image credit : canva and maruti 
Auto

ഡിസ്പ്ലേയില്‍ രണ്ട് കാറുകള്‍ മാത്രം, മാരുതി ഷോറൂമുകള്‍ ചെറു പട്ടണങ്ങളിലേക്ക്; കമ്പനിയുടെ പ്ലാന്‍ ഇങ്ങനെ

ഓരോ പ്രവര്‍ത്തി ദിവസവും ഒരു ഷോറൂം എന്ന കണക്കിലാകും പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കുക

Dhanam News Desk

രാജ്യത്തെ ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ നെക്‌സ സ്റ്റുഡിയോ എന്ന പേരില്‍ പുതിയ ഷോറൂം ശൃംഖല ആരംഭിക്കാനൊരുങ്ങി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. അടുത്ത മാര്‍ച്ചോടെ 100 ഷോറൂമുകളെങ്കിലും രാജ്യത്ത് തുറക്കാനാണ് പദ്ധതിയെന്ന് കമ്പനിയുടെ സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാര്‍ഥോ ബാനര്‍ജി ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. സാധാരണ നെക്‌സ ഷോറൂമുകളില്‍ നിന്നും വ്യത്യസ്തമായി ചെറിയ വലിപ്പത്തിലാണ് നെക്‌സ സ്റ്റുഡിയോ ഷോറൂമുകളുണ്ടാവുക. സര്‍വീസ് വര്‍ക്ക്‌ഷോപ്പും സ്‌പെയര്‍ പാര്‍ട്‌സുകള്‍ വില്‍ക്കുന്ന സ്ഥലവും ഇവിടെയുണ്ടാകും.

പ്രീമിയം സെഗ്‌മെന്റിലെ വാഹനങ്ങള്‍ക്കായി നെക്‌സ എന്ന പേരിലും മറ്റ് വാഹനങ്ങള്‍ക്ക് വേണ്ടി അരീനയെന്ന പേരിലും രണ്ട് ഷോറൂം ശൃംഖലകളാണ് നിലവില്‍ മാരുതിയ്ക്കുള്ളത്. ഇതില്‍ നെക്‌സ ഷോറൂമുകള്‍ വലിയ നഗരങ്ങളിലാണുണ്ടാവുക. എന്നാല്‍ ചെറിയ നഗരങ്ങളില്‍ കൂടി സര്‍വീസ് ശൃംഖല വ്യാപിപ്പിച്ച് വില്‍പ്പന കൂട്ടാമെന്നാണ് കമ്പനി കണക്കാക്കുന്നത്. ആദ്യ ഘട്ടമായി 100 ഷോറൂമുകളാണ് ഇങ്ങനെ തുറക്കുന്നത്. ഓരോ പ്രവര്‍ത്തി ദിവസവും ഒരു ഷോറൂം എന്ന കണക്കിലാകും പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കുകയെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

നെക്‌സ സ്റ്റുഡിയോ

രണ്ട് കാറുകള്‍ മാത്രം ഡിസ്‌പ്ലേ ചെയ്യാനുള്ള സ്ഥലം, ഒരു ഡെലിവറി ഏരിയ, ഒരു വര്‍ക്ക്‌ഷോപ്പ് ബേ, ഒരു കസ്റ്റമര്‍ ലോഞ്ച് ഇത്രയുമാണ് നെക്‌സ സ്റ്റുഡിയോയില്‍ ഉണ്ടാവുക. പ്രീമിയം കാറുകള്‍ക്കുള്ള നെക്‌സ ഷോറൂമില്‍ ലഭിക്കുന്ന സൗകര്യങ്ങളുടെ മിനി വേര്‍ഷന്‍ ഇവിടെ ഒരുക്കാനാണ് മാരുതിയുടെ പദ്ധതി.

500 നെക്‌സ ഷോറൂമുകള്‍ പൂര്‍ത്തിയായി

2015ല്‍ ആരംഭിച്ച നെക്‌സ ഷോറൂം ശൃംഖല കൂടുതല്‍ വിപുലപ്പെടുത്താനും കമ്പനിക്ക് പദ്ധതിയുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 22 ഔട്ട്‌ലെറ്റുകള്‍ മാത്രമാണ് കമ്പനി പുതുതായി തുടങ്ങിയത്. എന്നാല്‍ ഇക്കൊല്ലം ഇതുവരെ 119 പുതിയ ഷോറൂമുകള്‍ തുറന്ന് ആകെ നെക്‌സ ഷോറൂമുകളുടെ എണ്ണം 500 തികച്ചു. ഈ വര്‍ഷം തന്നെ 50 നെക്‌സ ഔട്ട്‌ലെറ്റുകള്‍ കൂടി തുറക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT