canva
Auto

പുതുവര്‍ഷത്തില്‍ പുതിയ പ്രൈസ് ടാഗ്, ഹ്യുണ്ടായ് മുതല്‍ ബെന്‍സ് വരെ വിലയില്‍ ലക്ഷങ്ങളുടെ വ്യത്യാസം

കഴിഞ്ഞ വര്‍ഷത്തെ ജി.എസ്.ടി നിരക്ക് കുറവിലുണ്ടായ ആശ്വാസത്തിന്റെ തിളക്കം കുറച്ചുകൊണ്ടാണ് പുതിയ വര്‍ധന

Dhanam News Desk

പുതുവര്‍ഷത്തില്‍ വാഹന വിപണിയില്‍ നിന്നും വില വര്‍ധനയുടെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. നിര്‍മ്മാണ മേഖലയിലെ ചെലവുകള്‍ വര്‍ധിച്ചതും മറ്റ് അനുബന്ധ സാമ്പത്തിക ഘടകങ്ങളുമാണ് വില വര്‍ധിപ്പിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്.

വാഹനപ്രേമികള്‍ക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ച ജിഎസ്ടി (GST) ഇളവുകളുടെ തിളക്കം കുറച്ചുകൊണ്ടാണ് കാര്‍ നിര്‍മാതാക്കളുടെ പ്രഖ്യാപനം.

സാധാരണയായി എല്ലാ വര്‍ഷവും ജനുവരി മാസത്തില്‍ പ്രമുഖ വാഹന നിര്‍മ്മാതാക്കളെല്ലാം വില വര്‍ധിപ്പിക്കാറുണ്ട്. ഡിസംബര്‍ 31-നകം ബുക്കിംഗ് പൂര്‍ത്തിയാക്കിയവര്‍ക്ക് വില വര്‍ധന ബാധിക്കില്ല. വര്‍ഷാവസാന ഡിസ്‌കൗണ്ടുകളും പല ഡീലര്‍ഷിപ്പുകളും വാഗ്ദാനം ചെയ്തിരുന്നു.

ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ

രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (HMIL), എല്ലാ മോഡലുകള്‍ക്കും ജനുവരി ഒന്നുമുതല്‍ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചിട്ടുണ്ട്. എല്ലാ മോഡലുകള്‍ക്കും ശരാശരി 0.6 ശതമാനം വര്‍ധനയാണ് കമ്പനി നടപ്പിലാക്കുന്നത്.

ഹ്യുണ്ടായുടെ എന്‍ട്രി ലെവല്‍ മോഡലായ ഗ്രാന്‍ഡ് i10 നിയോസ് മുതല്‍ പ്രീമിയം ഇലക്ട്രിക് വാഹനമായ അയോണിക് 5 (Ioniq 5) വരെയുള്ള എല്ലാ കാറുകള്‍ക്കും ഈ വില വര്‍ധനവ് ബാധകമായിരിക്കും.

ഹോണ്ട

ഹോണ്ടയാണ് ഈ വര്‍ഷം വില വര്‍ധനയുമായി ആദ്യം രംഗത്തെത്തിയ കമ്പനി. എല്ലാ വിഭാഗത്തിലുമുള്ള കാറുകള്‍ക്ക് വില വര്‍ധിപ്പിക്കുമെന്നാണ് ഹോണ്ട അറിയിക്കുന്നത്. അമേസ്, സിറ്റി, സിറ്റി ഹൈബ്രിഡ്, എലിവേറ്റ് എസ്.യു.വി എന്നീ മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. ജനപ്രിയ മോഡലായ സിറ്റിയുടെപരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിക്കാനും ഹോണ്ടയും തയ്യാറെടുക്കുന്നു.

എംജി മോട്ടോര്‍

എംജി മോട്ടോര്‍ പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 2 ശതമാനം വരെയാണ് വില കൂട്ടുന്നത്.

വിന്‍ഡ്സര്‍ ഇവിയുടെ (Windsor EV) വില 30,000 - 37,000 രൂപ വര്‍ധിക്കും. കോമറ്റ് ഇവിയുടെ (Comet EV) വില 10,000 - 20,000 രൂപ രെയും വര്‍ധിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

നിസാന്‍

നിസാന്‍ കാറുകള്‍ക്ക് മൂന്ന് ശതമാനം വരെ വില കൂടും. ഇതോടെ ജനപ്രിയ മോഡലായ മാഗ്നൈറ്റിന് (Magnite) 17,000 രൂപ മുതല്‍ 32,000 രൂപ വരെ അധികം നല്‍കേണ്ടി വരും. മാര്‍ച്ച് മാസത്തോടെ 'ഗ്രാവിറ്റ്' (Gravite) എന്ന പുതിയ എംപിവി വിപണിയിലെത്തിക്കാനും നിസാന്‍ ലക്ഷ്യമിടുന്നുണ്ട്.

റെനോ

റെനോയുടെ ക്വിഡ്, ട്രൈബര്‍, കൈഗര്‍ മോഡലുകള്‍ക്ക് 2 ശതമാനം വരെ വില കൂടും. വൈകാതെ തന്നെ പുതിയ 'ഡസ്റ്റര്‍' വിപണിയിലെത്തിക്കാനും റെനോ തയ്യാറെടുക്കുകയാണ്.

ബിവൈഡി

ബിവൈഡി സീലിയോണ്‍ 7 (Sealion 7) മോഡലിന് വില വര്‍ദ്ധിപ്പിക്കുമെങ്കിലും ഡിസംബര്‍ 31-നകം ബുക്ക് ചെയ്യുന്നവര്‍ക്ക് പഴയ വിലയില്‍ വാഹനം ലഭിക്കും.

മറ്റ് മുന്‍നിര കമ്പനികളും വരും ദിവസങ്ങളില്‍ സമാനമായ പ്രഖ്യാപനങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.

മെഴ്സിഡസ് ബെന്‍സ്

മെഴ്സിഡസ് ബെന്‍സ് എല്ലാ മോഡലുകള്‍ക്കും 2 ശതമാനം വരെയാണ് വില വര്‍ധിപ്പിക്കുന്നത്. ഇതോടെ GLS മോഡലുകള്‍ക്ക് 2.64 ലക്ഷം മുതല്‍ 2.68 ലക്ഷം രൂപ വരെ വില കൂടും. എന്നാല്‍ ജിഎസ്ടി ഇളവ് വഴി ഈ കാറുകള്‍ക്ക് നേരത്തെ 9 ലക്ഷം രൂപയിലധികം കുറഞ്ഞിരുന്നു എന്നത് ശ്രദ്ധേയമാണ്.

ബിഎംഡബ്ല്യു

2025 സെപ്റ്റംബറില്‍ 3 ശതമാനം വില വര്‍ധിപ്പിച്ചതിന് പിന്നാലെ ജനുവരി ഒന്നുമുതല്‍ വീണ്ടും നിരക്ക് വര്‍ധിപ്പിക്കാന്‍ ബിഎംഡബ്ല്യു തീരുമാനിച്ചു. ലോജിസ്റ്റിക്‌സ് ചെലവുകള്‍ ഉയര്‍ന്നതാണ് കാരണം. ഇവരുടെ 3 സീരീസ് കാറുകള്‍ക്ക് 1.81 ലക്ഷം രൂപ മുതല്‍ 1.85 ലക്ഷം രൂപ വരെ വര്‍ധന് പ്രതീക്ഷിക്കാം.

ജിഎസ്ടി പരിഷ്‌കാരങ്ങള്‍ ബിഎംഡബ്ല്യു മോഡലുകള്‍ക്ക് 13.6 ലക്ഷം രൂപ വരെയും മെഴ്സിഡസ് മോഡലുകള്‍ക്ക് 25 ലക്ഷം രൂപ വരെയും വില കുറയാന്‍ കാരണമായിരുന്നു. അതുകൊണ്ട് തന്നെ ജനുവരിയിലെ ഈ ചെറിയ വില വര്‍ദ്ധനവിന് ശേഷവും കാറുകളുടെ വില പഴയ (Pre-GST) നിരക്കിനേക്കാള്‍ കുറവായിരിക്കുമെന്നത് ആശ്വാസകരമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT