Photo : Tata / Facebook 
Auto

മാരുതി സുസൂക്കിക്കു പിന്നാലെ വിലവര്‍ധനവിന് ടാറ്റ മോട്ടോഴ്‌സ്; വാണിജ്യ വാഹനങ്ങള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ രണ്ടു ശതമാനം വരെ കൂട്ടും

കഴിഞ്ഞ ഡിസംബറിലും മാരുതി 4 ശതമാനം വരെ വില ഉയര്‍ത്തിയിരുന്നു

Dhanam News Desk

മാരുതി സുസുക്കി ഇന്ത്യ ഏപ്രില്‍ മുതല്‍ കാറുകള്‍ക്ക് നാല് ശതമാനം വരെ വില ഉയര്‍ത്തുന്നു. നിര്‍മാണ സാമഗ്രികളുടെയും പ്രവര്‍ത്തനങ്ങളുടെയും ചെലവ് ഉയര്‍ന്നതു മൂലമാണിതെന്ന് മാരുതി സുസുക്കി ഇന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

വിവിധ മോഡലുകള്‍ക്കനുസരിച്ച് വില വര്‍ധനയില്‍ വ്യത്യാസം വരും. ചെലവ് പരമാവധി കുറച്ച് ഉപയോക്താക്കള്‍ക്ക് ബാധ്യതയുണ്ടാകാതിരിക്കാന്‍ കമ്പനി നിരന്തരമായി ശ്രമിക്കുന്നുണ്ടെങ്കിലും ഉയരുന്ന ചെലവിന്റെ കുറച്ചെങ്കിലും ഉപയോക്താക്കളിലേക്ക് നല്‍കാതെ പറ്റില്ലെന്ന സ്ഥിതി വന്നിരിക്കുകയാണെന്നും മാരുതി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറയുന്നു.

ഫയലിംഗിന് പിന്നാലെ ഇന്ന് രാവിലത്തെ വ്യാപാരത്തില്‍ മാരുതി സുസുക്കി ഓഹരികള്‍ രണ്ട് ശതമാനം വരെ ഉയര്‍ന്ന് 11,737 രൂപയിലത്തി.

രണ്ടാം തവണ

കഴിഞ്ഞ ഡിസംബറിലും നാല് ശതമാനം വില വര്‍ധിപ്പിക്കുന്നതായി മാരുതി പ്രഖ്യാപിച്ചിരുന്നു. അത് ജനുവരി മുതല്‍ പ്രാബല്യത്തിലായി. ഫെബ്രുവരിയില്‍ വിവിധ മോഡലുകളുടെ വില 1,500 രൂപ മുതല്‍ 32,500 രൂപ വരെ ഉയര്‍ത്തി.

നിര്‍മാണ സാധനങ്ങളുടെ ആഗോള വില ഉയരുന്നതും അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന ഇറക്കുമതി തീരുവയും വിതരണ ശൃഖലകളിലുണ്ടാകുന്ന തടസവുമെല്ലാം ഇന്ത്യന്‍ വാഹന നിര്‍മാതാക്കളുടെ ചെലവ് ഗണ്യമായി ഉയര്‍ത്തുന്നുണ്ട്.

എന്‍ട്രി മോഡലായ ആള്‍ട്ടോ കെ10, എസ് പ്രസോ മുതല്‍ ഈക്കോ, സെലേറിയോ, വാഗണ്‍ ആര്‍, ഇഗ്നിസ്, സ്വിഫ്റ്റ്, ബലേനോ, ഡിസയര്‍, ഫ്രോന്‍ക്‌സ്, ബ്രെസ, എര്‍ട്ടിഗ, സിയാസ്, ഗ്രാന്‍ഡ് വിറ്റാറ, എക്‌സ്.എല്‍. 6, ജിംനി, ഇന്‍വിക്ടോ തുടങ്ങിയ മോഡലുകളാണ് മാരുതി നിരത്തിലെത്തിക്കുന്നത്.

വാണിജ്യ വാഹനങ്ങള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ രണ്ടു ശതമാനം വരെ വിലവര്‍ധനവാണ് ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉല്‍പാദന ചെലവിന്റെ വര്‍ധനവാണ് ടാറ്റയും കാരണമായി പറഞ്ഞത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT