി പരിഷ്‌കരണത്തിന്റെ നേട്ടം സ്വന്തമാക്കുകയെന്ന ഉപയോക്താക്കളുടെ താല്പര്യവും പുതിയ സാമ്പത്തികവര്‍ഷവും യുദ്ധവും ഒരുമിച്ചെത്തിയതോടെ വാഹന വില കൂടിയേക്കുമെന്ന ആശങ്കകളും വില്പന ഉയരാന്‍ കാരണമായെന്ന് വിപണി കണക്കുകൂട്ടുന്നു.

കുതിപ്പോടെ മുന്‍നിരക്കാര്‍

കാര്‍ വിപണിയിലെ മുന്‍നിരക്കാരായ മാരുതി സുസൂക്കി തന്നെയാണ് മാര്‍ച്ചില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. മുന്‍ വര്‍ഷം സമാന മാസത്തേക്കാള്‍ 10.3 ശതമാനം വളര്‍ച്ചയോടെ 1,66,219 വാഹനങ്ങളാണ് ആഭ്യന്തര വിപണിയില്‍ വിറ്റത്.

ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ മാസം കയറ്റുമതിയില്‍ 42.7 ശതമാനം വര്‍ധന നേടാന്‍ മാരുതിക്ക് സാധിച്ചു. 47,000 യൂണിറ്റുകളാണ് മാര്‍ച്ചിലെ കയറ്റുമതി. മാരുതിക്ക് ഗള്‍ഫ് മേഖലയിലേക്ക് വലിയ കയറ്റുമതിയില്ല. അതുകൊണ്ട് തന്നെ വലിയ പ്രതിസന്ധി നേരിടേണ്ടി വന്നതുമില്ല.

ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് മാര്‍ച്ചില്‍ 28.2 ശതമാനം വളര്‍ച്ച സ്വന്തമാക്കി. 66,192 യൂണിറ്റുകളാണ് കഴിഞ്ഞമാസം വിറ്റത്. ടാറ്റയുടെ ഇവി കാര്‍ വില്പനയില്‍ 77 ശതമാനം വര്‍ധനയുണ്ടായി, മൊത്തം വിറ്റത് 9,494 യൂണിറ്റുകള്‍.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് ഇക്കാലയളവില്‍ 25.4 ശതമാനം വില്പന വളര്‍ച്ച നേടാനായി. ആകെ വിറ്റത് 60,272 യൂണിറ്റുകള്‍. എസ്.യു.വി വില്പനയിലെ ഡിമാന്‍ഡാണ് മഹീന്ദ്രയ്ക്ക് തുണയായത്. ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ 6.3 ശതമാനം വളര്‍ച്ചയില്‍ 55,064 യൂണിറ്റുകള്‍ വിറ്റു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT