Image Courtesy: marutisuzuki.com 
Auto

മാരുതി സുസുക്കി കാറുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചു തുടങ്ങി, ആള്‍ട്ടോ, എസ് പ്രസ്സോ മോഡലുകള്‍ വിലക്കുറവില്‍

ഇന്ത്യയുടെ സാമ്പത്തികവും സാമൂഹികവുമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ചെറു കാറുകള്‍ ആവശ്യമാണെന്ന് ചെയര്‍മാന്‍ പറഞ്ഞിരുന്നു

Dhanam News Desk

ചെറു കാറുകളുടെ വില്‍പ്പന കൂട്ടാന്‍ മാരുതി സുസുക്കി പ്രതിജ്ഞാബദ്ധമാണെന്ന് കഴിഞ്ഞ ദിവസമാണ് ചെയർമാൻ ആർ.സി ഭാർഗവ വ്യക്തമാക്കിയത്. ഇത് അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ചെറിയ കാറുകള്‍ക്ക് കൂടുതല്‍ ഓഫറുകളുമായി എത്തിയിരിക്കുകയാണ് കമ്പനി. ആൾട്ടോ കെ10, എസ് പ്രസ്സോ മോഡലുകള്‍ക്കാണ് കമ്പനി ആദ്യ ഘട്ടത്തില്‍ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ആൾട്ടോ  6,500 രൂപ വിലക്കിഴില്‍

ആൾട്ടോ K10 VXI പെട്രോൾ പതിപ്പിന്റെ വില 6,500 രൂപയും എസ് പ്രസ്സോ LXI പെട്രോൾ പതിപ്പിന്റെ വില 2,000 രൂപയും കുറച്ചിരിക്കുകയാണ് മാരുതി സുസുക്കി. വിലക്കിഴിവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

ഈ വിലക്കിഴിവ് കൂടാതെ ഓണത്തോടനുബന്ധിച്ച് കമ്പനി നല്‍കുന്ന ഓഫറുകളും ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. ഓണം സീസണോടനുബന്ധിച്ച് വിവിധ കാര്‍ കമ്പനികള്‍ ഒട്ടേറെ ഓഫറുകളാണ് നല്‍കി വരുന്നത്.

ചെറിയ കാറുകളുടെ വിൽപ്പനയില്‍ കഴിഞ്ഞ മാസങ്ങളില്‍ നേരിയ തോതില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ആളുകള്‍ക്ക് ചെറിയ കാറുകളോടുളള താല്‍പ്പര്യം കുറയുന്നതാണോ ഈ പ്രവണതയ്ക്ക് കാരണമെന്ന് പലരും ആശങ്ക ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഈ ആശങ്കകള്‍ അസ്ഥാനത്താണെന്ന് വ്യക്തമാക്കിയാണ് ചെയര്‍മാന്‍ ആർ.സി ഭാർഗവ രംഗത്തെത്തിയത്. ചെറിയ കാറുകളുടെ ഡിമാൻഡ് കുറയുന്നത് ഈ ദിശയിലുള്ള കമ്പനിയുടെ തന്ത്രത്തെ മാറ്റില്ലെന്ന നിലപാടാണ് കമ്പനിക്കുളളതെന്ന് ഭാർഗവ അസന്നിഗ്ധമായി വ്യക്തമാക്കി.

ഇന്ത്യയുടെ സാമ്പത്തികവും സാമൂഹികവുമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ചെറു കാറുകള്‍ ആവശ്യമാണെന്നും ഭാർഗവ പറഞ്ഞിരുന്നു. ഒട്ടേറെ ഇരുചക്ര വാഹന ഉടമകൾ ചെറിയ കാറുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ നോക്കുന്നുണ്ടെന്നും ഇന്ത്യയിലെ ഏറ്റവും വലിയ കാർ കമ്പനിയായ മാരുതി സുസുക്കിയുടെ ചെയര്‍മാന്‍ അറിയിച്ചിരുന്നു.

ഓഗസ്റ്റില്‍ വിൽപ്പനയില്‍ കുറവ്

ആൾട്ടോയും എസ് പ്രസ്സോയും ഉൾപ്പെടെ മാരുതിയുടെ മിനി കാറുകളുടെ വിൽപ്പന 10,648 യൂണിറ്റായി ഓഗസ്റ്റില്‍ കുറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇത് 12,209 യൂണിറ്റായിരുന്നു. അതേസമയം, കമ്പനിയുടെ എസ്.യു.വി മോഡലുകളുടെ വില്‍പ്പനയില്‍ വര്‍ധന രേഖപ്പെടുത്തുകയും ചെയ്തു. വിൽപ്പനയിൽ 7 ശതമാനം വർധനയാണ് ഉണ്ടായത്.

62,684 യൂണിറ്റുകളുടെ വില്‍പ്പനയാണ് എസ്.യു.വി വിഭാഗത്തില്‍ നേടിയത്. കഴിഞ്ഞ വർഷം ഇത് 58,746 യൂണിറ്റുകളായിരുന്നു. ഗ്രാൻഡ് വിറ്റാര, ബ്രെസ്സ, എർട്ടിഗ, ഇൻവിക്‌റ്റോ, ഫ്രോങ്‌ക്‌സ്, എക്‌സ്എൽ6 തുടങ്ങിയ മോഡലുകലാണ് കമ്പനിക്ക് എസ്.യു.വി വിഭാഗത്തില്‍ ഉളളത്.

ബലെനോ, സെലേറിയോ, ഡിസയർ, ഇഗ്‌നിസ്, സ്വിഫ്റ്റ് തുടങ്ങിയ ജനപ്രിയ മോഡലുകൾ ഉൾപ്പെടുന്ന കോംപാക്റ്റ് കാർ സെഗ്‌മെന്റും വിൽപ്പനയിൽ 20 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഒരു വർഷം മുമ്പ് 72,451 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ 58,051 യൂണിറ്റുകളാണ് ഇക്കൊല്ലം വിറ്റത്.

2024 ഓഗസ്റ്റിലെ മൊത്തം വാഹനങ്ങളുടെ വിൽപ്പനയിൽ 4 ശതമാനം ഇടിവാണ് കമ്പനിക്കുണ്ടായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 1,89,082 യൂണിറ്റുകളിൽ നിന്ന് കമ്പനി കഴിഞ്ഞ മാസം 1,81,782 യൂണിറ്റുകളാണ് വിറ്റത്. ഇക്കോ വാനിന്റെ (Eeco van) വിൽപ്പന 10,985 യൂണിറ്റുകളുമായി സ്ഥിരത നിലനിർത്തി. അതേസമയം സൂപ്പർ കാരി ലൈറ്റ് കൊമേഴ്‌സ്യൽ വാഹനത്തിന്റെ വില്‍പ്പനയില്‍ ഇടിവുണ്ടായി. മുൻ വർഷത്തെ 2,564 യൂണിറ്റുകളെ അപേക്ഷിച്ച് 2,495 യൂണിറ്റുകളാണ് വിറ്റത്.

യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ 2023 ഓഗസ്റ്റിലെ 1,56,114 യൂണിറ്റുകളിൽ നിന്ന് വിൽപ്പന 8 ശതമാനം ഇടിഞ്ഞ് 1,43,075 യൂണിറ്റിലെത്തി. മിനി, കോംപാക്റ്റ് കാർ സെഗ്‌മെന്റുകളിലാണ് വില്‍പ്പനയില്‍ വലിയ ഇടിവുണ്ടായത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT