canva
Auto

സ്‌കൂട്ടറിനും ബൈക്കിനും ₹20,000 വരെ കുറയും! ചെത്ത് ബൈക്കുകള്‍ക്ക് കുത്തനെ കൂടും, ജി.എസ്.ടി മാറ്റം ഇരുചക്ര വിപണിയെ ബാധിക്കുന്നത് ഇങ്ങനെ

നിലവില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് 28 ശതമാനമാണ് ജി.എസ്.ടി ചുമത്തുന്നത്. സെപ്റ്റംബര്‍ 22 മുതല്‍ 350 സിസി വരെയുള്ള ബൈക്കുകളുടെ ജി.എസ്.ടി 18 ശതമാനമായി കുറയും

Dhanam News Desk

ഇരുചക്ര വിപണിയെ രണ്ടായി വിഭജിച്ച് പുതിയ ജി.എസ്.ടി പരിഷ്‌ക്കരണം. 350 സിസി വരെ എഞ്ചിന്‍ ശേഷിയുള്ള വാഹനങ്ങള്‍ക്ക് വില കുറയുമ്പോള്‍ അതിന് മുകളിലുള്ള മോഡലുകള്‍ക്ക് വില കുത്തനെ ഉയരും. നിലവില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് 28 ശതമാനമാണ് ജി.എസ്.ടി ചുമത്തുന്നത്. സെപ്റ്റംബര്‍ 22 മുതല്‍ 350 സിസി വരെയുള്ള ബൈക്കുകളുടെ ജി.എസ്.ടി 18 ശതമാനമായി കുറയും. അതായത് ഒരു ലക്ഷം രൂപ വിലയുള്ള ബൈക്കിന് 10,000 രൂപ വരെ കുറവുണ്ടാകും. ഇത് ഡെയിലി കമ്യൂട്ടിംഗ് സെഗ്‌മെന്റിനും ആദ്യമായി ഇരുചക്ര വാഹനം വാങ്ങുന്നവര്‍ക്കും ഗുണമാകും. ഇരുചക്ര വിപണിയില്‍ പുറത്തിറങ്ങുന്ന 95 ശതമാനം വാഹനങ്ങളും ഈ ശ്രേണിയില്‍ പെട്ടവയാണെന്നാണ് കണക്ക്.

ചെത്ത് ബൈക്കുകള്‍ക്ക് പണിയാകും

അതേസമയം, 350 സിസിയില്‍ കൂടുതല്‍ എഞ്ചിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് തീരുമാനം തിരിച്ചടിയാകും. നിലവിലുണ്ടായിരുന്ന ജി.എസ്.ടി 28 ശതമാനത്തില്‍ നിന്നും 40 ശതമാനത്തിലേക്കാണ് ഉയര്‍ത്തിയത്. ഇതോടെ റോയല്‍ എന്‍ഫീല്‍ഡ്, കെ.ടി.എം ഹീറോ, ബജാജ്, ട്രയംഫ് തുടങ്ങിയ കമ്പനികളുടെ ജനപ്രിയ മോഡലുകള്‍ക്ക് വില കൂടും. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍, ഗറില്ല മോഡലുകള്‍ക്ക് 25,000 രൂപ വരെയും ബി.എസ്.എ ഗോള്‍ഡ് സ്റ്റാര്‍ പോലുള്ള മോഡലുകള്‍ക്ക് 40,000 രൂപ വരെയും വില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇവയെ ബാധിക്കും

റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രീമിയം മോഡലുകളായ ക്ലാസിക്ക് 650, സ്‌ക്രാം 440, ഷോട്ട്ഗണ്‍ 650, സൂപ്പര്‍ മിറ്റിയോര്‍ 650, ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജി.ടി തുടങ്ങിയ മോഡലുകളുടെയും വില വര്‍ധിക്കും. കൂടാതെ കെ.ടി.എമ്മിന്റെ 390 സീരിസ്, ബജാജ് പള്‍സര്‍ എന്‍ എസ് 400, ട്രയംഫ് സ്പീഡ് 400, സ്‌ക്രാംബ്‌ളര്‍ 400 തുടങ്ങിയ മോഡലുകളെയും തീരുമാനം സാരമായി ബാധിക്കുമെന്നാണ് കരുതുന്നത്. ജി.എസ്.ടി തീരുമാനം നടപ്പിലാകുന്നതിന് മുമ്പ് ഇത്തരം മോഡലുകളുടെ വില്‍പ്പന വര്‍ധിച്ചിട്ടുണ്ടെന്ന് കൊച്ചിയിലെ പ്രീമിയം ബൈക്ക് ഡീലര്‍മാര്‍ പറയുന്നു.

വിപണിക്ക് തിരിച്ചടിയെന്ന് വിദഗ്ധര്‍

ഇരുചക്ര വാഹനങ്ങളുടെ നികുതി പരിഷ്‌ക്കാരം ചെറിയ ബൈക്കുകളുടെയും സ്‌കൂട്ടറുകളെയും വില്‍പ്പന വര്‍ധിപ്പിക്കുമെങ്കിലും പ്രീമിയം സെഗ്‌മെന്റിന് തിരിച്ചടിയാണ്. ഇരുചക്ര വാഹനങ്ങള്‍ക്ക് ഒരേ തരത്തിലുള്ള നികുതി ഏര്‍പ്പെടുത്തണമെന്ന് വാഹന കമ്പനികളും സംഘടനകളും തുടക്കത്തില്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വലിയ ബൈക്കുകളെ ആഡംബരമായി കാണുന്നത് വിനോദസഞ്ചാരം, ലൈഫ്‌സ്റ്റൈല്‍, കയറ്റുമതി എന്നിവക്ക് തിരിച്ചടിയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആഗോളതലത്തില്‍ പ്രീമിയം ബൈക്ക് വിപണിയില്‍ ഇന്ത്യയുടെ സാധ്യതകള്‍ക്ക് തീരുമാനം മങ്ങലേല്‍പ്പിക്കുമെന്നും ഇവര്‍ പറയുന്നു.

പ്രീമിയം ബൈക്ക് വിപണി

ഉയര്‍ന്ന വാങ്ങല്‍ ശേഷിയുള്ള നഗരകേന്ദ്രീകൃതമായ യുവത്വമുള്ള ഇന്ത്യയില്‍ പ്രീമിയം ബൈക്കുകള്‍ക്ക് വലിയ വിപണിയാണുള്ളത്. ആകെ വില്‍പ്പനയുടെ പത്തിലൊന്ന് മാത്രമാണ് പ്രീമിയം ബൈക്കുകളെങ്കിലും നല്ല വളര്‍ച്ച ഈ സെഗ്‌മെന്റിലുണ്ടെന്ന് കമ്പനികളും പറയുന്നു. കഴിഞ്ഞ വര്‍ഷം 350 സിസിക്ക് മുകളിലുള്ള ഒന്നര ലക്ഷത്തിലധികം വണ്ടികള്‍ വീതമാണ് റോയല്‍ എന്‍ഫീല്‍ഡും ബജാജും നിരത്തിലെത്തിച്ചത്. രണ്ട് വര്‍ഷത്തിനുള്ളില്‍ 70,000ലധികം വാഹനങ്ങള്‍ നിരത്തിലെത്തിക്കാന്‍ ട്രയംഫിനും കഴിഞ്ഞു. എന്നാല്‍ പ്രീമിയം വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് വിലയിലെ ചെറിയ മാറ്റങ്ങള്‍ പ്രശ്‌നമല്ലെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്.

രക്ഷപ്പെട്ടത് ബുള്ളറ്റ്

പേരിനൊപ്പം 350 എന്നുണ്ടെങ്കിലും 349 സിസി എഞ്ചിന്‍ ശേഷിയുള്ളവയാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 350, ബുള്ളറ്റ് 350, മിറ്റിയോര്‍ 350 എന്നീ മോഡലുകള്‍. ഹോണ്ട സിബി 350ക്കാകട്ടെ 348.66 സിസി എഞ്ചിനും. ജാവ, യെസ്ഡി മോഡലുകള്‍ക്കും സമാനമായ ഇളവ് ലഭിക്കും. ജി.എസ്.ടി ഇളവ് ലഭിക്കാനായി പ്രീമിയം ബൈക്ക് നിര്‍മാതാക്കള്‍ 350 സിസിക്കുള്ളില്‍ എഞ്ചിന്‍ ശേഷിയുള്ള മോഡലുകള്‍ നിരത്തിലിറക്കാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്.

GST rate changes bring up to ₹20,000 price cuts on mid-capacity bikes. What does this mean for the two-wheeler segment in India? Explore impact on sales, affordability, and industry growth.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT