kia
Auto

വിലയിലും ഞെട്ടിച്ച് കിയ സിറോസ്! പ്രാരംഭ വില ₹9 ലക്ഷം, വണ്ടിഭ്രാന്തന്മാര്‍ക്കായി എക്‌സ് ലൈനും വരും

സെഗ്‌മെന്റില്‍ ആദ്യമായി പിന്‍നിരയില്‍ വെന്റിലേറ്റഡ് സൗകര്യത്തോടെയുള്ള റിക്ലൈനിംഗ് സീറ്റുകളും കൊണ്ടുവന്നു

Dhanam News Desk

അടുത്തിടെ കൊറിയന്‍ വാഹന നിര്‍മാതാവായ കിയ മോട്ടോഴ്‌സ് അവതരിപ്പിച്ച കോംപാക്ട് എസ്.യു.വി സിറോസിന്റെ വില വിവരങ്ങള്‍ പുറത്ത്. 9 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ഏറ്റവും പ്രീമിയം വേരിയന്റായ എച്ച്.ടി.എക്‌സ് പ്ലസിന് 17 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. പത്ത് ലക്ഷത്തിന് മുകളില്‍ പ്രാരംഭ വിലയുണ്ടാകുമെന്നായിരുന്നു വാഹന ലോകം പ്രതീക്ഷിച്ചിരുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കുമെന്നാണ് കരുതുന്നത്. കിയയുടെ മിക്ക മോഡലുകളിലും കാണുന്നത് പോലെ കൂടുതല്‍ ഫീച്ചറുകളോടെ എക്‌സ് ലൈന്‍ വേരിയന്റും ഇക്കൊല്ലം തന്നെ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

ഡിസൈന്‍

കിയയുടെ രണ്ടാം തലമുറ ഡിസൈന്‍ ലാംഗ്വേജിലാണ് വാഹനത്തിന്റെ നിര്‍മാണം. മുന്നില്‍ ഐസ് ക്യൂബുകളെപ്പോലെ തോന്നിക്കുന്ന ഹെഡ്‌ലാംപുകളും ഡി.ആര്‍.എല്ലുകളും, എല്‍ ആകൃതിയിലുള്ള ടെയില്‍ ലാംപുകള്‍, 17 ഇഞ്ച് ഡ്യൂവല്‍ ടോണ്‍ ടയറുകള്‍, ഇന്റഗ്രേറ്റഡ് സ്‌പോയിലര്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ സൈഡ് മിറര്‍, മികച്ച രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ഫ്‌ളഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവ സിറോസിന് പ്രീമിയം ലുക്ക് നല്‍കുന്നുണ്ട്.

ഇന്റീരിയര്‍

ഡ്യൂവല്‍ ടോണിലുള്ള ഇന്റീരിയറിന്റെ ഭംഗി കൂട്ടാന്‍ 12.3 ഇഞ്ചിന്റെ ഇരട്ട സ്‌ക്രീനുകളും എസി കണ്‍ട്രോളുകള്‍ക്കായി മറ്റൊരു സ്‌ക്രീനും നല്‍കിയിട്ടുണ്ട്. വാഹനത്തിലെ വിവിധ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്ന സ്വിച്ചുകളോടെയുള്ള ടു സ്‌പോക്ക് സ്റ്റിയറിംഗ് വീലും മികച്ചതാണ്. ഒപ്പം വലിയ പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ഡ്രൈവിംഗ് സീറ്റ്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ സൗകര്യങ്ങളുമൊരുക്കി. സെഗ്‌മെന്റില്‍ ആദ്യമായി പിന്‍നിരയില്‍ വെന്റിലേറ്റഡ് സൗകര്യത്തോടെയുള്ള റിക്ലൈനിംഗ് സീറ്റുകളും കൊണ്ടുവന്നു. ലെവല്‍ ടു അഡാസ് ഉള്‍പ്പെടെയുള്ള നിരവധി സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്. ഇടിപ്പരീക്ഷയില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടാന്‍ കഴിയുന്ന തരത്തിലുള്ള സുരക്ഷയൊരുക്കിയിട്ടുണ്ടെന്നാണ് കിയ പറയുന്നത്.

എഞ്ചിന്‍

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിനെ ചലിപ്പിക്കുന്നത്. 118 ബി.എച്ച്.പി കരുത്തും 172 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന മികച്ച എഞ്ചിനാണിത്. ഇതിന് പുറമെ 114 എച്ച്.പി കരുത്തും 250 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലും വണ്ടി കിട്ടും. ലിറ്ററിന് 17.65 കിലോമീറ്റര്‍ മുതല്‍ 20.75 കിലോമീറ്റര്‍ വരെ വാഹനത്തിന് മൈലേജും ലഭിക്കും. 6 സ്പീഡ് ഗിയര്‍ ബോക്‌സിലും ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമേറ്റികിലും വാഹനം ലഭിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT