Auto

എസ്-ക്രോസിന് പകരം ടൊയോട്ടയുമായി ചേര്‍ന്ന് മാരുതിയുടെ പുതിയ എസ്‌യുവി

രാജ്യത്തെ കാര്‍ വിപണിയിലെ ട്രെന്‍ഡുകള്‍ മാറുകയാണ്

Dhanam News Desk

മാരുതി സുസുക്കിയുടെ പ്രീമിയം ക്രോസ്ഓവര്‍ എസ്-ക്രോസ് നിരത്തുകളില്‍ നിന്ന് പിന്‍വലിച്ചേക്കും. എസ്-ക്രോസിന് പകരം പുതിയ എസ്‌യുവി മാരുതി അവതരിപ്പിക്കും. ടൊയോട്ടയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന YFG (code name) ആവും എസ്-ക്രോസിന് പകരക്കാരനായി എത്തുന്നത്. ഹ്യൂണ്ടായി ക്രെറ്റയോടാവും മാരുതിയുടെ എസ്‌യുവി മത്സരിക്കുക.

എന്നാല്‍ എസ്-ക്രോസ് പിന്‍വലിക്കുന്നതിനെ കുറിച്ച് ഇതുവരെ മാരുതി ഔദ്യോഗികമായ സ്ഥീരികരണം നല്‍കിയിട്ടില്ല. 2015ല്‍ ആണ് നെക്‌സ ഷോറൂമുകള്‍ വഴി മാരുതി എസ്-ക്രോസ് പുറത്തിറക്കിയത്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയില്‍ ഏകദേശം 165,000 യൂണീറ്റ് എസ്-ക്രോസുകളാണ് മാരുതി വിറ്റത്. ശരാശരി, പ്രതിമാസം വിറ്റുപോവുന്നത് 2000 യൂണീറ്റുകളാണ്. അതേ സമയം 2015ല്‍ തന്നെ ഇന്ത്യയിലെത്തിയ ഹ്യൂണ്ടായി ക്രെറ്റ നേടിയത് 700,000 യൂണീറ്റുകളോളം വില്‍പ്പനയാണ്.

ഇന്ത്യന്‍ വിപണിയിലെ മാറുന്ന ട്രെന്‍ഡ്

രാജ്യത്ത് എന്‍ട്രിലെവല്‍ ഹാച്ച്ബാക്ക് കാറുകളുടെ വിപണി കുറയുകയാണ്. 2018-19 സാമ്പത്തിക വര്‍ഷം 13.6 ശതമാനം ആയിരുന്നു എന്‍ട്രി മോഡലുകളുടെ വിപണി വിഹിതം. മാരുതി സുസുക്കി ഓള്‍ട്ടോ,റെനോ ക്വിഡ്, ഹ്യൂണ്ടായി ഇയോണ്‍. പഴയ മോഡല്‍ വാഗണ്‍-ആര്‍, ടാറ്റ നാനോ എന്നിവയായിരുന്നു ഈ വിഭാഗത്തില്‍ വിറ്റത്. അതില്‍ ഇയോണ്‍, നാനോ, വാഗണ്‍ആര്‍(പഴയ മോഡല്‍) എന്നവ ഉല്‍പ്പാദനം നിര്‍ത്തി. മാരുതി ട-പ്രെസ്സോ എന്ന പേരില്‍ പുതിയ എന്‍ട്രിലെവല്‍ മോഡല്‍ അവതരിപ്പിച്ചിരുന്നു.

2019-20ല്‍ ഈ വിഭാഗത്തിലെ വാഹനങ്ങളുടെ വിപണി വിഹിതം 10.6 ശതമാനം ആയും 2020-21ല്‍ 9.8 ശതമാനം ആയും ഇടിഞ്ഞു. വായ്പകള്‍ എളുപ്പത്തില്‍ ലഭിക്കുന്നതും സ്റ്റേറ്റസ് സിംബല്‍ എന്ന നിലയില്‍ കാറുകള്‍ നല്‍കുന്ന മതിപ്പും ആദ്യമായി വാഹനം എടുക്കുന്ന ആളുകളെപ്പോലും എന്‍ട്രി ലെവല്‍ മോഡലുകള്‍ ഒഴിവാക്കാന്‍ പ്രേരിപ്പിക്കുന്നു എന്നാണ് വിലയിരുത്തല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT