AI Generated Image Using Perplexity Perplexity
Auto

പെട്രോള്‍ വിലയ്‌ക്കൊപ്പം മറ്റൊരാശങ്ക: കാറുകളുടെ വില കൂടുമോ? മാരുതി സുസൂക്കി ആ വഴിയിലെന്ന് നിരീക്ഷണം, മറ്റുള്ളവരോ?

മാരുതി സുസൂക്കിയുടെ കാര്യം മറ്റുള്ളവരുടെ കാര്യത്തിലും ബാധകം. സ്റ്റീല്‍, അലുമിനിയം പോലെ നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നിട്ടുണ്ട്

Dhanam News Desk

അസംസ്‌കൃത വസ്തുക്കളുടെ ചെലവ് വര്‍ധിക്കുന്നതിനാല്‍ മാരുതി സുസുക്കി ഇന്ത്യ വൈകാതെ വാഹനവില ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് ആഗോള ബ്രോക്കറേജ് സ്ഥാപനമായ എച്ച്.എസ്.ബി.സി. ചെലവ് കൂടുന്നതിന്റെ സമ്മര്‍ദ്ദം ലാഭമാര്‍ജിനുകളെ ബാധിക്കാം. അത് വിലവര്‍ധനവിലേക്ക് നയിക്കും. ഈ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി മാരുതി ഓഹരിയുടെ ലക്ഷ്യവില താഴ്ത്തി നിശ്ചയിച്ചിരിക്കുകയാണ് എച്ച്.എസ്.ബി.സി. അപ്പോള്‍ മറ്റൊരു ചോദ്യവും ഉയരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ കമ്പനിക്ക് വില കൂട്ടേണ്ടി വന്നാല്‍ മറ്റുള്ളവരും ആ വഴി തന്നെ പിന്തുടരുകയില്ലേ? ജി.എസ്.ടി ഇളവുകളുടെ പിന്‍ബലത്തില്‍ വാഹന വിപണിയില്‍ വിലക്കുറവിന്റെ മാസങ്ങളാണ് കടന്നു പോയത്. ഈ സമാശ്വാസം വൈകാതെ മാറിയേക്കാം.

സാമഗ്രി വില 20 ശതമാനം കൂടി

എച്ച്.എസ്.ബി.സിയുടെ റിപ്പോര്‍ട്ട് പ്രകാരം, അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ കഴിഞ്ഞ ഡിസംബര്‍ പാദത്തിന് ശേഷം ഏകദേശം 20 ശതമാനത്തോളം വര്‍ധനവുണ്ടായി. ഇതുമൂലം കമ്പനിയുടെ ലാഭമാര്‍ജിനില്‍ ഏകദേശം 200 ബേസിസ് പോയിന്റ് വരെ സമ്മര്‍ദ്ദം ഉണ്ടാകാം. വര്‍ധിച്ച ചെലവിന്റെ ഒരു ഭാഗം കമ്പനി സ്വയം ഏറ്റെടുക്കാന്‍ ശ്രമിച്ചേക്കാം. എന്നാല്‍ അസംസ്‌കൃത വസ്തുക്കളുടെ വില കുറയാതെ തുടരുകയാണെങ്കില്‍ ആ ഭാരം ഉപഭോക്താക്കളുടെ ചുമലിലേക്കാണ് ഒടുവില്‍ വന്നു ചേരുക. ലളിതമാണ്, വാഹനവില കൂട്ടും.

മാരുതി സുസൂക്കിയുടെ കാര്യം മറ്റുള്ളവരുടെ കാര്യത്തിലും ബാധകം. സ്റ്റീല്‍, അലുമിനിയം പോലെ നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നിട്ടുണ്ട്. കൂടാതെ ഇലക്ട്രോണിക് ഘടകങ്ങള്‍ക്കും (electronic components) ആവശ്യകത വര്‍ധിച്ചതോടെ ചെലവ് കൂടിയിരിക്കുകയാണ്. ഗതാഗതവും ചരക്കു കൈമാറ്റവുമായി ബന്ധപ്പെട്ട ചെലവുകള്‍ ഉയര്‍ന്ന നിലയിലാണ്. ഇത് വാഹന നിര്‍മാതാക്കളുടെ ആകെ പ്രവര്‍ത്തനച്ചെലവില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. അമേരിക്കന്‍ ഡോളര്‍, യൂറോ തുടങ്ങിയ പ്രധാന കറന്‍സികളോട് ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞത് ഇറക്കുമതിയുമായി ബന്ധപ്പെട്ട ചെലവുകള്‍ വര്‍ധിപ്പിച്ചു. വാഹനസുരക്ഷയുമായി ബന്ധപ്പെട്ട എ.ഡി.എ.എസ് (Advanced Driver-Assistance Systems) പോലുള്ള സാങ്കേതികവിദ്യകള്‍, ഹൈബ്രിഡ് സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തേണ്ടി വരുന്നതും നിര്‍മാണച്ചെലവ് വര്‍ധിച്ചു.

വില കൂടിയാല്‍ ഡിമാന്റ് കുറയുമോ?

ഈ വെല്ലുവിളികള്‍ക്കിടയിലും ജനപ്രിയ മോഡലുകള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും വിപണിയില്‍ ആവശ്യകത തുടരാനാണ് സാധ്യതയെന്ന് ഓട്ടോമൊബൈല്‍ വ്യവസായികള്‍ പ്രതീക്ഷിക്കുന്നു. എങ്കിലും വാഹനവില ഉയര്‍ന്നാല്‍ ഇന്ത്യ പോലെ വിലയുടെ കാര്യത്തില്‍ വൈകാരികവും സൂക്ഷ്മവുമായ വിപണിയില്‍ ഡിമാന്റ് താല്‍ക്കാലികമായി കുറഞ്ഞെന്നു വരും. രാജ്യത്തെ വാഹന വിപണിയില്‍ നിലവില്‍ ഡിമാന്റിന് കുറവില്ല. ഉത്പാദന ശേഷി സംബന്ധിച്ച ചില പരിമിതികള്‍ ഉണ്ടായിട്ടും മാരുതി സുസുക്കി രാജ്യത്തെ പാസഞ്ചര്‍ വാഹന വിപണിയില്‍ ഉറച്ച സ്ഥാനത്താണ് തുടരുന്നത്. വിപുലമായ മോഡല്‍ നിരയും ശക്തമായ വിതരണ ശൃംഖലയും കമ്പനിക്ക് വിപണിയില്‍ മുന്‍തൂക്കം നല്‍കുന്നുവെന്ന് എച്ച്.എസ്.ബി.സി പറയുന്നു.

കമ്പനിയുടെ ഓഹരിക്ക് ബ്രോക്കറേജ് സ്ഥാപനം 'ബൈ' റേറ്റിംഗ് തുടരുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ചെലവു വര്‍ധനയും മാര്‍ജിന്‍ സമ്മര്‍ദ്ദവും പരിഗണിച്ച് ലക്ഷ്യവിലയില്‍ കുറവ് വരുത്തുകയായിരുന്നു. ബ്ലൂംബര്‍ഗ് ഡാറ്റ പ്രകാരം മാരുതി സുസുക്കിയെ ഫോളോ ചെയ്യുന്ന വിശകലന വിദഗ്ധരില്‍ 37 പേര്‍ ഓഹരി വാങ്ങാന്‍ ശുപാര്‍ശ ചെയ്യുമ്പോള്‍ 12 പേര്‍ 'ഹോള്‍ഡ്' നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. രണ്ട് പേരാണ് 'സെല്‍' ശുപാര്‍ശ ചെയ്തിരിക്കുന്നത്. നിലവിലെ വിപണി നിലയില്‍ നിന്ന് അടുത്ത 12 മാസത്തിനുള്ളില്‍ ഏകദേശം 5.4 ശതമാനം വരെ വളര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് ശരാശരി ലക്ഷ്യവില സൂചിപ്പിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT