Image Courtesy: Canva 
Auto

മൂന്ന് ലക്ഷം രൂപ വരെ വിലക്കുറവ്! സ്റ്റോക്ക് കൂടിയതോടെ ഇ.വികള്‍ക്ക് ഡിസ്‌കൗണ്ട് മഴ

കമ്പനികള്‍ക്കു പുറമെ ഡീലര്‍ഷിപ്പുകളും പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചതോടെ കോളടിച്ചത് ഉപയോക്താക്കള്‍ക്കാണ്

Dhanam News Desk

ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയം. ഇരുചക്ര വാഹനങ്ങള്‍ അടക്കമുള്ള ഇ.വികള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ടുമായി കമ്പനികള്‍. ഇ.വികളുടെ സ്റ്റോക്ക് വര്‍ധിച്ചത്, കോര്‍പറേറ്റ് ആവറേജ് ഫ്യുവല്‍ എഫിഷ്യന്‍സി (CAFE) നിയന്ത്രണങ്ങള്‍, നിര്‍മാണ സാമഗ്രികളുടെ വില കുറഞ്ഞത് തുടങ്ങിയ കാരണങ്ങളാണ് ഡിസ്‌കൗണ്ട് നല്‍കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. വാഹനങ്ങളുടെ ഇന്ധനക്ഷമത വര്‍ധിപ്പിക്കാനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനും ലക്ഷ്യമിട്ട് നടപ്പിലാക്കിയ നിയന്ത്രണങ്ങളാണ് കോര്‍പറേറ്റ് ആവറേജ് ഫ്യുവല്‍ എഫിഷ്യന്‍സിയില്‍ വരുന്നത്.

ജനപ്രിയ മോഡലുകളായ ടാറ്റ നെക്‌സോണ്‍ ഇ.വി, എക്‌സ്.യു.വി 400 ഇ.വി, എന്നിവക്ക് മൂന്ന് ലക്ഷത്തോളം രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ടാറ്റ നെക്‌സോണിന് പുറമെ പഞ്ച്, ടിയാഗോ എന്നീ മോഡലുകള്‍ക്കും കമ്പനി ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുചക്ര മോഡലുകള്‍ക്കും 10 ശതമാനം മുതല്‍ 20 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഹീറോ വിഡ വി1 പ്രോക്ക് 25,000 രൂപയും വി1 പ്ലസിന് 10,000 രൂപയും ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. കമ്പനികള്‍ക്കു പുറമെ ഡീലര്‍ഷിപ്പുകളും പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചതോടെ കോളടിച്ചത് ഉപയോക്താക്കള്‍ക്കാണ്. മിക്ക ഡീലര്‍മാരും എക്‌സ്‌ചേഞ്ച് ഓഫറായി 15,000 രൂപ വരെയും 5,000 രൂപ വരെയുള്ള അധിക ഡിസ്‌കൗണ്ടും അനുവദിക്കുന്നുമുണ്ട്.

ഫ്‌ളിപ്കാര്‍ട്ട് അടക്കമുള്ള ഓണ്‍ലൈന്‍ സൈറ്റുകളിലും ഇ.വികള്‍ക്ക് വമ്പന്‍ വിലക്കുറവാണ്. ഏതര്‍ 450 സ്വന്തമാക്കുന്നവര്‍ക്ക് 5,000-7,000 രൂപ ഡിസ്‌കൗണ്ട് ലഭിക്കുമെന്നാണ് ഫ്‌ളിപ്കാര്‍ട്ട് പറയുന്നത്. ഏതറിന്റെ മറ്റൊരു മോഡലായ റിസ്റ്റക്ക് 2,500 രൂപ മുതല്‍ 5,000 രൂപ വരെയാണ് വിലക്കുറവ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT