Image courtesy: canva/tesla/tata 
Auto

സെമികണ്ടക്ടര്‍ ചിപ്പുകള്‍ വേണം; ടാറ്റ ഇലക്ട്രോണിക്സുമായി കൈകോര്‍ത്ത് ടെസ്‌ല

ഇന്ത്യയില്‍ വിതരണ ശൃംഖലയും തുടങ്ങിയേക്കും

Dhanam News Desk

ടാറ്റ ഗ്രൂപ്പിന്റെ ടാറ്റ ഇലക്ട്രോണിക്സുമായി കരാറിലേര്‍പ്പെട്ട് യു.എസ് വൈദ്യുത വാഹന നിര്‍മ്മാതാക്കളായ ടെസ്‌ല. വൈദ്യുത വാഹനങ്ങള്‍ക്കായി സെമികണ്ടക്ടര്‍ ചിപ്പുകള്‍ സ്വന്തമാക്കുന്നതിനു വേണ്ടിയാണ് ടെസ്‌ല ഈ കരാറിലേര്‍പ്പെട്ടെതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ടെസ്‌ലയുടെ മേധാവി ഇലോണ്‍ മസ്‌ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഈ മാസം 22ന് കൂടികാഴ്ച്ച നടത്താനിരിക്കേയാണ് ടാറ്റയുമായുള്ള കരാര്‍. സെമികണ്ടക്ടടര്‍ ചിപ്പുകളുടെ നിര്‍മ്മാണം കൂട്ടുന്നതിന്റെ ഭാഗമായി ടാറ്റ ഇലക്ട്രോണിക്സ് ജീവനക്കാരുടെ എണ്ണം അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു.

പുത്തന്‍ വാഹന നയം തുണയായി

വാഹന ഉല്‍പാദനത്തിനപ്പുറം ഇന്ത്യയില്‍ വിതരണ ശൃംഖലയും തുടങ്ങാന്‍ ടെസ്‌ലയ്ക്ക് താത്പര്യമുണ്ട്‌. കമ്പനിയുടെ മുഖ്യ വിപണികളായ യു.എസിലെയും ചൈനയിലെയും ഡിമാന്‍ഡ് മന്ദഗതിയിലായ സമയത്താണ് ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ്.

♦ ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സാപ്പ്, ടെലഗ്രാം

പുത്തന്‍ വാഹന നയം കൊണ്ടുവന്നതോടെയാണ് ടെസ്‌ലയ്ക്ക് ഇന്ത്യയിലെത്താന്‍ വഴി തെളിഞ്ഞത്. ഇന്ത്യയുടെ പുത്തന്‍ വാഹന നയം പ്രകാരം രാജ്യത്ത് 500 മില്യണ്‍ ഡോളറിന്റെ (4150 കോടി രൂപ) നിക്ഷേപം നടത്തുകയും ഫാക്ടറി സ്ഥാപിക്കുകയും ചെയ്യുന്ന വൈദ്യുത വാഹന നിര്‍മാതാക്കളുടെ ചില മോഡലുകള്‍ക്ക് ഇറക്കുമതി തീരുവ 15 ശതമാനമായി വെട്ടി കുറയ്ക്കും. നിലവിലിത് 100 ശതമാനമാണ്.

ഫാക്ടറി ഗുജറാത്തിലോ

ടെസ്‌ല ഇന്ത്യയിലെത്തുമെന്ന് ഉറപ്പായതോടെ ഫാക്ടറി നിര്‍മ്മാണത്തിന് ഇന്ത്യയില്‍ സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും സൂചനയുണ്ട്. ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും സംസ്ഥാന സര്‍ക്കാരുകള്‍ ടെസ്‌ലയ്ക്ക്‌ ഫാക്ടറി നിര്‍മ്മിക്കുന്നതിന് ഭൂമി വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവില്‍ ഗുജറാത്തിനാണ് കൂടുതല്‍ സാധ്യത. അതേസമയം ഇന്ത്യയില്‍ ഫാക്ടറി തുറക്കുന്നത് സംബന്ധിച്ച് ടെസ്‌ല ഔദ്യോഗികമായി ഇനിയും പ്രതികരിച്ചിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT