ജൂൺ മാസത്തിൽ ശ്രദ്ധേയമായ വിൽപന കണക്കുകൾ പുറത്തുവിട്ട് രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും (M&M) ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും. വിപണിയിലെ മിക്കവാറും എല്ലാ വിഭാഗങ്ങളിലും മാരുതിക്ക് ആധിപത്യം ഉറപ്പിക്കാനായി. ഉൽപ്പാദന മേഖലയിലെ വെല്ലുവിളികൾക്കിടയില്‍ മഹീന്ദ്രയും ഹ്യുണ്ടായിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ജൂണിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് വാഹന കമ്പനികളുടെ ഓഹരികളെല്ലാം മുന്നേറ്റത്തിലാണ്. ഉച്ചകഴിഞ്ഞുളള വ്യാപാരത്തില്‍ നിഫ്റ്റി ഓട്ടോ സൂചിക ഒരു ശതമാനത്തിലധികം ഉയര്‍ന്ന് 26,775 ലെത്തി. രാവിലത്തെ സെഷനില്‍ ഒരുവേള സൂചികക്ക് 26,933 നിലവാരത്തിലും എത്താനായി. മികച്ച കാർ-ട്രാക്ടർ വിൽപ്പനയുടെ കരുത്തിൽ മഹീന്ദ്രയുടെ ഓഹരി വില 3 ശതമാനത്തിലധികം ഉയർന്ന് ഏറ്റവും വലിയ നേട്ടമുണ്ടാക്കി. മാരുതിയുടെ ഓഹരി വില 1.94 ശതമാനം ഉയർന്നപ്പോള്‍ ഹ്യുണ്ടായിയുടെ ഓഹരി ഒരു ശതമാനത്തോളം നേട്ടം രേഖപ്പെടുത്തി.
മാരുതി സുസുക്കി ജൂൺ മാസത്തിൽ മികച്ച വിൽപന വളർച്ച രേഖപ്പെടുത്തി. മുൻ വർഷത്തെ അപേക്ഷിച്ച് 19.3 ശതമാനം വർദ്ധനവോടെ ആകെ 2,00,390 വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. 2025 ജൂണിൽ ഇത് 1,67,993 യൂണിറ്റുകളായിരുന്നു. ആഭ്യന്തര വിപണിയിൽ പാസഞ്ചർ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും ഉൾപ്പെടെ 1,50,150 യൂണിറ്റുകൾ വിൽക്കാൻ മാരുതിക്ക് സാധിച്ചു. ഇതിൽ ബ്രെസ്സ, ഗ്രാൻഡ് വിറ്റാര തുടങ്ങിയ എസ്‌യുവികൾ ഉൾപ്പെടുന്ന യൂട്ടിലിറ്റി വാഹന വിഭാഗം 29 ശതമാനം വളർച്ചയോടെ 61,726 യൂണിറ്റുകൾ സംഭാവന ചെയ്തു. 42,768 വാഹനങ്ങളാണ് മാരുതി ഇത്തവണ വിദേശ വിപണികളിലേക്ക് അയച്ചത്.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര (M&M): മഹീന്ദ്രയുടെ ആകെ വിൽപനയിൽ 37 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ജൂണിൽ 77,742 യൂണിറ്റുകൾ വിറ്റയിടത്ത് ഇത്തവണ വിൽപന 1,06,207 യൂണിറ്റുകളായി ഉയർന്നു.
ആഭ്യന്തര വിപണിയിലെ എസ്‌യുവി (SUV) വിൽപന 28 ശതമാനം വളർച്ചയോടെ 60,393 യൂണിറ്റുകളിലെത്തി. കൊമേഴ്സ്യൽ വാഹന വിൽപനയിൽ 35 ശതമാനം വളർച്ചയുണ്ടായി. ട്രാക്ടർ വിൽപന 12 ശതമാനം വർദ്ധനവോടെ 59,935 യൂണിറ്റുകൾ രേഖപ്പെടുത്തി. എന്നാൽ തൊഴിലാളികളുടെ കുറവ് മൂലം എസ്‌യുവി ഉൽപ്പാദനത്തിൽ 15 ശതമാനം വരെ കുറവുണ്ടായതായി കമ്പനി വ്യക്തമാക്കി.
വാഹന വിതരണക്കാരന്റെ നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് ഉൽപ്പാദന തടസങ്ങൾ നേരിട്ടിട്ടും 51,335 യൂണിറ്റുകൾ വിൽക്കാൻ ഹ്യുണ്ടായ്ക്ക് സാധിച്ചു. ഇതിൽ 39,635 യൂണിറ്റുകൾ ആഭ്യന്തര വിപണിയിലും 11,700 യൂണിറ്റുകൾ കയറ്റുമതിയുമാണ്. തീപിടുത്തം മൂലം 13,900 യൂണിറ്റുകളുടെ ഉൽപ്പാദന നഷ്ടം കമ്പനിക്ക് നേരിടേണ്ടി വന്നു. എങ്കിലും ജൂൺ 22 ഓടെ ഉൽപ്പാദനം സാധാരണ നിലയിലായെന്നും വരും മാസങ്ങളിൽ ഈ നഷ്ടം നികത്താൻ സാധിക്കുമെന്നും ഹ്യുണ്ടായ് എം.ഡി തരുൺ ഗാർഗ് പറഞ്ഞു.
വിതരണ ശൃംഖലയിലെയും ഉൽപ്പാദനത്തിലെയും തടസങ്ങൾക്കിടയിലും ഇന്ത്യൻ വാഹന വിപണിയിൽ വലിയ ഉണർവ് പ്രകടമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine