രാജ്യത്ത് നവരാത്രി സീസണിലെ വാഹന വില്‍പനയില്‍ ഇടിവ്. കഴിഞ്ഞ വര്‍ഷത്തെ 12.01 ലക്ഷം യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 6.52 ശതമാനമാണ് ഇടിവെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍സ് (FADA) കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം നവരാത്രിയില്‍ 11.23 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. വാഹന വില്‍പന പുതിയ റെക്കോഡ് രേഖപ്പെടുത്തുമെന്ന പ്രതീക്ഷിച്ചിരുന്നിടത്താണ് ഈ കുറവ്.
പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹന വിപണി ശക്തമായ വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു. നവരാത്രിയിലെ ഇവി റീട്ടെയില്‍ വില്‍പന 26.78 ശതമാനം ഉയര്‍ന്ന് 1,17,437 യൂണിറ്റിലെത്തി. 2025ല്‍ ഇത് 92,628 യൂണിറ്റായിരുന്നു. അതേസമയം, 2024ലെ നവരാത്രിയുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്തം വാഹന വില്‍പന 26.76 ശതമാനം ഉയര്‍ന്നിട്ടുണ്ട്. അന്ന് 8.86 ലക്ഷം വാഹനങ്ങളായിരുന്നു വിറ്റഴിച്ചത്.
ഈ വര്‍ഷത്തെ ഉത്സവകാല വാഹന വില്‍പനയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം ഏകദേശം 10.5 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് ഏകദേശം 7.7 ശതമാനമായിരുന്നു. ഗ്രാമീണ മേഖലയിലെ ആവശ്യകത മെച്ചപ്പെട്ടതും എന്‍ട്രി ലെവല്‍ വാഹനങ്ങളുടെ ലഭ്യതയും ഇലക്ട്രിക് മൊബിലിറ്റിയിലേക്കുള്ള ഇന്ത്യക്കാരുടെ താല്‍പര്യം വര്‍ധിച്ചതുമാണ് ഇവിക്ക് ഗുണം ചെയ്യുന്നതെന്ന് FADA പ്രസിഡന്റ് സായി ഗിരിധര്‍ പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യകത വര്‍ധിക്കുന്നതിനിടെ വിതരണമാണ് ഡീലര്‍മാര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഇവി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന പല ഡീലര്‍മാര്‍ക്കും ആവശ്യത്തിന് വാഹനങ്ങള്‍ ലഭ്യമല്ലെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ആഗോള വിതരണ ശൃംഖലയിലെ അനിശ്ചിതത്വവും ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കള്‍ കൊണ്ടുപോകുന്നതിനുള്ള പ്രത്യേക ചരക്കുകപ്പലുകളുടെ ലഭ്യതക്കുറവും വിതരണത്തെ ബാധിക്കുന്നു.
ഹ്യുണ്ടായി നവരാത്രി കാലയളവില്‍ രജിസ്‌ട്രേഷനില്‍ 30 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ഏകദേശം 41,000 വാഹനങ്ങളാണ് ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.
ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ഉത്സവകാലത്ത് 50,000ത്തിലധികം വാഹനങ്ങള്‍ ഡെലിവറി ചെയ്തതായി അറിയിച്ചു. ദസറ ദിനത്തില്‍ മാത്രം 10,000ത്തിലധികം വാഹനങ്ങളാണ് കൈമാറിയത്.
Read DhanamOnline in English
Subscribe to Dhanam Magazine