Maruti suzuki
Auto

പഴയ പപ്പട വണ്ടിയല്ല! ഇടിപ്പരീക്ഷയില്‍ ഫൈവ് സ്റ്റാര്‍ നേടി മാരുതി വിക്ടോറിസ് നിരത്തിലേക്ക്, പ്രമുഖന്മാര്‍ക്കുള്ള പണിയെന്ന് വണ്ടിഭ്രാന്തന്മാര്‍

പെട്രോള്‍, സി.എന്‍.ജി, ഹൈബ്രിഡ് പതിപ്പുകളിലാണ് മാരുതി അരീന ഡീലര്‍ഷിപ്പുകള്‍ വഴി വിക്ടോറിസ് നിരത്തിലെത്തുന്നത്

Dhanam News Desk

കോംപാക്ട് എസ്.യു.വി സെഗ്‌മെന്റില്‍ വിക്ടോറിസ് (Victoris) എന്ന പേരില്‍ പുതിയ മോഡല്‍ പുറത്തിറക്കി മാരുതി സുസുക്കി. ഗ്രാന്‍ഡ് വിറ്റാറക്കും ബ്രെസക്കും ഇടയിലുള്ള വാഹനം അരീന ഡീലര്‍ഷിപ്പുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. പെട്രോള്‍, സി.എന്‍.ജി, ഹൈബ്രിഡ് പതിപ്പുകളില്‍ വാഹനം ലഭ്യമാകും. പൊതുവെ മാരുതി സുസുക്കി വാഹനങ്ങള്‍ക്ക് സുരക്ഷ കുറവാണെന്ന പ്രചാരണത്തിന് തടയിടാന്‍ ഇക്കുറി ഇടിപരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കുമായാണ് വിക്ടോറിസിന്റെ വരവ്. ഭാരത് എന്‍കാപ് (BNCAP) റേറ്റിംഗില്‍ ഫൈവ് സ്റ്റാര്‍ വാഹനം കരസ്ഥമാക്കിയെന്നാണ് മാരുതി പറയുന്നത്. നേരത്തെ ഡിസയറിനും സമാനമായ റേറ്റിംഗ് ലഭിച്ചിരുന്നു.

സിംപിള്‍ ഡിസൈന്‍

ഒറ്റനോട്ടത്തില്‍ തന്നെ ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന വിധത്തിലുള്ള ലളിതമായ ഡിസൈനാണ് വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്. ഇ-വിറ്റാരയുടേതിന് സമാനമായ മുന്‍വശം കണ്ടുപരിചയിച്ചത് തന്നെ. പരസ്പരം ബന്ധിപ്പിച്ച നിലയിലാണ് മുന്നിലെ എല്‍.ഇ.ഡി ഹെഡ്‌ലാംപുകള്‍ ഒരുക്കിയിരിക്കുന്നത്. വശങ്ങളില്‍ നിന്ന് നോക്കിയാല്‍ ഒരു വലിയ വാഹനത്തിന്റെ ഫീല്‍ നല്‍കാനും മാരുതി ശ്രമിച്ചിട്ടുണ്ട്. ടര്‍ബൈന്‍ കണക്ക് തോന്നിപ്പിക്കുന്ന ഡിസൈനിലുള്ള 17 ഇഞ്ച് എയ്‌റോ കട്ട് അലോയ് വീലുകളും മികച്ചത് തന്നെ. പിന്നില്‍ മറ്റൊരു മാരുതി വാഹനത്തിലും കാണാത്ത രീതിയിലുള്ള കണക്ടഡ് എല്‍.ഇ.ഡി ടെയില്‍ ലാംപുകള്‍ പ്രീമിയം ലുക്ക് നല്‍കുന്നുണ്ട്.

ഇന്റീരിയര്‍

മൂന്ന് ലെയറുകളിലായി ക്രമീകരിച്ചിരിക്കുന്ന കറുപ്പ്, ഐവറി നിറത്തിലുള്ള ഡ്യൂവല്‍ ടോണ്‍ ഡാഷ് ബോര്‍ഡാണ് വിക്ടോറിസിന് നല്‍കിയിരിക്കുന്നത്. വാഹനത്തിനുള്ളില്‍ പ്രീമിയം ലുക്ക് നല്‍കാനായി മികച്ച രീതിയിലുള്ള അപ്‌ഹോള്‍സ്റ്ററിയും ഉള്‍പ്പെടുത്തി. 10.1 ഇഞ്ചിന്റെ പ്രോ-എക്‌സ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും 8 സ്പീക്കറോടെയുള്ള ഇന്‍ഫിനിറ്റി സൗണ്ട് സിസ്റ്റവും വാഹനത്തിലുണ്ട്. 10.25 ഇഞ്ചിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇതാദ്യമായി മാരുതി വാഹനങ്ങളില്‍ ഇടംപിടിച്ചു. 64 കളര്‍ ആംബിയന്റ് ലൈറ്റിംഗും പി.എം 2.5 എയര്‍ ഫില്‍റ്ററും വാഹനത്തിനുള്ളിലുണ്ട്.

ഉള്ളിലെന്താ?

എല്‍.എക്‌സ്.ഐ, വി.എക്‌സ്.ഐ, ഇസഡ്.എക്‌സ്.ഐ, ഇസഡ്.എക്‌സ്.ഐ(ഒ), ഇസഡ്.എക്‌സ്.ഐ പ്ലസ്, ഇസഡ്.എക്‌സ്.ഐ പ്ലസ് (ഒ) എന്നിങ്ങനെ ആറ് വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുന്നത്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് എഞ്ചിന്‍ കോണ്‍ഫിഗറേഷനുകളാണ് വിക്ടോറിസിനുള്ളത്. 103 എച്ച്.പി കരുത്തും 139 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പെട്രോള്‍ എഞ്ചിനാകും. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ ഓപ്ഷനുകളിലാണുള്ളത്. ഫാക്ടറി ഇന്‍സ്റ്റാള്‍ഡ് സി.എന്‍.ജി കിറ്റും വാഹനത്തില്‍ ലഭ്യമാണ്. കൂടാതെ ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനില്‍ ഓള്‍വീല്‍ ഡ്രൈവ് ഓപ്ഷനും വിക്ടോറിസിനുണ്ട്. ഗ്രാന്‍ഡ് വിറ്റാറയിലുള്ളതിന് സമാനമായ 1.5 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് എഞ്ചിന്‍ 92.5 എച്ച്.പി കരുത്തും 122 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഇ-സിവിറ്റി ഗിയര്‍ ബോക്‌സിലാണ് ഹൈബ്രിഡ് വാഹനം നിരത്തിലെത്തുക. വിവിധ മോഡലുകള്‍ക്ക് ലിറ്ററിന് 21.18 മുതല്‍ 28.65 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

പഴയ പപ്പട വണ്ടിയല്ല

പ്രായപൂര്‍ത്തിയായ യാത്രക്കാരുടെ സുരക്ഷയില്‍ 32ല്‍ 31.66 പോയിന്റുകളാണ് വാഹനം നേടിയത്. കുട്ടികളുടെ സുരക്ഷയില്‍ 49ല്‍ 43 പോയിന്റും വിക്ടോറിസ് സ്വന്തമാക്കി. ആറ് എയര്‍ ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡാണ്. ലെവല്‍ 2 അഡാസ്, നാല് ടയറുകളിലും ഡിസ്‌ക് ബ്രേക്ക്, ഇലക്ട്രോണിക്ക് പാര്‍ക്കിംഗ് ബ്രേക്ക്, 360 ഡിഗ്രീ ക്യാമറ തുടങ്ങിയ സജ്ജീകരണങ്ങളും ഒരുക്കി. ഓട്ടോമാറ്റിക്ക് എമര്‍ജന്‍സി ബ്രേക്ക്, അഡാപ്ടീവ് ക്രൂസ് കണ്‍ട്രോള്‍, ലെയിന്‍ കീപ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, റിയര്‍ ക്രോസ് ട്രാഫിക് അലര്‍ട്ട്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഉള്‍പ്പെടുത്തി മാരുതി ഒരുങ്ങിത്തന്നെയാണ്.

വിധിയെഴുത്ത്

മൂന്ന് ഡ്യുവല്‍ ടോണ്‍, 7 മോണോ കളറുകളിലാണ് വാഹനം വിപണിയിലെത്തുന്നത്. ബുക്കിംഗ് ഉടന്‍ ആരംഭിക്കും. ഉത്സവ സീസണിന് മുന്നോടിയായി വാഹനത്തിന്റെ ഡെലിവറി ആരംഭിക്കുമെന്നാണ് കരുതുന്നത്. വില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഹ്യൂണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍, എം.ജി ആസ്റ്റര്‍, ഹോണ്ട എലവേറ്റ് തുടങ്ങിയ മോഡലുകളോടാകും മത്സരം. ഇന്ത്യക്ക് പുറമെ നൂറോളം വിദേശ രാജ്യങ്ങളിലേക്കും വിക്ടോറിസനെ എത്തിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. എസ്‌ക്യൂഡോ എന്ന പേരിലാകും വാഹനം വിദേശ വിപണിയിലെത്തുന്നത്. രാജ്യമാകെ പടര്‍ന്ന് കിടക്കുന്ന സര്‍വീസ് ശൃംഖലയും ഇന്ത്യക്കാര്‍ക്ക് മാരുതി മോഡലുകളോടുള്ള പ്രത്യേക ഇഷ്ടവും കോംപാക്ട് എസ്.യു.വികളോടുള്ള പ്രിയവും ജി.എസ്.ടി നിരക്ക് പരിഷ്‌ക്കാരവും ഉത്സവ കാലത്തെ ഡിമാന്‍ഡും അനുകൂലമാകുമെന്നാണ് മാരുതി സുസുക്കി കരുതുന്നത്. കഴിഞ്ഞ മാസങ്ങളിലെ വില്‍പ്പന മാന്ദ്യം ഇനിയും തുടരുമോയെന്ന ചോദ്യം പിന്നെയും ബാക്കി. എന്തായാലും കാത്തിരുന്ന് കാണാം...

Maruti Suzuki launches the all-new Victoris SUV with bold design, advanced features, mileage details, and full specifications for Indian car buyers.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT