Auto

റെക്കോഡ് വില്പനയുമായി മാരുതി സുസൂക്കി, വരുമാനത്തില്‍ 29% വര്‍ധന; കയറ്റുമതിയും കുതിച്ചു; പക്ഷേ ഓഹരിവിലയില്‍ ഇടിവ്

വിപണിയുടെ പ്രതീക്ഷയേക്കാള്‍ കൂടിയ വരുമാനം നേടാന്‍ സാധിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Dhanam News Desk

മൂന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ട് മാരുതി സുസൂക്കി ഇന്ത്യ. ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ വരുമാനം 29 ശതമാനം വര്‍ധിച്ചു. ലാഭത്തില്‍ 4 ശതമാനത്തിന്റെ നേട്ടവും സ്വന്തമാക്കാനായി. പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നതിനായി ഒറ്റത്തവണ ചെലവാക്കല്‍ ഇനത്തില്‍ 593.9 കോടി രൂപ വിനിയോഗിച്ചതാണ് ലാഭത്തില്‍ വലിയ വര്‍ധന രേഖപ്പെടുത്താതിരുന്നത്.

മൂന്നാംപാദത്തില്‍ ആകെ വരുമാനം 49,891.5 കോടി രൂപയാണ്. മുന്‍വര്‍ഷം സമാനപാദത്തിലിത് 38,752.3 കോടി രൂപയായിരുന്നു. വിപണിയുടെ പ്രതീക്ഷയേക്കാള്‍ കൂടിയ വരുമാനം നേടാന്‍ സാധിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ലാഭം മുന്‍വര്‍ഷം സമാനപാദത്തെ 3,659.3 കോടി രൂപയില്‍ നിന്ന് 3,794 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്.

വില്പനയില്‍ റെക്കോഡ്

ചെറുകാര്‍ സെഗ്മെന്റില്‍ ഉള്‍പ്പെടെ വില്പനയില്‍ വലിയ നേട്ടം കൈവരിക്കാന്‍ ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ സാധിച്ചു. ഇക്കാലയളവില്‍ 97,676 യൂണിറ്റുകള്‍ അധികമായി വില്ക്കാന്‍ മാരുതി സുസൂക്കിക്ക് സാധിച്ചു. മുന്‍വര്‍ഷത്തെ 4,66,993 യൂണിറ്റില്‍ നിന്ന് 5,64,669 യൂണിറ്റായിട്ടാണ് വില്പന ഉയര്‍ന്നത്.

ചെറുകാര്‍ സെഗ്‌മെന്റില്‍ 18 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കയറ്റുമതിയിലും വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചു. ഡിസംബര്‍ പാദത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3,880 യൂണിറ്റ് അധികം കടല്‍ കടത്താന്‍ കഴിഞ്ഞു. ആകെ കയറ്റുമതി 99,220 യൂണിറ്റില്‍ നിന്ന് 1,03,100 ആയി ഉയര്‍ന്നു.

മാരുതിയുടെ ഇവി മോഡലായ ഇ-വിറ്റാരയുടെ യൂറോപ്പിലേക്കുള്ള കയറ്റുമതിയും കഴിഞ്ഞ പാദത്തില്‍ ആരംഭിച്ചു.

ഓഹരിവിലയില്‍ ഇടിവ്

വലിയ നേട്ടം റിപ്പോര്‍ട്ട് ചെയ്തിട്ടും ഇന്ന് ഓഹരിവിലയില്‍ വലിയ ഇടിവാണ് മാരുതി സുസൂക്കി നേരിടേണ്ടി വന്നത്. യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍ ഇന്ത്യന്‍ വാഹന കമ്പനികള്‍ക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് തിരിച്ചടിച്ചത്. രാവിലെ കനത്ത ഇടിവിലായിരുന്നു മാരുതി സുസൂക്കി അടക്കമുള്ള ഓട്ടോ ഓഹരികള്‍.

ഉച്ചയ്ക്കുശേഷം ഫലം പുറത്തുവിട്ടതോടെയാണ് ഓഹരികള്‍ തിരിച്ചുകയറിയത്. എന്നിരുന്നാലും ഇന്ന് 2.39 ശതമാനം നഷ്ടത്തിലാണ് ഓഹരിവില ക്ലോസ് ചെയ്തത്. 4.68 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണ് മാരുതി സുസൂക്കി ഇന്ത്യ.

Maruti Suzuki reports record revenue and exports in Q3, but stock price dips despite strong performance

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT