Auto

വരുന്നത് 10 പുതിയ കാറുകള്‍; ഇവിയിലും ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് മെഴ്സിഡിസ്- ബെന്‍സ് ഇന്ത്യ

2022ല്‍ 15,822 യൂണിറ്റുകളോടെ മെഴ്സിഡിസ്- ബെന്‍സ് ഇന്ത്യ റെക്കോര്‍ഡ് വില്‍പ്പന രേഖപ്പെടുത്തി

Dhanam News Desk

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാവ് മെഴ്സിഡിസ്- ബെന്‍സ് 2023 ല്‍ ഇന്ത്യയില്‍ 10 പുതിയ കാറുകള്‍ അവതരിപ്പിക്കുമെന്ന് അറിയിച്ചു. ഉപഭോക്തൃ അടിത്തറ വിപുലപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. 1.30 കോടി രൂപ വിലയുള്ള എഎംജി അവതാറിലെ ആദ്യ കാബ്രിയോലെറ്റായ മെഴ്സിഡിസ്- എഎംജി ഇ 53 4മാറ്റിക്+ കാബ്രിയോലെറ്റ് ഇന്ത്യയില്‍ പുറത്തിറക്കി കൊണ്ടാണ് മെഴ്സിഡിസ്- ബെന്‍സ് ഇന്ത്യ 2023 ആരംഭിച്ചത്.

2022ല്‍ 15,822 യൂണിറ്റുകളില്‍ റെക്കോര്‍ഡ് വില്‍പ്പന രേഖപ്പെടുത്തിയ മെഴ്സിഡിസ്- ബെന്‍സ് ഇന്ത്യ, കഴിഞ്ഞ വര്‍ഷം ഒരു കോടി രൂപയ്ക്ക് മുകളില്‍ വിലയുള്ള 3,500 കാറുകള്‍ വിറ്റഴിച്ചു. ടോപ്പ് എന്‍ഡ് വാഹന വിഭാഗത്തിലെ ശക്തമായ വളര്‍ച്ചയാണ് കമ്പനിയുടെ വില്‍പ്പന വിജയത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നെന്ന് മെഴ്സിഡിസ്- ബെന്‍സ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യര്‍ പറഞ്ഞു.

മെയ്ബാക്ക്, എഎംജി, എസ്-ക്ലാസ്, ഇക്യുഎസ് എന്നിവ ഉള്‍പ്പെടുന്ന ടോപ്പ് എന്‍ഡ് ലക്ഷ്വറി വിഭാഗം 2022-ല്‍ 69 ശതമാനം വളര്‍ച്ച കൈവരിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിലും മുന്‍നിരയിലെത്താന്‍ മെഴ്സിഡിസ്- ബെന്‍സ് ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ വര്‍ധിപ്പിക്കുന്നതിന് നിലവിലുള്ള ഇലക്ട്രിക് മോഡലുകളായ EQC, EQB, EQS 53 AMG, EQS 580 എന്നിവയിലേക്ക് കൂടുതല്‍ ഇവികള്‍ ചേര്‍ക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT