Auto

ഒറ്റ ചാർജിൽ 711 കി.മീ! ഇലക്ട്രിക് കരുത്തിൽ ഞെട്ടിക്കാൻ മെഴ്‌സിഡസ് ബെൻസ് ജിഎൽസി

പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.3 സെക്കന്‍ഡ് മതി

Dhanam News Desk

മെഴ്സിഡസ് ബെന്‍സിന്റെ പുതിയ ഇലക്ട്രിക് ജിഎല്‍സി എസ്‌യുവി പുറത്തിറക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് ആദ്യമായി ഇന്ത്യയില്‍ നിര്‍മിച്ച ഇലക്ട്രിക് ജിഎല്‍സി എസ്‌യുവി പുറത്തിറക്കിയത്. കമ്പനിയുടെ പുതു തലമുറ ഇലക്ട്രിക് വാഹന പ്ലാറ്റ്ഫോമായ എംബിഇഎ-എം അടിസ്ഥാനമാക്കി ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ മെഴ്സിഡസ് ബെന്‍സ് എസ്‌യുവിവിയാണ് ഇലക്ട്രിക് ജിഎല്‍സി.

വാഹനത്തിന് ഒറ്റ ചാര്‍ജില്‍ 711 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. 78.50 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ബുക്കിംഗ് ആരംഭിച്ച് 36 മണിക്കൂറിനുള്ളില്‍ 550ലധികം ഓര്‍ഡറുകളാണ് ലഭിച്ചത്. നവംബര്‍ പകുതിയോടെ വാഹനത്തിന്റെ വിതരണം ആരംഭിക്കും.

ഡ്യുവല്‍ മോട്ടോറുകള്‍ വഴി 360 കിലോവാട്ട് കരുത്തും 800 എന്‍എം ടോര്‍ക്കുമുള്ള ഈ വാഹനത്തിന് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.3 സെക്കന്‍ഡ് മതി. 94 കിലോവാട്ട് അവര്‍ ബാറ്ററിയിയാണ് വാഹനത്തിലുള്ളത്.

800 വോള്‍ട്ട് സാങ്കേതികവിദ്യയുള്ള വാഹനത്തില്‍ 330 കിലോവാട്ടിന്റെ ഡിസി ഫാസ്റ്റ് ചാര്‍ജിംഗും സാധ്യമാണ്. അനുയോജ്യമായ ചാര്‍ജറിലൂടെ 10 മിനിറ്റ് ഫാസ്റ്റ് ചാര്‍ജ് ചെയ്താല്‍ 303 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും.

39.1 ഇഞ്ച് എംബിയുഎക്‌സ് ഹൈപ്പര്‍സ്‌ക്രീന്‍, സ്‌കൈ കണ്‍ട്രോള്‍ പനോരമിക് റൂഫ് എന്നിവയും വാഹനത്തിലുണ്ട്. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്ന ഘടകങ്ങളും വാഹനത്തിലുണ്ട്. ഇതുവരെ ഇന്ത്യയില്‍ 2.40 ലക്ഷത്തിലധികം വാഹനങ്ങള്‍ മെഴ്സിഡസ് ബെന്‍സ് വിറ്റഴിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യയിലെ നിര്‍മാണശാലയിലാണ് നിര്‍മിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT