AI Generated image Chatgpt, Canva
Auto

സെപ്റ്റംബറിലെ മാരുതിയുടെ സര്‍പ്രൈസ് വിറ്റാരയോ എസ്‌ക്യൂഡോയോ? അതോ രണ്ടും ഒന്നാണോ? വാഹനലോകത്ത് ചൂടന്‍ ചര്‍ച്ച

കഴിഞ്ഞ ദിവസം എസ്‌ക്യൂഡോയെന്ന പേരില്‍ പരീക്ഷണയോട്ടം നടത്തുന്ന മാരുതി ഇ.വിയുടെ ചിത്രം പുറത്തുവന്നതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്

Dhanam News Desk

മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹനം സെപ്റ്റംബറില്‍ വിപണിയിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. വിവിധ മോട്ടോര്‍ ഷോകളില്‍ പ്രദര്‍ശിപ്പിച്ച മാരുതി സുസുക്കി ഇ-വിറ്റാരയാണ് ഇതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബറില്‍ മാരുതി എസ്‌ക്യൂഡോ എന്നൊരു മോഡലും അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം എസ്‌ക്യൂഡോ ബാഡ്ജുള്ള ഇ-വിറ്റാര പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. ഇ-വിറ്റാരയെ എസ്‌ക്യൂഡോ എന്ന പേരിലാകും ഇന്ത്യയില്‍ അവതരിപ്പിക്കുന്നതെന്നാണ് ഇപ്പോഴത്തെ അനുമാനം.

വിറ്റാരയില്‍ നിന്നും എസ്‌ക്യൂഡോയിലേക്ക്

ഇ.വി.എക്‌സ് എന്ന പേരില്‍ കണ്‍സ്‌പെറ്റ് മോഡലായി അന്താരാഷ്ട്ര തലത്തിലാണ് മാരുതി തങ്ങളുടെ ആദ്യ ഇ.വി മോഡല്‍ പ്രദര്‍ശിപ്പിക്കുന്നത്. പിന്നാലെ ഇ-വിറ്റാര എന്ന പേരില്‍ ഇന്ത്യന്‍ നിരത്തിലെത്തുമെന്നും വാര്‍ത്തകള്‍ വന്നു. ഇക്കൊല്ലം ആദ്യം നടന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ ഇ-വിറ്റാരയെന്ന പേരില്‍ വാഹനം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം ഗുഡ്ഗാവിലെ മാരുതി ഫാക്ടറിക്കടുത്ത് പരീക്ഷണയോട്ടം നടത്തുന്ന ഇ-വിറ്റാരയുടെ പുറകില്‍ രേഖപ്പെടുത്തിയ ബാഡ്ജിംഗ് കണ്ട് വാഹന പ്രേമികളെല്ലാം ഞെട്ടി. ഇ-വിറ്റാരക്ക് പകരമുണ്ടായിരുന്ന പേര്, എസ്‌ക്യൂഡോ. മറ്റിടങ്ങളില്‍ വിറ്റാരയെന്ന പേരില്‍ വിറ്റിരുന്ന മോഡലിന് ജപ്പാന്‍ വിപണിയില്‍ സുസുക്കി നല്‍കിയിരുന്ന പേരാണ് എസ്‌ക്യൂഡോ. ഇതോടെ ആഗോളവിപണി ലക്ഷ്യമിട്ടാണ് ആദ്യ ഇ.വി മോഡലിനെ മാരുതി ഒരുക്കുന്നതെന്നും ഏതാണ്ട് ഉറപ്പായി.

അസല്‍ എസ്.യു.വി

കണ്ടുപരിചയിച്ച ഏതോ മാരുതി വാഹനവുമായി സാമ്യം തോന്നുന്ന രീതിയിലാണ് ഇ-വിറ്റാരയുടെ ഡിസൈന്‍. ദുര്‍ഘട പാതകള്‍ താണ്ടാന്‍ റെഡിയാണെന്ന തരത്തില്‍ മസില് പെരുക്കി അസല്‍ എസ്.യു.വി ലുക്കും വാഹനത്തിന് നല്‍കിയിട്ടുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യകള്‍ അടങ്ങിയ ഇക്കോ ഫ്രണ്ട്ലി എസ്.യു.വി - അല്ലെങ്കില്‍ ഇമോഷണല്‍ വെര്‍സറ്റൈല്‍ ക്രൂസര്‍ എന്നാണ് മാരുതി ഈ മോഡലിനെ വിശേഷിപ്പിക്കുന്നത്.

image credit : Suzuki

ഒറ്റച്ചാര്‍ജില്‍ 500 കിലോമീറ്റര്‍

49 കിലോവാട്ട് അവര്‍ (kWh) ശേഷിയുള്ള ബാറ്ററി പാക്കില്‍ നിന്നും 142 എച്ച്.പി (106 കിലോ വാട്ട് ) കരുത്തും 189 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ വാഹനത്തിന് കഴിയും. ഫോര്‍വീല്‍ ഡ്രൈവ് സാധ്യമാകുന്ന രീതിയില്‍ 61 കിലോവാട്ട് അവറിന്റെ മറ്റൊരു ബാറ്ററി പാക്കുള്ള മോഡലും കമ്പനി വിഭാവനം ചെയ്യുന്നുണ്ട്. 181 എച്ച്.പി (135 കിലോ വാട്ട്) കരുത്തും 300 എന്‍.എം ടോര്‍ക്കും നല്‍കാന്‍ ഇതിന് കഴിയും. ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, സിംഗിള്‍ സോണ്‍ ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, സൈഡ് കര്‍ട്ടണ്‍ എയര്‍ബാഗ്, ഹീറ്റഡ് മിററുകള്‍, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകളും വാഹനത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. ഒറ്റച്ചാര്‍ജില്‍ 400 മുതല്‍ 500 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുമെന്നാണ് പ്രതീക്ഷ. 17 മുതല്‍ 22 ലക്ഷം രൂപ മുതലായിരിക്കും വാഹനത്തിന്റെ വില.

Image : Canva and Maruti website

എന്താകും സര്‍പ്രൈസ്

ഇനിയാണ് വാഹന പ്രേമികള്‍ കാത്തിരിക്കുന്ന മില്യന്‍ ഡോളര്‍ ചോദ്യം. സെപ്റ്റംബറിലെ മാരുതിയുടെ സര്‍പ്രൈസ് ഇ-വിറ്റാരയാണോ അതോ എസ്‌ക്യൂഡോയാണോ. അതോ ഇത് രണ്ടും ഒരു മോഡല്‍ തന്നെയാണോ? വാഹന പ്രേമികളുടെ ഉറക്കം കെടുത്തുന്ന ചോദ്യത്തിന് സെപ്റ്റംബര്‍ പത്തിന് മറുപടി പറയാമെന്നാണ് മാരുതിയുടെ നിലപാട്. അതെന്തായാലും ഇലക്ട്രിക് കോംപാക്ട് എസ്.യു.വി സെഗ്‌മെന്റില്‍ ഇപ്പോഴുള്ള മോഡലുകള്‍ക്ക് കനത്ത മത്സരമാകും മാരുതി സുസുക്കി ഇലക്ട്രിക് വാഹനം ഉയര്‍ത്തുന്നത്. ടാറ്റ നെക്സോണ്‍ ഇവി, ടാറ്റ കര്‍വ് ഇവി, മഹീന്ദ്ര എക്സ്.യു.വി 400, എം.ജി ഇസഡ്എസ് ഇവി, ഹ്യൂണ്ടായ് ക്രെറ്റ ഇവി തുടങ്ങിയ മോഡലുകളോടാകും സര്‍പ്രൈസ് അതിഥിയുടെ മത്സരം.

Spy shots show Maruti’s eVitara will wear the eEscudo badge. Prototype seen near Gurugram hints at a Sept 3 launch with 49 / 61 kWh packs and ~500 km range.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT