Auto

യൂറോപ്പില്‍ ഹിറ്റായി മാരുതിയുടെ ഇ വിറ്റാര; കയറ്റുമതി 50,000 കടന്നു, ഇന്ത്യയുടെ ഇവി കയറ്റുമതിയില്‍ 93% വിഹിതം

സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ മാരുതിയുടെ വരുമാനം ഉയരുകയും ലാഭം ഇടിയുകയും ചെയ്തിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനയാണ് ലാഭത്തെ ബാധിച്ചത്

Dhanam News Desk

രാജ്യത്തെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ മാരുതി സുസൂക്കിക്ക് ഇലക്ട്രിക് വാഹന കയറ്റുമതിയില്‍ പുതിയ റെക്കോഡ്. 2025 ഓഗസ്റ്റില്‍ ആഗോള വിപണിയിലേക്കുള്ള ഇലക്ട്രിക് വാഹന കയറ്റുമതി ആരംഭിച്ച കമ്പനി 2026 ഒക്ടോബറോടെ 50,000 യൂണിറ്റുകള്‍ എന്ന നേട്ടം കൈവരിച്ചു. ഇന്ത്യയില്‍ നിന്നുള്ള ഇവി കയറ്റുമതിയില്‍ ചുരുങ്ങിയ കാലംകൊണ്ട് വലിയ വളര്‍ച്ച നേടാന്‍ മാരുതിക്ക് സാധിച്ചു.

2026 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറുമാസക്കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രിക് പാസഞ്ചര്‍ വാഹന കയറ്റുമതിയുടെ ഏകദേശം 93 ശതമാനവും മാരുതി സുസുക്കിയുടെ സംഭാവനയാണ്. മാരുതി സുസുക്കിയുടെ ആദ്യ ആഗോള ബാറ്ററി ഇലക്ട്രിക് വാഹനമായ ഇ വിറ്റാര (e VITARA) ആണ് വിദേശ വിപണികള്‍ കീഴടക്കുന്നത്.

യൂറോപ്പിന് പ്രിയം

യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളിലേക്കും ഇ വിറ്റാര കയറ്റി അയയ്ക്കുന്നുണ്ട്. ബ്രിട്ടന്‍, നോര്‍വേ, ജര്‍മനി, ജപ്പാന്‍, സ്വിറ്റ്സര്‍ലന്‍ഡ് ഉള്‍പ്പെടെ 50 ഓളം രാജ്യങ്ങളിലേക്കാണ് നിലവില്‍ ഈ ഇലക്ട്രിക് എസ്‌യുവി കയറ്റുമതി ചെയ്യുന്നത്. യൂറോപ്പാണ് കമ്പനിയുടെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന കയറ്റുമതി വിപണി.

ഗുജറാത്തിലെ ഹന്‍സല്‍പുര്‍ നിര്‍മാണശാലയിലാണ് ഇ വിറ്റാരയുടെ നിര്‍മാണം. 2025 ഓഗസ്റ്റിലാണ് ഇവിടെ ഇലക്ട്രിക് എസ്‌യുവിയുടെ നിര്‍മാണം ആരംഭിച്ചത്. ലോകത്തെ നൂറിലധികം രാജ്യങ്ങളിലെ വിപണികള്‍ ലക്ഷ്യമിട്ടാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്.

ഈ നിര്‍മാണശാലയുടെ വാര്‍ഷിക ഉല്‍പാദനശേഷി അടുത്തിടെ പത്ത് ലക്ഷം വാഹനങ്ങളായി ഉയര്‍ത്തിയിരുന്നു. ഒരു കേന്ദ്രത്തില്‍ ഇത്രയും ഉല്‍പാദനശേഷി കൈവരിക്കുന്ന സുസുക്കിയുടെ ലോകത്തിലെ ആദ്യ നിര്‍മാണശാലയെന്ന നേട്ടവും ഹന്‍സല്‍പുര്‍ സ്വന്തമാക്കി.

25,288 കോടി രൂപയുടെ നിക്ഷേപം

ഹന്‍സല്‍പുര്‍ പ്ലാന്റില്‍ ഇതുവരെ 25,288.7 കോടി രൂപയാണ് കമ്പനി നിക്ഷേപിച്ചിട്ടുള്ളത്. ആഭ്യന്തര വിപണിക്കുള്ള വാഹന നിര്‍മാണത്തിനൊപ്പം കയറ്റുമതി രംഗത്തും ഈ കേന്ദ്രം വലിയ പങ്കുവഹിക്കുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ മാരുതി സുസുക്കിയുടെ മൊത്തം വാഹന കയറ്റുമതിയുടെ പകുതിയും ഹന്‍സല്‍പുര്‍ പ്ലാന്റില്‍ നിന്നായിരുന്നു.

സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ മാരുതിയുടെ വരുമാനം ഉയരുകയും ലാഭം ഇടിയുകയും ചെയ്തിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനയാണ് ലാഭത്തെ ബാധിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT