image credit : canva , MG Motors , Tata Motors 
Auto

ഇവി വിപണിയില്‍ ടാറ്റക്ക് വെല്ലുവിളി! രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ടോപ് ലിസ്റ്റില്‍ കയറി എം.ജിയുടെ പുലിക്കുട്ടി

ബുക്കിംഗ് തുടങ്ങി ആദ്യ 24 മണിക്കൂറില്‍ 15,000 വിന്‍സറുകളാണ് ബുക്ക് ചെയ്യപ്പെട്ടത്

Dhanam News Desk

ഇലക്ട്രിക് വാഹന വിപണിയില്‍ ടാറ്റ മോട്ടോര്‍സിന് കനത്ത വെല്ലുവിളിയായി ജെ.എസ്.ഡബ്ല്യൂ എം.ജി മോട്ടോര്‍. ഇവി വില്‍പ്പനയില്‍ ടാറ്റക്കുണ്ടായിരുന്ന അപ്രമാദിത്തം വിന്‍സര്‍ എന്ന മോഡല്‍ നിരത്തിലെത്തിയപ്പോള്‍ മുതല്‍ ഭീഷണിയിലാണ്. കഴിഞ്ഞ മാസം രാജ്യത്ത് ആകെ വിറ്റ ഇലക്ട്രിക് കാറുകളില്‍ 30 ശതമാനവും വിന്‍സറായിരുന്നു. നിരത്തിലെത്തിയ ശേഷം എല്ലാ ദിവസവും ശരാശരി 200 ബുക്കിംഗുകളെങ്കിലും ലഭിച്ചുവെന്ന റെക്കോഡും വിന്‍സറിന് സ്വന്തം. ബുക്കിംഗ് തുടങ്ങി ആദ്യ 24 മണിക്കൂറില്‍ 15,000 വിന്‍സറുകളാണ് ബുക്ക് ചെയ്യപ്പെട്ടത്. ഇതോടെ വാഹനം ഡെലിവറി കിട്ടാന്‍ നാല് മുതല്‍ ആറ് മാസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്.

ടാറ്റയുടെ വിപണി വിഹിതത്തിലും ഇടിവ്

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 74 ശതമാനമായിരുന്നു ഇവി രംഗത്ത് ടാറ്റയുടെ വിപണി വിഹിതം. ഇത് ഇക്കൊല്ലം 58 ശതമാനമായി കുറഞ്ഞതായി ദ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (ഫാഡ) കണക്കുകള്‍ വ്യക്തമാക്കുന്നു. ആറ് മാസ ഇടവേളകളില്‍ പുതിയ മോഡലുകള്‍ നിരത്തിലെത്തിക്കുമെന്ന് കൂടി എം.ജി മോട്ടോര്‍ വ്യക്തമാക്കിയതോടെ വിപണിയില്‍ ടാറ്റയുമായുള്ള മത്സരം വര്‍ധിക്കുമെന്ന് ഉറപ്പാണ്. ഒക്ടോബറില്‍ 3,116 വിന്‍സറുകളാണ് നിരത്തിലെത്തിയത്. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഇലക്ട്രിക് കാറെന്ന ടാറ്റ നെക്‌സോണിന്റെ റെക്കോഡാണ് തകര്‍ന്നത്. നവംബറില്‍ ഇത് വര്‍ധിക്കുമെന്നാണ് വാഹന വിദഗ്ധര്‍ പറയുന്നത്. അടുത്ത ജനുവരി മുതല്‍ വിന്‍സര്‍ ഉള്‍പ്പെടെയുള്ള ഇവി കാറുകളുടെ ഉത്പാദനം കൂട്ടുമെന്നും എം.ജി അറിയിച്ചിട്ടുണ്ട്.

വിപ്ലവം സൃഷ്ടിച്ചത് ഈ നീക്കം

ഇ.വി വിപണിയില്‍ ആവശ്യക്കാര്‍ കുറവാണെന്നും വില്‍പന കുറയുമെന്നുമുള്ള ആശങ്കകള്‍ക്കിടെയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് എം.ജി ബാറ്ററി ആസ് എ സര്‍വീസ് (ബാസ്) പദ്ധതി അവതരിപ്പിച്ചത്. ബാറ്ററി പണം കൊടുത്ത് വാങ്ങാതെ വാടകക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലേക്ക് മാറിയതോടെ കുറഞ്ഞ വിലക്ക് വിന്‍സര്‍ നിരത്തിലിറക്കാനും കമ്പനിക്ക് കഴിഞ്ഞു. എന്നാല്‍ ബാസ് പദ്ധതിയെക്കുറിച്ച് പഠിച്ചിട്ടുണ്ടെന്നും ഇക്കാര്യം പൂര്‍ണമായും നടപ്പിലാക്കാന്‍ കഴിയില്ലെന്നുമാണ് ടാറ്റ മോട്ടോര്‍സിന്റെ നിലപാട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT