Image courtesy: maruti 
Auto

ഒരേയൊരു മാരുതി! അഞ്ച് ലക്ഷം കോടി കടന്ന് വിപണി മൂല്യം, ലോകത്തില്‍ എട്ടാം സ്ഥാനം, പിന്നിലാക്കിയത് വമ്പന്മാരെ, കാരണമെന്ത്?

2024 മാര്‍ച്ചിലാണ് മാരുതിയുടെ വിപണി മൂല്യം നാല് ലക്ഷം കോടി രൂപ തൊടുന്നത്

Dhanam News Desk

വിപണി മൂല്യത്തില്‍ ലോകത്തിലെ എട്ടാമത്തെ വാഹന നിര്‍മാതാവായി മാരുതി സുസുക്കി. വമ്പന്‍ കമ്പനികളായ ഫോര്‍ഡ് മോട്ടോര്‍, ജനറല്‍ മോട്ടോര്‍സ്, ഫോക്‌സ്‌വാഗണ്‍ന്നിവരെ പിന്നിലാക്കിയാണ് മാരുതിയുടെ കുതിപ്പ്. ജപ്പാനിലെ മാതൃകമ്പനിയെ പോലും മറികടന്നാണ് ഇന്ത്യന്‍ യൂണിറ്റിന്റെ മുന്നേറ്റമെന്നതും ശ്രദ്ധേയം. 57.6 ബില്യന്‍ ഡോളര്‍ (ഏകദേശം 5.1 ലക്ഷം കോടി രൂപ) മൂല്യാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാവായ മാരുതിക്കുള്ളത്.

ഫോര്‍ഡ് മോട്ടോറിന്റെ 46.3 ബില്യന്‍ ഡോളറിന്റെയും ജനറല്‍ മോട്ടോഴ്‌സിന്റെ 57.1 ബില്യന്‍ ഡോളറിന്റെയും ഫോക്‌സ്‌വാഗന്റെ 55.7 ബില്യന്‍ ഡോളറിന്റെയും വിപണി മൂല്യത്തെയാണ് മാരുതി മറികടന്നത്. അതേസമയം, ആദ്യസ്ഥാനത്ത് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല മോട്ടോഴ്‌സ് ആണെന്നും കണക്കുകള്‍ പറയുന്നു. 1.47 ലക്ഷം കോടി ഡോളറാണ് ടെസ്‌ലയുടെ വിപണി മൂല്യം. 314 ബില്യന്‍ ഡോളറുമായി ടൊയോട്ട, 133 ബില്യന്‍ ഡോളറുമായി ബി.വൈ.ഡി. 92.7 ബില്യന്‍ ഡോളറുമായി ഫെറാറി, 61.3 ബില്യന്‍ ഡോളറുമായി ബി.എം.ഡബ്ല്യൂ, 59.8 ബില്യന്‍ ഡോളറുമായി മെഴിസിഡസ് ബെന്‍സ് ഗ്രൂപ്പ് എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. 59 ബില്യന്‍ ഡോളറിന്റെ വിപണി മൂല്യമുള്ള ഹോണ്ട മോട്ടോറും മാരുതിക്ക് തൊട്ടുമുന്നിലുണ്ട്.

ജി.എസ്.ടിയില്‍ ബമ്പറടിച്ചു

സെപ്റ്റംബര്‍ 22 മുതല്‍ രാജ്യത്ത് നടപ്പിലാക്കിയ ജി.എസ്.ടി ഇളവിന്റെ ഏറ്റവും വലിയ ഗുണം ലഭിച്ചത് മാരുതി സുസുക്കിക്കാണെന്ന് വിദഗ്ധര്‍ പറയുന്നു. ജി.എസ്.ടി ഇളവിനൊപ്പം ഉത്സവ സീസണുമെത്തിയതോടെ സ്‌പെഷ്യല്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് കമ്പനി വില്‍പ്പന പൊടിപൊടിച്ചു. കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം രാജ്യത്ത് 80,000 വണ്ടികള്‍ മാരുതി ഷോറൂമില്‍ നിന്ന് പുറത്തെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഓരോ ദിവസവും ശരാശരി 15,000 ബുക്കിംഗ് വെച്ച് ലഭിച്ചതോടെ ചില മോഡലുകള്‍ ഔട്ട്ഓഫ് സ്‌റ്റോക്ക് ആയെന്നും കമ്പനി വൃത്തങ്ങള്‍ പറയുന്നു.

ഓഹരിയും ഫസ്റ്റ് ഗിയറില്‍

ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി.എസ്.ടി ഇളവ് പ്രഖ്യാപിച്ചത് മുതല്‍ മാരുതി സുസുക്കി ഓഹരികള്‍ കുതിപ്പിലാണ്. ഓഗസ്റ്റ് 15ന് ശേഷം ഓഹരികള്‍ കുതിച്ചത് 25 ശതമാനനത്തിന് മുകളിലാണെന്ന് കണക്കുകള്‍ പറയുന്നു. ഓഗസ്റ്റ് 14ന് 12,936 രൂപയില്‍ ക്ലോസ് ചെയ്ത ഓഹരികള്‍ ഇന്ന് 16,320 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മുപ്പത് ദിവസത്തിനിടെ മാത്രം ഓഹരി വില വര്‍ധിച്ചത് 1,600 രൂപയാണെന്നും കണക്കുകള്‍. ഇതോടെ വിപണി മൂല്യവും കുതിച്ച് ഉയരുകയായിരുന്നു. 2024 മാര്‍ച്ചിലാണ് മാരുതിയുടെ വിപണി മൂല്യം നാല് ലക്ഷം കോടി രൂപ തൊടുന്നത്. കുറഞ്ഞ കാലയളവില്‍ ഒരു ലക്ഷം കോടി രൂപ കൂടി വിപണി മൂല്യത്തില്‍ ചേര്‍ക്കാനും കമ്പനിക്കായി.

ഓഹരി കൂടാന്‍ ഇതും കാരണം

മാരുതിയുടെ വില്‍പ്പനയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചെറുകാറുകളുടെ മലിനീകരണ ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിക്കുമെന്ന വാര്‍ത്തകളും ഓഹരിയുടെ കുതിപ്പിന് കാരണമായി. 900 കിലോ ഗ്രാം ഭാരമുള്ളതും നാല് മീറ്ററില്‍ താഴെയുള്ളതുമായ ചെറു പെട്രോള്‍ കാറുകള്‍ക്ക് പുറത്തേക്ക് വിടാവുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവിലാണ് ഇളവ് നല്‍കാനൊരുങ്ങുന്നത്. മാരുതി സുസുക്കി അടക്കമുള്ള കമ്പനികള്‍ നേരത്തെ തന്നെ ആവശ്യപ്പെടുന്ന ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇങ്ങനെ ഇളവ് നല്‍കുന്നത് മലിനീകരണം വര്‍ധിപ്പിക്കുമെന്ന ആരോപണവും ശക്തമായിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT