Auto

പുത്തന്‍ അംബാസഡറിനായി നീളുന്ന കാത്തിരുപ്പ്, 2022ല്‍ ഇ-ആംബി എത്തിയേക്കും

Dhanam News Desk

മലയാളിയുടെ മനസിന്റെ കോണില്‍ അംബാസിഡര്‍ കാറിനെ ചുറ്റിപ്പറ്റിയുള്ള ഏതെങ്കിലുമൊക്കെ ഓര്‍മ്മകളുണ്ടാകും. അതാണ് അംബാസഡര്‍ വെറുമൊരു കാര്‍ എന്നതിലുപരി ഒരു വികാരം ആകുന്നത്. ഇപ്പോഴിതാ പുതിയ അംബാസഡര്‍ കാറിന് വേണ്ടിയുള്ള കാത്തിരുപ്പിലാണ് ആരാധകര്‍. ഇ-ആംബി എന്ന് പേരിട്ടിരിക്കുന്ന പുതിയ മോഡല്‍ 2022ല്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2021 അവസാനത്തോടെ ഈ മോഡല്‍ വിപണിയിലിറക്കാനായിരുന്നു ലക്ഷ്യമെങ്കിലും ഇപ്പോഴത് 2022ലേക്ക് മാറ്റിയിട്ടുണ്ട്.

ആറ് ദശാബ്ദത്തെ ചരിത്രമാണ് അംബാസഡറിനുള്ളത്. ഇന്ത്യയുടെ ദേശീയ കാര്‍ എന്നറിയപ്പെട്ടിരുന്ന അംബാസഡര്‍ പിന്നീട് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ പ്യൂഷോ സ്വന്തമാക്കിയിരുന്നു. സി.കെ ബിര്‍ളയുമായുള്ള സംയുക്ത സംരംഭവുമായി ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയാണ് പ്യൂഷോ. ഇ-ആംബി എന്ന പേരിലാണ് പുതിയ അംബാസഡറെത്തുന്നത്. പഴയ വാഹനം  പൂനര്‍രൂപകല്‍പ്പന ചെയ്ത് ഇലക്ട്രിക് ആയി പുതിയ പ്രീമിയം മുഖം നല്‍കിയത് ദീലീപ് ഛാബ്രിയയാണ്.

ഇ-ആംബിയുടെ സവിശേഷതകള്‍ ദിലീപ് ഛാബ്രിയയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്റീരിയറില്‍ പഴയ അംബാസഡറുമായി യാതൊരു സാമ്യവുമുണ്ടാകില്ല. പ്രീമിയം കാറിന്റെ എല്ലാ സൗകര്യങ്ങളുമുണ്ടാകും. കണ്‍സപ്റ്റ് ഡിസൈനില്‍ രണ്ട് ഡോര്‍ ആണ് കാണുന്നതെങ്കിലും വിപണിയിലെത്തുമ്പോള്‍ നാല് ഡോറുകളുണ്ടാകും.

160 കിലോവാട്ട് ബാറ്ററി പായ്‌ക്കോടെ വരുന്ന ഇത് മുഴുവനായി ചാര്‍ജ് ചെയ്താല്‍ 190-200 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിഞ്ഞേക്കും. മുഴുവനായി റീചാര്‍ജ് ചെയ്യാന്‍ 5-6 മണിക്കൂറാണ് എടുക്കുന്നത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ എത്താന്‍ 4-5.5 സെക്കന്‍ഡുകള്‍ക്ക് താഴെ മാത്രമേ എടുക്കൂവെന്നാണ് ഛാബ്രിയ പറയുന്നത്.

രാജ്യാന്തരവിപണിയും ഇ-ആംബിയിലൂടെ കമ്പനി ലക്ഷ്യം വെക്കുന്നുണ്ട്. വര്‍ഷം 5000 യൂണിറ്റുകള്‍ വില്‍ക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യം ഡല്‍ഹി, ബാംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളിലായിരിക്കും വാഹനം വിപണിയിലിറക്കുന്നത്. അതിനുശേഷം മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.

ഇലക്ട്രിക് കാറുകള്‍ക്ക് ജിഎസ്ടി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനാല്‍ 40-45 ലക്ഷം രൂപയില്‍ വില്‍ക്കാനായേക്കുമെന്നാണ് ഛാബ്രിയയുടെ പ്രതീക്ഷ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT